തിരുവനന്തപുരം: പഴം, പച്ചക്കറി ഉൽപാദനത്തിൽ ഗണ്യമായ വർധനയും കാർഷിക മേഖലയിൽ സ്വയംപര്യാപ്തതയും ലക്ഷ്യമിട്ട് 50,000 ഹെക്ടർ തരിശ് കൃഷിഭൂമിയിൽ കൃഷിയിറക്കാൻ പുതിയ സംരംഭവുമായി കൃഷി വകുപ്പ്. ഇതിലൂടെ സംസ്ഥാനത്തെ പച്ചക്കറി ഉൽപാദനം 30 ലക്ഷം മെട്രിക് ടണ്ണിലേക്കും പഴവർഗങ്ങളുടെ ഉൽപാദനം 45 ലക്ഷം ടണ്ണിലേക്കും ഉയർത്താനാവും.
പദ്ധതിയിലൂടെ കര്‍ഷകരുടെ വരുമാനം 3000 കോടിയോളം വർധിക്കുകയും 25 ലക്ഷത്തോളം തൊഴിൽദിനങ്ങൾ സൃഷ്ടിക്കപ്പെടുകയും ചെയ്യുമെന്നാണ് പ്രതീക്ഷ. കേരളം നേരിടുന്ന ഏറ്റവും പ്രധാന പ്രശ്നമാണ് കൃഷിഭൂമിയുടെ കുറവ്. കാർഷിക മേഖലയിലേക്കിറങ്ങാൻ ഉദ്ദേശിക്കുന്ന യുവാക്കൾക്ക് കൃഷി ചെയ്യാൻ ആവശ്യമായ ഭൂമി ലഭ്യമാകുന്നില്ല. എന്നാൽ വിവിധ സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും കൈവശം ധാരാളം കൃഷിയോഗ്യമായ ഭൂമി തരിശായി കിടക്കുന്നുണ്ട്.
കേരളത്തിലെ മൊത്തം കൃഷി ഭൂമിയിൽ ഏകദേശം 1,03,334 ഹെക്ടർ ഭൂമി തരിശായി കിടക്കുന്നതായാണ് കണ്ടെത്തൽ. ഇത് ഭൂ ഉടമകൾക്കും കർഷകർക്കും ഒരുപോലെ പ്രയോജനപ്പെടുന്ന രീതിയിൽ ഏറ്റെടുത്ത് കൃഷി ചെയ്യിക്കാനാണ് പദ്ധതി. ഇതിന് ‘നവോത്ഥാൻ പദ്ധതിയും ക്രോപ് കൾട്ടിവേറ്റേഴ്സ് കാർഡും നടപ്പാക്കും. ക്രോപ് കൾട്ടിവേറ്റേഴ്സ് കാർഡ് അടുത്ത നിയമസഭ സമ്മേളനത്തിൽ നിയമമാക്കും.
തരിശുഭൂമികളും ഇടവിള കൃഷിക്ക് ഉപയോഗിക്കാവുന്ന പ്രദേശങ്ങളും ഘട്ടംഘട്ടമായി ഏറ്റെടുത്ത് ആധുനിക കൃഷിരീതികൾ ഉപയോഗിച്ച് ഉൽപാദനവും കാർഷിക വരുമാനവും വർധിപ്പിക്കും. തരിശുനിലങ്ങൾ ചെറുകിട-വാണിജ്യ കര്‍ഷകര്‍, കർഷകസംഘങ്ങൾ, ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷൻ (എഫ്.പി.ഒ), കൃഷിക്കൂട്ടങ്ങൾ എന്നിവർക്കായി ലഭ്യമാക്കും.
ഭൂമി ഏറ്റെടുക്കൽ 23 വർഷത്തേക്ക്
ഭൂവുടമകൾ കരാർ അടിസ്ഥാനത്തിലായിരിക്കും കൃഷിക്ക് ഭൂമി വിട്ടുകൊടുക്കുക. നിയമപ്രകാരം പാട്ടക്കൃഷി അനുവദനീയമല്ലാത്തതിനാൽ, ഇതിന് സർക്കാർ സേവനതല കരാറിന് അംഗീകാരം നൽകിയിട്ടുണ്ട്. ഇതിലൂടെ ഭൂമിയുടെ ഉടമസ്ഥാവകാശം കൈമാറ്റം ചെയ്യാതെ തന്നെ കൃഷിയ്ക്കായി വട്ടുനൽകാനാകും. 23 കൊല്ലത്തേക്കാണ് കരാർ. ഭൂവുടമകൾക്ക് ഇതുവഴി സ്ഥിര വരുമാനവും ലഭിക്കും.
സന്നദ്ധരായി 22 ഭൂ ഉടമകൾ
പദ്ധതിയിൽ പങ്കാളികളാകാൻ ഇതുവരെ 22 ഭൂവുടമകൾ മുന്നോട്ടുവന്നു. 1142 ഏക്കർ ഇടവിളകൃഷി ഉൾപ്പെടെ ആകെ 1600 ഏക്കർ കൃഷിയോഗ്യമായ ഭൂമിക്കായി താൽപര്യപത്രം സമർപ്പിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, കോട്ടയം, ആലപ്പുഴ, എറണാകുളം, ഇടുക്കി, വയനാട്, തൃശൂർ, പാലക്കാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നിന്നുള്ളവർ ഭൂമി നൽകാൻ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. 149 കര്‍ഷകര്‍ താൽപര്യപത്രം സമർപ്പിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.