മലപ്പുറം ജില്ലയിലെ അരീക്കോടിനടുത്ത കാവനൂരിലെ ജനങ്ങള്‍ക്ക് നിത്യവും കണികണ്ടുണരാന്‍ ആ നാടിന്റെ തനതായ ഒരു നറുംപാൽ സംരംഭമുണ്ട്, അതാണ് കാവനൂര്‍ ഫ്രഷ് മില്‍ക്. അതിരാവിലെ ക്ഷീരകര്‍ഷകരില്‍നിന്ന് ശുദ്ധമായ പാല് നേരിട്ട് സംഭരിച്ച് പാല്കുടങ്ങളിലാക്കി ഉപഭോക്താക്കളുടെ വീട്ടുപടിക്കല്‍ എത്തിക്കുന്ന സംരംഭമായ കാവനൂര്‍ ഫ്രഷ് മില്‍ക് ആരംഭിച്ചിട്ട് ഒമ്പത് വര്‍ഷങ്ങൾ പിന്നിടുകയാണ്.
കാവനൂര്‍ ഗ്രാമപഞ്ചായത്ത് മൃഗാശുപത്രിയിൽ 2012ല്‍ സീനിയര്‍ വെറ്ററിനറി സര്‍ജനായി എത്തിയ ഡോ. എ. അയ്യൂബിന്റെ മനസ്സിലുദിച്ച ആശയമായിരുന്നു കാവനൂര്‍ ഫ്രഷ് മില്‍ക്. ഡോക്ടര്‍ സമര്‍പ്പിച്ച പദ്ധതി രൂപരേഖ ബോധ്യപ്പെട്ട മൃഗസംരക്ഷണവകുപ്പ് പ്രാരംഭ മൂലധനമായി പ്രത്യേകം തുക അനുവദിച്ചതും പദ്ധതിക്ക് ഊര്‍ജമായി.
പാല് ഉൽപാദന യൂനിറ്റും വിപണന യൂനിറ്റുമാണ് ഈ പദ്ധതിയുടെ ഘടകങ്ങള്‍. ശാസ്ത്രീയ ചിട്ടവട്ടങ്ങളെല്ലാം പാലിച്ച് ഉല്പാദിപ്പിക്കുന്ന നറുംപാൽ ക്ഷീരകര്‍ഷകരുടെ വീടുകളിൽ നിന്നും നേരിട്ട് സംഭരിച്ച് ഇരുചക്രവാഹനങ്ങളില്‍ ആവശ്യക്കാരുടെ വീടുകളില്‍ വിപണന യൂനിറ്റിലെ അംഗങ്ങൾ എത്തിക്കും. പദ്ധതി ആരംഭിച്ച അന്നുമുതൽ കർഷകരിൽനിന്ന് ശേഖരിക്കുന്നതും വിപണനം ചെയ്യുന്നതും ഷീജയും റുക്സാനയുമാണ്. പദ്ധതിക്കായ് നിത്യവും പാല് നല്കുന്ന ക്ഷീരകര്‍ഷകരില്‍ ഭൂരിഭാഗവും വനിതകള്‍ തന്നെ.
അതിരാവിലെ വാഹനവുമായി റുക്സാനയും ഷീജയും എത്തുമ്പോഴേക്കും കര്‍ഷകര്‍ പാല് കറന്ന് പ്രത്യേകം പാത്രങ്ങളില്‍ നിറച്ചുവെക്കും. പാല് ഗുണനിലവാര പരിശോധനക്കു ശേഷം ഇരുചക്രവാഹനത്തില്‍ സഞ്ചരിച്ച് എല്ലാ വീടുകളിലും പാലെത്തിക്കാന്‍ നാല് മണിക്കൂറെങ്കിലും എടുക്കും. ഒറ്റദിവസം പോലും പാല് വിതരണം മുടങ്ങിയിട്ടില്ല. 2018ലെ പ്രളയകാലത്തും കോവിഡ് കാലത്തുമെല്ലാം പ്രയാസങ്ങള്‍ സഹിച്ചാണെങ്കിലും പാല് ആവശ്യക്കാരുടെ വീട്ടിലെത്തിച്ചു.
നാട്ടുപാലിന്റെ രുചിയറിഞ്ഞ നാട്ടുകാരാണ് കാവനൂര്‍ ഫ്രഷ് മില്‍ക്കിന്റെ ബ്രാന്‍ഡ് അംബാസഡര്‍മാര്‍. സുരക്ഷിതമായ പാല് എന്നതാണ് കാവനൂര്‍ ഫ്രഷ് മില്‍ക്കിന്റെ മുഖമുദ്ര. ഉപഭോക്താക്കള്‍ക്ക് വേണമെങ്കില്‍ പാലെത്തുന്ന തൊഴുത്തുകള്‍ സന്ദര്‍ശിക്കാം. പ്രതിദിനം വിതരണം ചെയ്യുന്നത് 200 ലിറ്ററിനടുത്താണ്. 250ഓളം വീടുകളില്‍ പാലെത്തുന്നു. ഒരു ലിറ്റര്‍ പാലിന് 70 രൂപയാണ് വില. സംഭരിക്കുന്ന ഓരോ ലിറ്റര്‍ പാലിനും കര്‍ഷകര്‍ക്ക് 54 രൂപ വീതം നല്‍കും. നന്മയുള്ള ഈ സംരംഭമാണ് തങ്ങൾക്ക് സ്ഥിരവരുമാനത്തിന്റെ തണലൊരുക്കിയതെന്ന് പറയുമ്പോൾ ഷീജയുടെയും റുക്സാനയുടെയും മുഖത്ത് ആത്മവിശ്വാസത്തിന്റെ പാൽത്തിളക്കം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.