കേളകം: വില സ്ഥിരതാപദ്ധതി പ്രകാരമുള്ള സബ്സിഡി കുടിശ്ശിക തീർക്കാൻ 50 കോടി അനുവദിച്ച ആശ്വാസത്തിലാണ് റബർ കർഷകർ. എന്നാൽ, താങ്ങുവില ഉയർത്തണമെന്ന ആവശ്യം തെരഞ്ഞെടുപ്പു കാലത്ത് ചർച്ചയായെങ്കിലും അനുകൂല നടപടി ഉണ്ടായില്ല. നിലവിലുള്ള 170 രൂപയിൽ നിന്ന് താങ്ങുവില 200 രൂപയെങ്കിലും ആക്കി ബജറ്റ് പ്രഖ്യാപനമുണ്ടാകുമെന്നായിരുന്നു പ്രതീക്ഷ.
വിലസ്ഥിരത പദ്ധതി പ്രകാരമുള്ള സബ്സിഡി കുടിശ്ശിക തീർക്കാനാണ് 50 കോടി ബജറ്റിൽ അനുവദിച്ചത്. എന്നാൽ, റബർ കൃഷിയുടെ നഷ്ടം നികത്താൻ കൂടുതൽ ആനുകൂല്യം വേണമെന്ന നിലപാടിലാണ് കർഷകർ. താങ്ങുവില ഉയർത്താനുള്ള നടപടി വേഗത്തിലാക്കണമെന്നും കർഷകർ ആവശ്യപ്പെടുന്നു.
നിലവിൽ ഒരു വർഷത്തെ കുടിശ്ശികയാണ് കർഷകർക്ക് ലഭിക്കാനുള്ളത്. കഴിഞ്ഞ നവംബറിന് ശേഷം റബർ വിലയിൽ മുന്നേറ്റമുണ്ടായതോടെ പദ്ധതി പ്രകാരം ബില്ലുകൾ സ്വീകരിക്കുന്നത് നിർത്തിവെച്ചിരുന്നു. തുടർന്നുള്ള സംസ്ഥാന ബജറ്റിൽ റബറിെൻറ തറവില 170 രൂപയാക്കിയിരുന്നു. കോവിഡ് പ്രതിസന്ധിക്കിടെ മുൻകാലങ്ങളിലെ കുടിശ്ശികയായ തുക എന്ന് ലഭിക്കുമെന്ന ആശങ്കയിലായിരുന്ന കർഷക ലക്ഷങ്ങൾക്ക് ഏറെ പ്രതീക്ഷ നൽകുന്നതാണ് ധനമന്ത്രിയുടെ ബജറ്റ് പ്രഖ്യാപനം.
2015 ജൂലൈയിലാണ് ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിലുള്ള യു.ഡി.എഫ് സർക്കാർ വിലസ്ഥിരത ഫണ്ട് എന്ന പേരിൽ സബ്സിഡി തുടങ്ങിയത്. കമ്പോളവിലയും താങ്ങുവിലയും തമ്മിലുള്ള വ്യത്യാസം കർഷകെൻറ ബാങ്ക് അക്കൗണ്ട് മുഖേന നൽകുകയായിരുന്നു പദ്ധതി. റബർ ബോർഡിെൻറ സഹകരണത്തോടെ റബർ ഉൽപാദക സംഘങ്ങളെ ഉൾപ്പെടുത്തിയിരുന്ന പദ്ധതിയിൽ നാലു ലക്ഷം പേർ തുടക്കത്തിലുണ്ടായിരുന്നു. ഇപ്പോൾ അംഗങ്ങൾ 15 ലക്ഷത്തിലധികമായി.
മഴ കാത്തിരിക്കുന്ന വേഴാമ്പലുകളെപ്പോലെ സർക്കാർ നൽകാനുള്ള വിലസ്ഥിരത ഫണ്ട് കുടിശ്ശിക ലഭിക്കാൻ കാത്തിരിക്കുന്ന കർഷകർക്ക് തേൻ മഴയാകുന്നതാണ് ബജറ്റ് പ്രഖ്യാപനം. നിലവിൽ ലക്ഷക്കണക്കിന് റബർ കർഷകർ ദുരിത പ്രളയത്തിലാണ്. റബർ കൃഷി നഷ്ടത്തിലായതിനാൽ പൂട്ടിക്കിടക്കുന്ന തോട്ടങ്ങൾ ഏറെയാണ്. തൊഴിലാളികളെ കിട്ടാനില്ലാത്തതും പ്രതിസന്ധിയുടെ ആക്കം കൂട്ടുന്നു. റബറിന് 250 രൂപയെങ്കിലും ലഭിച്ചില്ലെങ്കിൽ മറ്റ് കൃഷികളെ ആശ്രയിക്കേണ്ടി വരുമെന്ന അവസ്ഥയാണെന്ന് കർഷകർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.