മണ്ണിൽ നടുന്നതെന്തും ടെറസിലും വളർത്താം. തീരെ ചരിവില്ലാത്ത പരന്നതോ അൽപം ചരിവുള്ളതോ ആയ മേല്‍ക്കൂരകളാണ് നല്ലത്. ടെറസിനെ തൊട്ട് മരക്കൊമ്പുകളോ പോസ്റ്റുകളോ ഇല്ലെങ്കിൽ എലികളുടെയും ക്ഷുദ്രജീവികളുടെയും ശല്യം കുറയും. കൃഷി ചെയ്യുന്നവരുടെ സുരക്ഷക്ക് അരമതിലിന് അരമീറ്റര്‍ ഉയരമെങ്കിലും വേണം. മട്ടുപ്പാവില്‍ മണ്ണുകയറുമ്പോള് ഉണ്ടാകുന്ന ബലക്ഷയം നോക്കണം. 10 മുതല്‍ 15 വരെ കിലോ മണ്ണ് വേണം ഒരു ഗ്രോബാഗ് നിറക്കാന്‍. 50 ഗ്രോബാഗ് വരെ വെക്കുമ്പോള്‍ നല്ല ഭാരമാണ് ടെറസിനുണ്ടാകുന്നത്. ചോർച്ചക്ക് സാധ്യതയുള്ളതിനാൽ ടെറസിെൻറ നടുക്ക് വെക്കാതെ അരികുകളിൽ കൃഷി നടത്താൻ ശ്രദ്ധിക്കുക.
അറിഞ്ഞു കൃഷി തുടങ്ങിയാല്‍ ഒരു വീട്ടിലേക്ക് വേണ്ട പച്ചക്കറി മുഴുവൻ ടെറസിൽനിന്ന് ലഭിക്കും. മത്തന്‍, വെള്ളരി, കോവല്‍ തുടങ്ങിയവ മുറ്റത്ത് നട്ട് ഭിത്തിക്കരികിലൂടെ പടര്‍ത്തി ടെറസിെൻറ മുകളില്‍ എത്തിച്ച് പന്തലൊരുക്കാം. നല്ല സൂര്യപ്രകാശമുള്ളതിനാൽ വിളവ് മികച്ചതായിരിക്കും. മഴക്കാലത്തുള്ള കൃഷി നന്നല്ല. കാരണം, വെള്ളം കെട്ടിനിന്ന് സിമൻറ് മേല്‍ക്കൂരയുടെ ബലം കുറയാനും തെന്നിവീഴാനും മണ്ണിലെ ലവണാംശം നഷ്ടപ്പെട്ട് വളക്കൂറ് കുറയാനും സാധ്യതയുണ്ട്. ഒക്ടോബര്‍ മുതല്‍ ഏപ്രില്‍ വരെയാണ് മട്ടുപ്പാവിലെ പച്ചക്കറികൃഷിക്ക് അനുയോജ്യം.
ടെറസില്‍ മണ്ണ് നിറച്ച ബാഗുകള്‍ വെക്കുംമുമ്പ് വെള്ളം കെട്ടിനില്‍ക്കാതിരിക്കാന്‍ പോളിത്തീന്‍ ഷീറ്റ് വിരിക്കണം. ഷീറ്റ് കാറ്റത്ത് പറക്കാതിരിക്കാന്‍ മുകളില്‍ മണലോ ചരലോ ചെറിയ കനത്തില്‍ വിരിക്കാം. വെള്ളം കെട്ടിനിന്നാല്‍ വേരുകള്‍ ചീയും. വെള്ളം പുറത്തേക്ക് ഒഴുകാൻ സുഷിരങ്ങള്‍ ഇടണം. ആവശ്യാനുസരണം കമ്പോസ്റ്റ്, മറ്റു വളങ്ങള്‍ എന്നിവ നല്‍കണം. മണ്ണിെൻറ ഈര്‍പ്പം നിലനിര്‍ത്താന്‍ പുതയിടുന്നതും നല്ലതാണ്.
നിലത്ത് പോളിത്തീന്‍ ഷീറ്റ് വിരിച്ച് വശങ്ങളില് ഇഷ്ടിക ചരിച്ചുവെച്ച് അതില്‍ മുക്കാല്‍ പൊക്കം മണ്ണും മണലും വളവും ചേര്‍ത്ത മിശ്രിതം നിറക്കുകയാണ് മറ്റൊരു രീതി. അടിയില്‍ ഉണങ്ങിയ ഇലകള്‍ നിരത്താം. ഉപയോഗിച്ച മണ്ണ് ഒരിടത്ത് കൂട്ടിയിട്ട് പോളിത്തീന്‍ ഷീറ്റുകൊണ്ട് മഴനനയാതെ മൂടിയാല്‍ അടുത്ത കൃഷിക്ക് അതേ മണ്ണ് ഇളക്കിയെടുത്ത് ഉപയോഗിക്കാം.
ടെറസ് കൃഷിയില്‍ രാവിലെയും വൈകുന്നേരവും നനക്കണം. ഇല്ലെങ്കിൽ ഉണങ്ങും. ജലസേചനത്തിന് വീട്ടിലെ ജലസംഭരണി ടെറസിൽനിന്ന് രണ്ടോ മൂന്നോ മീറ്റര്‍ ഉയരത്തില്‍ സ്ഥാപിക്കണം. കഴിയുമെങ്കില്‍ തുള്ളിനനയോ തിരിനനയോ ആണ് നല്ലത്. വേനൽക്കാലത്ത് അടുക്കളയിലും വാഷ് ബേസിനുകളിലുംനിന്ന് ഒഴുകുന്ന വെള്ളം ശുദ്ധീകരിച്ച് ജലസേചനത്തിന് ഉപയോഗിക്കാം.
ടെറസിലാണെങ്കിലും എല്ലായിനം കീടങ്ങളും രോഗങ്ങളും വരും. പാവല്‍, പടവലം എന്നിവയെ കായീച്ചകളും പയറുവര്‍ഗങ്ങളെ ഇലപ്പേനും ആക്രമിക്കും. പച്ചക്കറിച്ചെടികളിലെ ഷഡ്പദ ലാര്‍വകള്‍ രാത്രി പുറത്തിറങ്ങിയാണ് ആഹാരം കഴിക്കൽ. അതുകൊണ്ട് കീടനാശിനികള്‍ വൈകുന്നേരങ്ങളിൽ പ്രയോഗിക്കണം.
ചെടിയുടെ നേരെ ചുവട്ടില്‍ വളമിട്ടാല്‍ കരിഞ്ഞുപോകാം. അതുകൊണ്ട് അൽപം മാറ്റിയിടാം. വളമിട്ടാല്‍ ഉടൻ വെള്ളമൊഴിക്കണം. തുള്ളിനനയിലൂടെയും വളപ്രയോഗം നടത്താം. ദ്രാവകരൂപത്തിലോ വെള്ളത്തില്‍ ലയിപ്പിച്ചെടുക്കുന്നതോ വേണമെന്നുമാത്രം. കീടങ്ങളെ തുരത്താന്‍ വിഷാംശമുള്ള കീടനാശിനികള്‍ പ്രയോഗിക്കരുത്. വെളുത്തുള്ളിക്കഷായമോ വേപ്പെണ്ണമിശ്രിതമോ പോലുള്ള ജൈവകീടനാശിനികള്‍ തളിക്കുക.
ഫ്ലാറ്റുകളിൽ കുറഞ്ഞത് ഏഴു മണിക്കൂര്‍ സൂര്യപ്രകാശം കിട്ടുന്ന ഒരിടമുണ്ടെങ്കിൽ കൃഷി ചെയ്യാം. ജനലരികിൽ ൈമക്രോഗ്രീൻ കൃഷിയോ അധികം ഉയരം വെക്കാത്ത ഉള്ളി, കാരറ്റ്, ഇഞ്ചി തുടങ്ങിയവ പ്ലാസ്റ്റിക് കുപ്പിയിലോ ചെറിയ പ്ലാസ്റ്റിക് ട്രേകളിലോ ചട്ടികളിലോ നട്ടുവളർത്താം. വെള്ളം വാർന്നു മുറിയിൽ വീഴാതിരിക്കാൻ ശ്രദ്ധിക്കണം. ബാൽക്കണിയിലോ പാരപ്പറ്റിലോ ഗ്രോബാഗുകളിൽ അധികം ഭാരമില്ലാത്ത രീതിയിൽ കൃഷിചെയ്യാം. ഒത്തിരി മണ്ണുനിറച്ച് ഗ്രോബാഗുകൾ അടുക്കിവെച്ച് കെട്ടിടത്തിന് ബലക്ഷയം ഉണ്ടാവാതെ നോക്കണം.
ബാൽക്കണിയിലാണെങ്കിൽ വെള്ളം വാർന്നുപോകാൻ ഹോസിടുകയോ വലിയം പാത്രം അടിയിൽവെക്കുകയോ ചെയ്യാം. മറ്റു വീടുകളിലേക്ക് വെള്ളം ഒഴുകി ച്ചെല്ലാതിരിക്കാൻ ശ്രദ്ധിക്കണം. കൃഷി അവർക്ക് ശല്യമാകാതിരിക്കാനും ശ്രദ്ധിക്കണം. കയറിവരുന്ന പടികളിൽ രണ്ടു വശത്തായും ഇങ്ങനെ മനോഹരമായ അലങ്കരിച്ച ചട്ടികളിൽ പൂച്ചെടികൾക്ക് പകരം പച്ചക്കറികൾ വളർത്തിക്കൂടേ. ഫ്ലാറ്റില്‍ അസോസിയേഷനോ താൽപര്യമുള്ള ആളുകളോ ഉണ്ടെങ്കില്‍ എല്ലാവരും ചേർന്ന് ടെറസ് അടുക്കളത്തോട്ടം ആക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.