സമ്മിശ്രകൃഷിയില്‍ താരമായി ഉണ്ണികൃഷ്ണന്‍. അടൂര്‍ കടമ്പനാട് തെക്ക് നിലക്കല്‍ ഉണ്ണികൃഷ്ണവിലാസത്തില്‍ കെ.ആര്‍. ഉണ്ണികൃഷ്ണനാണ് പരമ്പരാഗത കൃഷിരീതികള്‍ തുടരുന്നത്. പാരമ്പര്യ കര്‍ഷക കുടുംബമാണ് ഇദ്ദേഹത്തിന്റേത്. ഓര്‍മയുള്ള നാള്‍ മുതല്‍ വീട്ടിലെയും നാട്ടിലെയും കൃഷി കണ്ടാണ് ഉണ്ണി വളര്‍ന്നത്. പിതാവായ രാഘവന്‍ കാട്ടിക്കൊടുത്ത പാതയിലൂടെ 55ാം വയസ് പിന്നിട്ടും ഉണ്ണികൃഷ്ണന്‍ കൃഷിയിലൂടെ ജീവിത വരുമാനമാര്‍ഗം കണ്ടെത്തുന്നു.
ഓണ്‍ലൈന്‍ വിപണിയും ഇദ്ദേഹത്തിനുണ്ട്. വെറ്റില, കിഴങ്ങുവര്‍ഗങ്ങള്‍ തുടങ്ങിയവയായിരുന്നു പിതാവിന്റെ കൃഷികള്‍. സ്വന്തമായുള്ള 85 സെന്റില്‍ കരകൃഷിയും പാട്ടത്തിനെടുത്ത ഒരേക്കറില്‍ സമ്മിശ്ര കൃഷികളുമാണ് ഉണ്ണികൃഷ്ണന്‍ ചെയ്യുന്നത്. കപ്പ (മരച്ചീനി), ചേന, ചേമ്പ്, കാച്ചില്‍, വാഴ, പാവല്‍, പടവലം, വഴുതന, നിത്യവഴുതന, പച്ചമുളക്, മറ്റു പച്ചക്കറികള്‍, കപ്പലണ്ടി തുടങ്ങിയവയും മത്സ്യകൃഷിയും ഇദ്ദേഹത്ത്ിനുണ്ട്. ഏത്തന്‍, പൂവന്‍, ഞാലിപൂവന്‍, ചാമ്പപൂവന്‍, റോബസ്റ്റ, കദളി, കപ്പവാഴ, പാളയംകോടന്‍ തുടങ്ങി വിഭിന്നങ്ങളായ വാഴകളാണ് കൃഷിതോട്ടത്തിലുള്ളത്.
കൃഷിഭവന്‍, വി.എഫ്.പി.സികെ, പന്നിവിഴ സര്‍വീസ് സഹകരണ ബാങ്ക് അഗ്രോ ഷോപ്പ് എന്നിവിടങ്ങളില്‍ നിന്ന് ലഭിക്കുന്ന പച്ചക്കറി വിത്തുകളും ജൈവവളവുമാണ് കൃഷിക്ക് ഉപയോഗിക്കുന്നത്. സ്വന്തമായി തയാറാക്കിയ മണ്ണിര കമ്പോസ്റ്റും ചാണകപ്പൊടി, എല്ലുപൊടി, വേപ്പിന്‍പിണ്ണാക്ക്, മരോട്ടി പിണ്ണാക്ക്, കടലപിണ്ണാക്ക് എന്നിവയുടെ മിശ്രിതമാണ് വളം. കാന്താരി, വേപ്പെണ്ണ, ഇണ്ടി, വെളുത്തുള്ളി എന്നിവ പേസ്റ്റ് ആക്കി ഒന്നര ലിറ്റര്‍ വെള്ളത്തില്‍ അരിച്ചെടുത്താണ് കീടനാശിനി തയാറാക്കുന്നത്. കായീച്ചക്കെണിയും തുളസിക്കെണിയും കൃഷിയിടത്തിലുണ്ട്.
വിളവെടുക്കാറാകുമ്പോള്‍ ഫേസ്ബുക്ക്, വാട്‌സ്ആപ്പ് എന്നിവയില്‍ വില്‍ക്കാനുണ്ട് എന്ന പേരില്‍ അറിയിപ്പ് നല്‍കും. ആവശ്യക്കാര്‍ വരുമ്പോള്‍ കൃഷിയിടത്തില്‍ നിന്നു തന്നെ പച്ചക്കറികളും മറ്റും പറിച്ചുകൊടുക്കുകയാണ് ഇദ്ദേഹത്തിന്റെ രീതി. സുഹൃത്തുക്കളും സ്ഥിരം ഉപഭോക്താക്കളും വിളകള്‍ വാങ്ങാന്‍ എത്തും. വീട്ടുമുറ്റത്തെ പടുതകുളത്തില്‍ ആസാം വാളയാണ് വളരുന്നത്. ഷിഷറീസ് വകുപ്പിന്റെ ധനസഹായത്തോടെയാണ് മത്സ്യകൃഷി. 1000 മീന്‍ കുഞ്ഞുങ്ങളെയാണ് നിക്ഷേപിച്ചത്. ഒമ്പത് മാസമാകുമ്പോള്‍ വിളവെടുക്കും.
ഒരു മീനിന് അര-ഒരു കിലോ തൂക്കം കാണും. പെല്ലറ്റ്, ഓമയില (പപ്പായഇല), ചേമ്പില , മുരിങ്ങയില എന്നിവയാണ് ഇവക്ക് ആഹാരമായി നല്‍കുന്നത്. വയലിലെ പ്രകൃതിദത്ത കുളത്തില്‍ 'അനാബസും' കൃഷിയിടത്തിലെ ചാലുകളില്‍ 'സൈപ്രന്നസും' വളരുന്നു. കൃഷി മാത്രമാണ് ഇദ്ദേഹത്തിന്റെയും കുടുംബത്തിന്റുയം വരുമാനമാര്‍ഗം. ഭാര്യ സിന്ധുവും ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് കോഴ്‌സ് കഴിഞ്ഞ് ഫലം കാത്തിരിക്കുന്ന ഏക മകന്‍ അഭിനവും ഉണ്ണികൃഷ്ണനെ കൃഷിയില്‍ സഹായിക്കുന്നു. ആത്മ സംതൃപ്തിയാണ് കൃഷിയിലൂടെ പ്രധാനമായും ലഭിക്കുന്നതെന്ന് ഉണ്ണികൃഷ്ണന്‍ 'മാധ്യമ'ത്തോടു പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.