ഇടുക്കി: കൊടുംവരൾച്ചയും പിന്നീടുവന്ന കാലവർഷവും ഏലം കർഷകരിൽ ഏൽപിച്ച ‘മുറിവ്’ ഉണങ്ങിയിട്ടില്ല. വലിയതോതിൽ സ്റ്റോക്ക് ചെയ്യാനാകാത്ത സ്ഥിതിയിൽ കർഷകർക്ക് പ്രയോജനം കാര്യമായി കിട്ടില്ലെങ്കിലും വിലയിലെ ഇപ്പോഴത്തെ നേരിയ വർധന പ്രതീക്ഷ നൽകുന്നു. ഒരാഴ്ചക്കിടെ 100 രൂപയുടെ വർധനയുണ്ടായി. ഹൈറേഞ്ചിലെ കമ്പോളത്തിൽ 2300-2450 വരെ വില ലഭിക്കുന്നുണ്ട്.
തിങ്കളാഴ്ച രാവിലെ നടന്ന ശാന്തൻപാറ സി.പി.എ ഏജൻസിയുടെ ഇ-ലേലത്തിൽ ഉയർന്ന വില 2590ഉം ശരാശരി 2336.87 രൂപയുമാണ്. 119 ലോട്ടുകളിലായി പതിഞ്ഞ 26,048 കിലോ ഏലക്കയിൽ 25,790 കിലോയും വിറ്റുപോയി. ഉച്ചകഴിഞ്ഞ് നടന്ന നെടുങ്കണ്ടം ഹെഡർ സിസ്റ്റംസിന്റെ ലേലത്തിൽ ഉയർന്ന വില 4000ഉം ശരാശരി 2393.36ഉം ആണ്. 162 ലോട്ടുകളിലായി വിൽപനക്കെത്തിയ 38,288 കിലോ ഏലക്കയിൽ 37,388 കിലോയും വിറ്റു. ഏപ്രിൽ അവസാനത്തോടെ 2000 കടന്ന വില പിന്നീട് താഴേക്ക് പോയിട്ടില്ല. സ്പൈസസ് ബോർഡിന്റെ ഇ-ലേലത്തിൽ 2459 രൂപ വരെ ശരാശരി വില ഉയർന്നു. വരൾച്ചയെ തുടർന്നുണ്ടായ വൻകൃഷിനാശം ഉൽപാദനം ഗണ്യമായി കുറച്ചതാണ് കർഷകർക്ക് പ്രയോജനപ്പെടാത്ത സ്ഥിതിക്ക് മുഖ്യകാരണം.
വരൾച്ചയിൽ മാത്രം ജില്ലയിലെ 60 ശതമാനത്തേളം ഏലച്ചെടികൾ നശിച്ചിരുന്നു. 16,220 ഹെക്ടർ സ്ഥലത്താണ് കൃഷിനാശമുണ്ടായത്. ഏലം മേഖലയിൽ 100 കോടിയിലേറെ നഷ്ടമുണ്ടായി. പിന്നീട് തോട്ടങ്ങളിലും പുരയിടങ്ങളിലും പുനഃകൃഷിയുടെ നാളുകളായിരുന്നു. ചെടിയുടെ ശരത്തിൽ കായപിടിത്തം നന്നേ കുറഞ്ഞിട്ടുണ്ട്. നിലവിലുള്ള കാലാവസ്ഥ കൂടുതൽ ചിമ്പുകൾ ഉണ്ടാകാൻ അനുകൂലമാണെങ്കിലും പകൽച്ചൂടും തുടർന്ന് അന്തരീക്ഷ ഊഷ്മാവ് വർധിക്കുന്നതും വെല്ലുവിളിയാണ്. ഇത് ഉൽപാദനം കുറയാൻ കാരണമാകും. ഒച്ച് ശല്യത്തിനും കുറവില്ല. ഇടവിട്ട് മഴ പെയ്യുന്നതിനാൽ ഊരൻ, ഫിസേറിയം, കൊത്തഴുകൽ തുടങ്ങിയ രോഗ, കീടബാധകളും ചെടികളെ ബാധിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.