ഇലയും തണ്ടും കിഴങ്ങും, ചേമ്പിന് ഗുണ​ങ്ങളേറെ

കേരളത്തിൽ വ്യാപകമായി കൃഷിചെയ്തുവരുന്ന വിളയാണ് ചേമ്പ്. നല്ല സൂര്യപ്രകാശം ആവശ്യമില്ലാത്തതിനാൽ തെങ്ങിൻതോട്ടത്തിലും മറ്റും ഇടവിളയായാണ് ചേമ്പ് സാധാരണ നടുക. കിഴങ്ങ് മാത്രമല്ല, ഇലയും തണ്ടും ഭക്ഷ്യാവശ്യത്തിനായി ഉപയോഗിക്കും.

ആന്റി ഓക്സിഡന്റുകളാൽ സമൃദ്ധമാണ് ചേമ്പിന്റെ ഇല. ശ്രീരശ്മി, ശ്രീപല്ലവി, ശ്രീകിരൺ എന്നിവ അത്യുൽപാദന ശേഷിയുള്ള പുതിയ ഇനങ്ങളാണ്. താമരക്കണ്ണൻ എന്ന ഇനവും നല്ല വിളവ് തരും.

കിഴങ്ങുവർഗമായതിനാൽതന്നെ നന്നായി കിളച്ച് ഇളക്കിയ മണ്ണിൽ വേണം ചേമ്പ് വിത്ത് നടാൻ. കുഴിക്ക് 20 -25 സെന്റിമീറ്റർ ആഴമെടുക്കണം. അതിൽ 45 സെന്റിമീറ്റർ അകലത്തിൽ ​വിത്തുചേമ്പുകൾ നടാം. വെള്ളം കെട്ടിനിൽക്കുന്ന സ്ഥലമാണെങ്കിൽ വാരമെടുത്തും ചേമ്പ് നടാം.

തടങ്ങൾ തമ്മിൽ രണ്ടടി അകലമുണ്ടായിരിക്കണം. അടിവളമായി കാലിവളമോ ​കമ്പോസ്റ്റോ ചേർത്തുനൽകാം. കൂടാതെ ​മേൽമണ്ണും കൂടി ചേർത്ത് മണ്ണൊരുക്കാം.

നടുന്ന വിത്തിന് 25 -35 ഗ്രാം തൂക്കം ഉണ്ടാകണം. ഒരു ഹെക്ടര്‍ സ്ഥലത്ത് 1200 കി.ഗ്രാം (37,000 എണ്ണം) വിത്ത് നടാൻ കഴിയും. 80:25:100 കിലോഗ്രാം എന്‍:പി:കെ ഹെക്ടറൊന്നിന് എന്ന നിരക്കിലാണ് രാസവളങ്ങളുടെ തോത്. വിത്തുചേമ്പ് മുളപ്പ് ഒരാഴ്ചക്കുള്ളില്‍ മുഴുവന്‍ ഭാവഹവും (555 ഗ്രാം റോക്ക്ഫോസ്ഫേറ്റ്) പകുതി വീതം പാക്യ ജനകവും (347 ഗ്രാം യൂറിയ) പൊട്ടാഷും (334 ഗ്രാം പോടാഷ്) ഒരു സെന്റിന് എന്ന തോതില്‍ ചേര്‍ക്കുക. ആദ്യ വളപ്രയോഗം കഴിഞ്ഞ് ഒരു മാസത്തിനു ശേഷം ബാക്കി പകുതി പാക്യ ജനകവും (347 ഗ്രാം യൂറിയ) പൊട്ടാഷും (334 ഗ്രാം പോടാഷ്) ഒരു സെന്റിന് എന്ന തോതില്‍ ചേര്‍ക്കുക.

ചേമ്പിൻ തടത്തിൽ കളയെടുപ്പ്, ചെറുതായി മണ്ണിളക്കല്‍, മണ്ണ് ചുവട്ടില്‍ അടുപ്പിച്ചുകൊടുക്കല്‍ എന്നിവ 30 -45 ദിവസങ്ങളിലും 60 -75 ദിവസങ്ങളിലും ചെയ്യണം. വിളവെടുപ്പിന് ഒരു മാസം മുമ്പ് ഇലകള്‍ വെട്ടി ഒതുക്കുന്നത് കിഴങ്ങുകളുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്തും. നട്ടുകഴിഞ്ഞ് വാരങ്ങള്‍ പുതയിടുന്നത് ജലസംരക്ഷണത്തിനും കളനിയന്ത്രണത്തിനും സഹായിക്കും.

5 -6 മാസമാകുമ്പോള്‍ വിളവെടുക്കാന്‍ സമയമാകും. മണല്‍ വിരിച്ച തറയില്‍ നിരത്തിയിട്ട് കിഴങ്ങുകള്‍ അഴുകാതെ സൂക്ഷിക്കാം. ഇങ്ങനെ സൂക്ഷിക്കുന്ന വിത്തുകള്‍ നടാനായി ഉപയോഗിക്കുകയും ചെയ്യാം.

ചേമ്പിലെ ഇലതീനിപ്പുഴുക്കളെ നിയന്ത്രിക്കുന്നതിന് മാലത്തിയോണ്‍ ഉപയോഗിക്കാം. ബ്ലൈറ്റ് രോഗത്തിനെതിരെ സിനബ്, മാങ്കോസെബ്, കോപ്പര്‍ ഓക്സിക്ലോറൈഡ് എന്നിവയിലേതെങ്കിലും ഒരു കുമിള്‍നാശിനി രണ്ടു ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ കലക്കി (ഒരു കിലോഗ്രാം / ഹെക്ടര്‍) തളിച്ചുകൊടുക്കണം. 

Tags:    
News Summary - The leaves- stems and tubers have many benefits

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.