വലിയ മുതൽമുടക്കോ അധ്വാനമോ ഇല്ലാതെ കർഷകന് നല്ല ലാഭം നൽകുന്നതാണ് എള്ളുകൃഷി. കൊയ്ത്തുകഴിഞ്ഞ പാടത്ത് ഇടവിളയായി എള്ളുകൃഷി നടത്തുന്നവരാണധികവും. പാലക്കാട്, ആലപ്പുഴ, കൊല്ലം ജില്ലകളിൽ വ്യാപകമായി എള്ളുകൃഷി നടത്തിവരുന്നുണ്ട്. ‘സെസാമം ഇൻഡിക്ക’ എന്നതാണ് എള്ളിന്റെ ശാസ്ത്രീയ നാമം.
എള്ളിന്റെ വിത്തിൽ 50 ശതമാനത്തോളം എണ്ണയുണ്ട്. ആന്റി ഓക്സിഡന്റുകളാലും മാംസ്യം, കാൽസ്യം, ഫോസ്ഫറസ്, ജീവകം എന്നിവയാലും സമൃദ്ധമാണ് എള്ള്. രണ്ടുമീറ്റർ പൊക്കമാണ് ചെടിക്കുണ്ടാകുക. അടിഭാഗത്തെ ഇലകൾ വലുതും അരികുകൾ ചെമ്പരത്തി ഇല പോലെയുമായിരിക്കും. ചെടിയുടെ മുകൾഭാഗത്ത് മങ്ങിയ പച്ച നിറമുള്ള ഇലകൾ ചെറുതായി കാണപ്പെടും. നാല് കോണോടുകൂടിയ പയറിന്റെ ആകൃതിയിലാണ് വിത്തുകൾ. കറുപ്പ്, വെളുപ്പ്, ചാരനിറങ്ങളിൽ വിത്തുകൾ കാണപ്പെടും
കരപ്പാടം കൃഷിക്ക് 100 മുതൽ 110 ദിവസംവരെ മൂപ്പുള്ള ഇനങ്ങളും താഴ്ന്ന നിലങ്ങളിൽ 80-90 ദിവസം മൂപ്പുള്ള ഇനങ്ങളും ഉപയോഗിക്കാം. കാരെള്ള്, വട്ടെള്ള്, പനിക്കുടപ്പൻ, കുട്ടനാടൻ, വെള്ളെള്ള്, വലിയ എള്ള്, ചെറിയെള്ള് തുടങ്ങിയവയാണ് എള്ളിലെ നാടൻ ഇനങ്ങൾ. കൂടാതെ കായംകുളം 1, കായംകുളം 2 (തിലോത്തമ), സോമ (എ.സി.വി 1), സൂര്യ (എ.സി.വി 2), തിലക് (എ.സി.വി 3), തിലതാര, ഒ.എം.ടി1165, തിലറാണി തുടങ്ങിയവയാണ് പ്രധാന വിത്തിനങ്ങൾ. ഓണാട്ടുകര ഭാഗത്തെ താഴ്ന്ന പ്രദേശങ്ങൾക്ക് യോജിച്ചവയാണ് കായംകുളം 1, കായംകുളം 2, എ.സി.വി 1 എന്നിവ. എ.സി.വി 2, തിലക് ഉയർന്ന പ്രദേശങ്ങളിൽ കൃഷിചെയ്യാം.
താഴ്ന്ന നിലങ്ങളിൽ ഡിസംബർ-ഏപ്രിൽ മാസങ്ങളിൽ മൂന്നാംവിളയായി കൃഷി ചെയ്യാം. കരപ്പാടങ്ങളിൽ ആഗസ്റ്റ് -സെപ്റ്റംബർ മാസങ്ങളാണ് അനുയോജ്യം. ഹെക്ടർ ഒന്നിന് 4-5 കിലോഗ്രാം വിത്ത് രണ്ടോ മൂന്നോ ഇരട്ടി മണലുമായി കലർത്തി ഒരേപോലെ വീഴത്തക്കവിധം വിതക്കണം. ചെറിയ വിത്തായതിനാൽ നിലം നല്ലപോലെ ഉഴുത് നിലം പരുവപ്പെടുത്തിയതിനുശേഷം വേണം കൃഷിയിറക്കാൻ. അടിവളമായി ചാണകമോ കമ്പോസ്റ്റോ ഹെക്ടറിന് അഞ്ച് ടൺ എന്ന അളവിൽ ചേർക്കുന്നത് നന്നാകും. വിത്തുവിതച്ച് 15 ദിവസത്തിനുശേഷവും 25-35 ദിവസത്തിനുശേഷവും കളയെടുക്കണം. ചെടിക്ക് 15 സെ.മീ ഉയരമാകുമ്പോൾ ചെടികൾ തമ്മിൽ 15 - 25 സെ.മീ അകലം വരത്തക്കവിധം കൂടുതലുള്ള ചെടികൾ പറിച്ചുമാറ്റണം.
ഒരു ഹെക്ടറിന് 30:15:30 കിലോഗ്രാം എന്ന ക്രമത്തിൽ നൈട്രജൻ, ഫോസ്ഫറസ്, പൊട്ടാസ്യം എന്നിവയാണ് എള്ളിന് നൽകേണ്ട വളം. ഒരു സെന്റിലേക്ക് 260 ഗ്രാം യൂറിയ, 333ഗ്രാം മസൂരിഫോസ്, 200 ഗ്രാം പൊട്ടാഷ് എന്നീ നേർവളങ്ങളും നൽകാം. മുഴുവൻ ഫോസ്ഫറസും പൊട്ടാഷും 195ഗ്രാം യൂറിയയും നടുന്ന സമയത്ത് നൽകണം. വിതച്ച് 20-35 ദിവസത്തിനുശേഷം ബാക്കിയുള്ള യൂറിയ ഇലകളിൽ തളിച്ച് നൽകണം. ഇതിന് മൂന്നുശതമാനം വീര്യമുള്ള യൂറിയ ലായനി ഉപയോഗിക്കാം. ഒരു സെന്റിലേക്ക് 65ഗ്രാം യൂറിയ വേണ്ടിവരും. അമ്ലഗുണമുള്ള മണ്ണിൽ വളങ്ങൾ നൽകുന്നതിന് രണ്ടാഴ്ച മുമ്പ് 1-3 കിലോ കുമ്മായമോ ഡോളോമൈറ്റോ ചേർക്കുക. സെന്റിന് 20 കിലോ എന്ന തോതിൽ കാലിവളം/കമ്പോസ്റ്റ് എന്നിവ അവസാനത്തെ അടിവളമായും രാസവളങ്ങൾ മണ്ണിൽ ഈർപ്പമുള്ളപ്പോഴും ചേർക്കണം.
മഴയെ ആശ്രയിച്ചുള്ളതാണ് എള്ളുകൃഷി. എന്നാൽ, ജലസേചന സൗകര്യമുണ്ടെങ്കിൽ നനച്ചും എള്ളുകൃഷി ചെയ്യാം. കൂടുതലുള്ള ചെടികൾ പറിച്ചുമാറ്റിയതിന് ശേഷമാകണം ആദ്യത്തെ നന. പിന്നീട് 15-20 ദിവസം ഇടവിട്ട് നനച്ചുനൽകാം. കായ്കൾ മൂത്തു തുടങ്ങിയാൽ പിന്നീട് നനക്കരുത്. രണ്ടുതവണ നനക്കാൻ കഴിയുമെങ്കിൽ അത് വളർച്ചയുടെ ഘട്ടത്തിലും പൂക്കുമ്പോഴും നനക്കണം. ഒരു നനയാണ് നൽകുന്നതെങ്കിൽ പൂക്കുന്ന സമയത്ത് നൽകണം.
കായ്കൾ മഞ്ഞനിറമാകുമ്പോൾ ചെടികൾ പിഴുതെടുക്കണം. വേരുകൾ മുറിച്ചുമാറ്റിയശേഷം വലിയ കെട്ടുകളാക്കി മൂന്നോ നാലോ ദിവസം വെക്കുക. ഇലകൾ വാടി കൊഴിഞ്ഞുകഴിയുമ്പോൾ വെയിലത്ത് നിരത്തി വടി കൊണ്ടടിച്ച് കായ്കൾ പൊട്ടിച്ചെടുക്കാം. മൂന്നുദിവസം ഇങ്ങനെ ചെടിയിൽ നിന്ന് വിത്തെടുക്കാം. ആദ്യത്തെ ദിവസം എടുക്കുന്ന എള്ള് വിത്തിനായി ഉപയോഗിക്കാം. പോളിത്തീൻ കൂടുകളിലോ തകരപ്പാത്രങ്ങളിലോ മരപ്പാത്രങ്ങളിലോ മണൽപാത്രങ്ങളിലോ വിത്ത് സൂക്ഷിച്ചാൽ ഒരു വർഷംവരെ സൂക്ഷിക്കാനാകും. ചാരവുമായി വിത്ത് കലർത്താൻ പാടില്ല.
1. ഇലയും കായും തിന്ന് പുഴുക്കൾ
പുഴുക്കൾ അഗ്രഭാഗത്തുള്ള ഇലകൾ ചുരുട്ടുകയും അവക്കുള്ളിലിരുന്ന് ഇലകൾ തിന്ന് നശിപ്പിക്കുകയും ചെയ്യുന്നു. ആരംഭത്തിലുള്ള ആക്രമണം ആണെങ്കിൽ ചെടിയിൽ ഇലകളോ തണ്ടുകളോ ഉണ്ടാകില്ല. കീടബാധയേറ്റ സസ്യഭാഗത്തെ വളര്ച്ച മുരുടിക്കും. പൂവിടുന്ന സമയത്ത് പൂവിനകത്തിരുന്ന് അവയെ തുരന്ന് നശിപ്പിക്കുകയും കായ തുരക്കുകയും വളർന്നുവരുന്ന വിത്ത് നശിപ്പിക്കുകയും ചെയ്യുന്നു. ആക്രമണാരംഭത്തിൽ അഞ്ചുശതമാനം വീര്യത്തിൽ വേപ്പിൻകുരു സത്ത് തളിക്കുന്നതിലൂടെ പുഴുക്കളെ തുരത്താം.
2. ഗാളീച്ച
പൂമൊട്ടുകൾക്കുള്ളിലിരുന്ന് തിന്നുനശിപ്പിക്കും. പൂവുകളും കായ്കളും മുഴ പോലെ വീർക്കുകയും വളർച്ച മുരടിക്കുകയും ചെയ്യുന്നു. പൂക്കൾ കൊഴിയുകയും ചെയ്യും. ആക്രമണാരംഭത്തിൽ അഞ്ചുശതമാനം വീര്യത്തിൽ വേപ്പിൻകുരു സത്ത് തളിക്കുന്നതാണ് പ്രതിരോധിക്കാൻ ഉത്തമം.
3. ഇലച്ചാഴി
ഇലകളുടെ അഗ്രഭാഗം ചുരുളുകയും അവ ചുവന്ന നിറത്തിൽ ആവുകയും ചെയ്യും. ഇലകൾ ഉണങ്ങി കൊഴിഞ്ഞുവീഴുകയും ഇവ ഫില്ലോഡി രോഗത്തിന് കാരണമാകുന്ന വൈറസുകളെ പരത്തുകയും ചെയ്യും. വേപ്പെണ്ണ എമൽഷൻ തളിക്കുന്നതാണ് ഇലച്ചാഴിയെ പ്രതിരോധിക്കാനുള്ള മാർഗം.
4. സെർക്കോസ്പോറ ഇലപ്പുള്ളി രോഗം
ഈ രോഗം ബാധിച്ചാൽ ഇലകളിൽ ചാര നിറത്തിൽ ഇരുണ്ട അരികുകളോട് കൂടി ചെറിയ പുള്ളികൾ പ്രത്യക്ഷപ്പെടും. രോഗം മൂർച്ഛിക്കുമ്പോൾ ഇലകൾ പൊഴിയും. ഒരു ശതമാനം ബോർഡോ മിശ്രിതം തളിക്കുകയെന്നതാണ് പ്രതിരോധ മാർഗം.
5. ഫില്ലോഡി
രോഗം ബാധിച്ച ചെടികളിൽ വികലമായ പൂക്കൾ ഉണ്ടാകുകയും ചില പൂക്കൾ വീതികുറഞ്ഞ് ഇലകൾ പോലെയാവുകയും ചെയ്യും. രോഗം രൂക്ഷമാകുന്നതോടെ മുട്ടുകൾ തമ്മിലുള്ള അകലം കുറയും. ഇത്തരം ചെടികളിൽ വിളവ് വളരെ കുറവായിരിക്കും. ഫില്ലോഡി രോഗം ബാധിച്ച ചെടികൾ പിഴുതുമാറ്റി നശിപ്പിക്കണം. ഈ ചെടികളിൽനിന്ന് വിത്തെടുക്കാൻ പാടില്ല. രോഗം പരത്തുന്ന പ്രാണികളെ നശിപ്പിക്കുകയും ചെയ്യണം.
കേരളത്തിൽ ഏറ്റവും പേരുകേട്ട എള്ളാണ് ഓണാട്ടുകര എള്ള്. ഓണാട്ടുകരയുടെ നാണ്യവിളയെന്ന് വിളിക്കുന്ന ഓണാട്ടുകര എള്ളിന് ഭൗമസൂചികാ പദവി ലഭിച്ചിരുന്നു. ഓണാട്ടുകരയുടെ എള്ളും എള്ളെണ്ണയും ഗുണമേന്മക്ക് പ്രസിദ്ധമാണ്. മറ്റു എള്ളിനെ അപേക്ഷിച്ച് കൂടുതൽ എണ്ണ ലഭിക്കുമെന്നതാണ് പ്രധാന പ്രത്യേകത.
ഓണാട്ടുകര മേഖല കാർഷിക ഗവേഷണ കേന്ദ്രത്തിൽനിന്ന് പുറത്തിറക്കിയ കായംകുളം ഒന്ന്, തിലക്, തിലതാര, തിലറാണി എന്നീ ഇനങ്ങളാണ് ഇവിടെ കൂടുതലായും കൃഷിചെയ്യുന്നത്. ഓണാട്ടുകര എള്ളിന് ഔഷധഗുണം കൂടുതലാണെന്ന് പഠനങ്ങൾ തെളിയിച്ചതായും പറയുന്നു. ആയുർവേദ മരുന്നുകൾക്കും മറ്റും ധാരാളമായി ഇവ ഉപയോഗിച്ചുപോരുന്നു.
(വിവരങ്ങൾക്ക് അവലംബം: കാർഷിക വികസന കർഷക ക്ഷേമ വകുപ്പ്)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.