കുത്തഴിഞ്ഞ് കൃഷി ഓഫിസ്; കോടിക്കണക്കിന് രൂപയുടെ യന്ത്രോപകരണങ്ങൾ ഉപയോഗശൂന്യം

കോഴിക്കോട് : കൃഷി ഓഫിസിൽ കോടിക്കണക്കിന് രൂപയുടെ ഉപകരണങ്ങൾ പ്രവർത്തനക്ഷമമല്ലാതെ കിടക്കുന്നുവെന്ന് റിപ്പോർട്ട്. ആലപ്പുഴ കളർകോട് കൃഷി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ ഓഫിസിൽ കൃഷിവകുപ്പിന്‍റെ സ്പെഷൽ വിജിലൻസ് സെൽ നടത്തിയ പരിശോധനയിലാണ് ഇക്കാര്യങ്ങൾ കണ്ടെത്തിയത്.

 52 കാർഷികോപകരങ്ങൾ ഓഫിസിൽ സൂക്ഷിച്ചിരുന്നു. ഇതിൽ 14 കംപെയ്ൻ ഹാർവെസ്റ്ററുകളിൽ ഒരെണ്ണം മാത്രമാണ് കേടുപാടുകൾ തീർത്ത് ഉപയോഗിക്കാനാകുന്നത്. 17 ലക്ഷം മുതൽ 24 ലക്ഷം രൂപ വരെ വില വരുന്ന 13 മെഷീനുകളാണ് ലേലം ചെയ്യുന്നതിനായി മാറ്റിയത്. നാല് മെഷീനുകളുടെ വില രേഖപ്പെടുത്തിയിട്ടില്ല. ഒരു മെഷീന് ശരാശരി 20 ലക്ഷം രൂപ കണക്കാക്കിയാൽ 2.60 കോടി രൂപയുടെ മെഷീനുകളാണ് ലേലം ചെയ്യേണ്ടിവരുന്നത്. ഇതെല്ലാം 2014-2021 കാലയളവിൽ വാങ്ങിയതാണ്. ഇവയിൽ പലതും രണ്ട് വർഷത്തിൽ കൂടുതൽ ഉപയോഗിച്ചിട്ടില്ല.12 എണ്ണം ലേലം ചെയ്യുന്നതിനു നടപടികൾ തുടങ്ങി.

16 ട്രാക്ടറുകളിൽ 10 എണ്ണം മാത്രമാണ് പ്രവർത്തന ക്ഷമായിട്ടുള്ളത്. ഇതിൽ ആറെണ്ണം കേടുപാടുകൾ തീർത്ത് ഉപയോഗിക്കാവുന്നതാണ്. അതിൽ ചിലത് എൻജിൻ കേടായി മാറ്റിയിട്ടിരിക്കുന്നു. ഒരു ട്രാക്ടറിന്‍റെ വില പോലും രേഖകളിൽ എഴുതിയിട്ടില്ല. ട്രാക്ടറുകൾ മിക്കവാറും ഒരു വർഷം മുതൽ അഞ്ച് വർഷം വരെ ഉപയോഗിച്ചവയാണ്. 2011-12 കാലയളവിൽ വളരെ കുറഞ്ഞകാലമേ ഉപയോഗിച്ചിട്ടുള്ളു. ഇവയുടെ കേടുപാടുകൾ തീർത്ത് ഉപയോഗിക്കുന്നതിന് നടപടിയില്ല. മോഡൽ 295ഡി- നാലെണ്ണവും മോഡൽ കബോട്ട്-മൂന്നെണ്ണവും കുട്ടനാടൻ മേഖലയിൽ ഉപയോഗിക്കാൻ അനുയോജ്യമല്ലാത്തതിനാൽ ആവശ്യക്കാരില്ല.

17 പവർ ട്രില്ലറുകളിൽ രണ്ടെണ്ണമാണ് പ്രവർത്തന ക്ഷമം. ഇതിൽ രണ്ടെണ്ണം ഫാമുകളിൽ ഉപയോഗിക്കുന്നു. 10 എണ്ണം ലേലം ചെയ്യുന്നതിന് നടപടികൾ തുടങ്ങി. മൂന്ന് എണ്ണം കേടുപാടുകൾ തീർത്ത് ഉപയോഗിക്കാവുന്നതാണ്. ഒരു പവർ ട്രില്ലറിന്‍റെ വില പോലും ഓഫിസ് രേഖകളിൽ എഴുതിയിട്ടില്ല. 

ഡ്രം പാഡി സീഡർ, പവർ പാഡി ത്രഷർ, ഓട്ടോമാറ്റിക് നഴ്സറി റയിസിങ് മെഷീൻ, കോക്കനട്ട് ക്ലൈമ്പർ,സബ് സോയിലർ തുടങ്ങിയ ഉപകരണങ്ങൾ ആവശ്യക്കാരില്ലെന്നും ചെയിൻസോ, സ്ട്രാബെയ്ർ, ബ്രഷ് കട്ടർ തുടങ്ങിയ ഉപകരണങ്ങൾ റിപ്പയറിങ് നടത്തി ഉപയോഗിക്കാവുന്നതുമാണെന്ന് ജീവനക്കാർ പറയുന്നു.

ആലപ്പുഴ കളർകോട് കൃഷി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ ഓഫിസിനെക്കുറിച്ച് കർഷകർക്ക് ധാരാളം പരാതിയുണ്ട്. ട്രാക്ടർ ചോദിച്ച് ചെന്നാൽ എല്ലാം കേടാണെന്ന് പറഞ്ഞ് ഉദ്യോഗസ്ഥർ കർഷകരെ മടക്കിവിടും. ട്രാക്ടർ നൽകിയാൽ കർഷകർ തന്നെ ഓടിക്കണമെന്ന് ആവശ്യപ്പെടും. ഓഫിസിലെ ട്രാക്ടർ ഡ്രൈവർമാർ കർഷകരുടെ കൂടെ പോകാറില്ല. അവർക്ക് വെറുതെ സർക്കാർ ശമ്പളം നൽകുകയാണ്.

ട്രാക്ടർ ഡ്രൈവർമാർക്ക് യാതൊരു പണിയുമില്ല. പലരും മാസത്തിൽ രണ്ടു തവണ മാത്രമാണ് ഓഫിസിൽ എത്താറുള്ളതെന്നും കർഷകർ പരാതിയിൽ ചൂണ്ടിക്കാട്ടി. ഇവരിൽ ചിലർ സ്വന്തം നാട്ടിൽ ടില്ലർ-ട്രാക്ടർ ഓടിച്ച് വരുമാനമുണ്ടാക്കുന്നു. ചിലർക്ക് തുണിക്കട അടക്കം വ്യാപാര സ്ഥാപനങ്ങളുണ്ട്. 

Tags:    
News Summary - KUTTHAZINJI KRISHI OFFICE: Machinery worth crores of rupees is useless

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.