മെഡിക്കൽ കോളജ്: പുതുക്കിപ്പണിയുന്നതിനിടെ കിണറിനുള്ളിൽ കുടുങ്ങിയ തൊഴിലാളിയെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി. ഒരുവാതിൽകോട്ടക്ക് സമീപം കവറടി റോഡില്‍ പണിക്കിടെ ആറ്റിങ്ങല്‍ പേരൂര്‍ക്കോണം മുതാക്കല്‍ ലക്ഷംവീട് കോളനിയില്‍ അരുണിനെ (32) ആണ് രക്ഷപ്പെടുത്തിയത്. ശനിയാഴ്ച ഉച്ചതിരിഞ്ഞ് 2.30ഓടെയായിരുന്നു അപകടം. പേട്ട കവറടി റോഡില്‍ രാജീവത്തില്‍ കിരണിന്റെ ഉടമസ്ഥതയിലുള്ള പഴയ കിണറിന്റെ പണി നടക്കുകയായിരുന്നു. കഴിഞ്ഞ മഴക്കാലത്ത് കിണറിലുണ്ടായിരുന്ന റിങ്ങുകള്‍ അടിഭാഗത്തുനിന്ന് മണ്ണിടിഞ്ഞതിനെത്തുടര്‍ന്ന് ഒരു വശത്തേക്ക് ചരിയുകയായിരുന്നു. ഈ റിങ്ങുകള്‍ പൊട്ടിച്ച് കരക്കുകയറ്റിയശേഷം പുതിയ റിങ്ങുകള്‍ ഇറക്കുന്നതിനുള്ള പണി നടക്കവേയാണ് മുകള്‍ ഭാഗത്തു നിന്നും ശക്തമായി മണ്ണിടിഞ്ഞ് തൊഴിലാളിയായ അരുണിന്റെ ശരീരത്തിൽ വീണത്. സംഭവം നടക്കുന്ന സമയം ആറാമത്തെ റിങ് പൊട്ടിച്ച് കയറ്റുകയായിരുന്നു.
ചാക്കയിലും തിരുവനന്തപുരത്തുമുള്ള ഫയര്‍ സ്റ്റേഷനുകളില്‍നിന്ന് അധികൃതര്‍ എത്തിച്ചേരുകയും രക്ഷാപ്രവര്‍ത്തനം നടത്തുകയുമായിരുന്നു. അരുണിന്റെ കഴുത്തുവരെയുള്ള ഭാഗം മണ്ണ് കൊണ്ട് മൂടിയിരുന്നു. മണ്ണ് മാറ്റുന്നതിനനുസരിച്ച് ഇടിയാതിരിക്കാന്‍ മെറ്റല്‍ ഷീറ്റുകള്‍ വട്ടത്തില്‍ ഇറക്കിയ ശേഷമാണ് മണ്ണ് പൂര്‍ണമായും മാറ്റിയത്. ഇയാള്‍ക്ക് സാരമായി പരിക്കുകളില്ല. കരയ്ക്കെടുത്ത അരുണിനെ പ്രാഥമികചികിത്സ നല്‍കുന്നതിന് ഫയര്‍ ഫോഴ്സ് ആംബുലന്‍സില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചു.
ചാക്ക ഫയര്‍ സ്റ്റേഷനില്‍നിന്ന് എ.എസ്.ടി.ഒ ഷാജിയുടെ നേതൃത്വത്തില്‍ എസ്.എഫ്.ആര്.ഒ ശരത്, എഫ്.ആര്.ഒമാരായ ആകാശ്, ദീപു, മുകേഷ് കുമാര്‍, അനു തുടങ്ങിയവരും തിരുവനന്തപുരം നിലയത്തില്‍നിന്ന് എ.എസ്.ടി.ഒ അനില്‍കുമാറിന്റെയും നേതൃത്വത്തിലുള്ള സേനാംഗങ്ങളുമാണ് രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.