വെള്ളറട (തിരുവനന്തപുരം): ഗ്രാമീണ മേഖലകളില്‍ കര്‍ഷകര്‍ മരച്ചീനി കൃഷി ഉപേക്ഷിക്കുന്നു. മരച്ചീനിയുടെ ഉപയോഗവും ആവശ്യക്കാരും കുറഞ്ഞതോടെയാണ് കര്‍ഷകര്‍ നഷ്ടം കാരണം മരച്ചീനി കൃഷി ഉപേക്ഷിക്കുന്നത്. ഒരേക്കറില്‍ മരച്ചീനി കൃഷി ചെയ്താൽ അത് മൊത്തത്തില്‍ ഏറ്റെടുക്കാന്‍ ആളില്ലാത്തതാണ് കര്‍ഷകരുടെ ഈ ദുര്‍വിധിക്ക് കാരണം.
മരച്ചീനിയുടെ മൂന്ന്, ആറ് എന്നീ മാസങ്ങളിൽ വിളവെടുക്കാന്‍ കഴിയുന്ന ഇനങ്ങളുണ്ട്. ഇവ ഒരു മാസം വരെ പിഴുത് എടുക്കാനുള്ള കാലാവധി ഉള്ളതിനാല്‍ വന്‍ നഷ്ടം വരാതെ കര്‍ഷകര്‍ ഒരു വിധം പിടിച്ചുനിൽക്കുന്നു. മരച്ചീനി കൃഷിക്കായി ഒരു ലക്ഷം രൂപ ചിലവഴിക്കുന്നവര്‍ക്ക് അമ്പതിനായിരം രൂപയ്ക്ക് മരച്ചീനി വില്‍ക്കേണ്ട ദുര്‍വിധിയിലാണ് ഇപ്പോള്‍.
മരച്ചീനി കൊണ്ട് കുടില്‍ വ്യവസായങ്ങള്‍ ഉണ്ടായിരുന്നത് പലയിടത്തും കാലഹരണപ്പെട്ടതയോടെയും മരച്ചീനി ആഹാരം ചില രോഗങ്ങള്‍ക്ക് പ്രതികൂലമായി ബാധിക്കുന്നുവെന്ന പ്രചാരണവും മരച്ചീനി ഉപയോഗം വളരെയധികം കുറയാന്‍ കാരണമായി. മൊത്തമായി മരച്ചീനി ഏറ്റെടുക്കാന്‍ വ്യാപാരികള്‍ ഇല്ലാത്തതിനാല്‍ സ്വന്തമായി കൃഷിയിടം ഉള്ളവര്‍ ഒരു ദിവസം കൃഷിയിടത്തില്‍ നിന്നും മരച്ചീനി പിഴുത് മാര്‍ക്കറ്റില്‍ എത്തിച്ച് കച്ചവടം ചെയ്താലും ഏകദേശം 700 -800 രൂപയിലധികം വില്‍ക്കാന്‍ കഴിയുന്നില്ല. രണ്ടുപേര്‍ പണിയെടുക്കുമ്പോള്‍ ഒരാളുടെ വേതനം പോലും വിളവിൽ നിന്ന് ലഭിക്കാതെയാകുന്നതും കൃഷിയെ പ്രതികൂലമായി ബാധിക്കുന്നു.
മരച്ചീനി കൃഷിക്ക് കിഴങ്ങ് ഗവേഷണ കേന്ദ്രം പലരീതിയിലും പ്രോത്സാഹനം നല്‍കുന്നുണ്ടെങ്കിലും വിപണി പാടെ തകര്‍ന്നതിനാല്‍ കൃഷിയുമായി മുന്നോട്ടു പോകാന്‍ കര്‍ഷകര്‍ മടിക്കുകയാണ്. ഗ്രാമീണ മേഖലകളില്‍ പ്രധാനമായും കണ്ടുവരുന്നതും 70 വര്‍ഷത്തിലേറെ കൃഷി പാരമ്പര്യമുള്ളതുമായ മരച്ചീനിയിനത്തില്‍ പ്രധാനപ്പെട്ടതാണ് കലിയന്‍ മരച്ചീനി. കൂടാതെ വെള്ളപ്പിരിയന്‍, സുന്ദരി വെള്ള, കാലന്‍, കരിയിലയാടി,ചിത്തിരക്കാലി, ചുണ്ട് ചുവപ്പന്‍, മാംകുഴന്തന്‍, കരിയില മുട്ടന്‍, നൂറു മുട്ടന്‍, കാച്ചില്ല് മുട്ടൻ, മഞ്ഞകാച്ചിലി മുട്ടന്‍, പാലക്കാടന്‍ എന്നിവയാണ് മറ്റ ഇനങ്ങൾ. ഈ മരച്ചീനികള്‍ക്ക് എട്ടും ഒമ്പതും മാസങ്ങള്‍ വിളവിനു വേണ്ടിവരും.
ആനമറവന്‍ എന്ന മരച്ചീനിയാണ് വെട്ടി ഉണക്ക മരച്ചീനിക്കായി ഉപയോഗിക്കുന്നത്. ഏത് കാലാവസ്ഥയിലും തുടങ്ങാനും വിളവെടുക്കാനും കഴിയുന്ന കൃഷിയാണ് മരച്ചീനി കൃഷി. വിളവെടുപ്പിന് കൂടുതല്‍ വളപ്രയോഗം ആവശ്യമില്ല. കൂടുതല്‍ വിളവ് കിട്ടാന്‍ എല്ലുപൊടിയും മറ്റ് ജൈവവളങ്ങളും ചേര്‍ത്ത് ഗ്രാമീണമേഖലയിലെ കൃഷിക്കാര്‍ ഉപയോഗിച്ചുവരുന്നു. മിതമായ മഴയിലും മരച്ചീനി കൃഷി നടത്താവുന്നതാണ്.
ചിപ്‌സ്, ചൗവ്വരി, ബേബി ഫുഡ്, നൂഡില്‍സ്, ബ്രഡ് മുതലായവ നിർമിക്കാനും പപ്പടത്തിന് പുറംമാവായും മരച്ചീനി ഉപയോഗിക്കാറുണ്ട്. ഇന്ത്യയില്‍ മരച്ചീനി കൃഷിക്ക് മൂന്നു നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ബ്രസീലില്‍നിന്നും പതിനേഴാം നൂറ്റാണ്ടില്‍ പോര്‍ച്ചുഗീസുകാരാണ് ഇന്ത്യയില്‍ മരച്ചീനി കൃഷി രീതി ആരംഭിച്ചത്. കേരളത്തില്‍ കൃഷി ചെയ്തുവരുന്ന കിഴങ്ങുവിളകളില്‍ സ്ഥലവിസ്തൃതിയിലും ഉത്പാദനത്തിലും കൃഷിക്ക് അനുയോജ്യമായ മണ്ണുമായതിനാല്‍ മരച്ചീനി കൃഷിയുടെ ദേശീയ ഉത്പാദനത്തില്‍ 54 ശതമാനവും കേരളത്തിന്റെ സംഭാവനയാണ്.
മലബാറിലാണ് പോര്‍ച്ചുഗീസുകാരുടെ മേല്‍നോട്ടത്തില്‍ മരച്ചീനികൃഷി ആരംഭിച്ചത്. ഭക്ഷ്യവിഭവമെന്ന നിലയില്‍ മരച്ചീനിയുടെ സാധ്യത മനസ്സിലാക്കിയ അന്നത്തെ നാട്ടുരാജാവായ വിശാഖം തിരുനാള്‍ മഹാരാജാവാണ് തിരുവിതാംകൂര്‍ പ്രദേശത്ത് മരച്ചീനി കൃഷി ജനകീയമാക്കിയത്. രണ്ടാം ലോകമഹായുദ്ധനാളുകളിലെ ക്ഷാമകാലത്ത് ബര്‍മ്മയില്‍ നിന്നും അരി ഇറക്കുമതി നിലച്ചപ്പോള്‍ തിരുവിതാംകൂറില്‍ പ്രധാനഭക്ഷ്യവിഭവം മരച്ചീനിയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.