പത്തനംതിട്ട: സംസ്ഥാന ബജറ്റിൽ ജില്ലക്കായി പുതിയ പ്രഖ്യാപനങ്ങൾ ഒന്നും ഇല്ല. മുൻ ബജറ്റുകളിലെ പ്രഖ്യാപനങ്ങളിൽ പലതും നടപ്പാകാനുമുണ്ട്. ഈ വർഷം ജനുവരിയിൽ അവതരിപ്പിച്ച ബജറ്റിൽ ജല്ലയിലെ പദ്ധതികൾക്കായി വകയിരുത്തിയ തുക ലഭിക്കുമെന്നും അവയിൽ മാറ്റം ഉണ്ടാകില്ലെന്നുമാണ് ജില്ലയിലെ എം.എൽ.എമാർ അറിയിക്കുന്നത്. പല വൻ പദ്ധതികൾ പോലും ഇതിൽ ഉൾപ്പെടും.
റബർ സബ്സിഡി പൂർണമായും കൊടുത്തുതീർക്കുമെന്ന പ്രഖ്യാപനവും തോട്ടവിളകളുടെ വൈവിധ്യവത്കരണ പദ്ധതിയും ജില്ലക്ക് ആശ്വാസമാകും. റബർ സബ്സിഡി ഇനത്തിൽ ആയിരക്കണക്കിന് രൂപ ലഭിക്കാനുള്ള നിരവധി കർഷകർ ജില്ലയിലുണ്ട്. കുടിശ്ശിക ലഭിക്കുന്നത് കർഷകർ സ്വാഗതം ചെയ്തു. റബറിന് വില ഉയർന്നു തുടങ്ങിയതിെൻറ ആശ്വാസത്തിന് പിന്നാലെയാണ് ഇപ്പോൾ സർക്കാർ പ്രഖ്യാപനവും എത്തുന്നത്. ആയിരക്കണക്കിന് ഏക്കർ തോട്ടഭൂമിയുള്ള ജില്ലയിൽ പുതിയ വിളകളായ റംബുട്ടാൻ, ഡ്രാഗൺ ഫ്രൂട്ട്, മാംഗോസ്റ്റീൻ, ലോകൻ തുടങ്ങിയ വിളകൾക്ക് പ്രോത്സാഹനം നൽകുമെന്നത് തോട്ടം മേഖലയിൽ ഉണർവ് പകരും.
ഇപ്പോൾ ജില്ലയിൽ പല തോട്ടങ്ങളിലും ഈ വിളകളുടെ കൃഷി തുടങ്ങിയിട്ടുണ്ട്. തോട്ടഭൂമിയിൽ പച്ചക്കറി കൃഷി തുടങ്ങണമെന്ന ആവശ്യവും ഉയരുന്നുണ്ട്. തോട്ടഭൂമി തരംമാറ്റാനാകില്ലെന്ന ഭൂപരിഷ്കരണ നിയമം വിളകളുടെ വൈവിധ്യവത്കരണത്തിന് തടസ്സമാകുമെന്ന അഭിപ്രായവുമുയരുന്നുണ്ട്. മരച്ചീനി, മാങ്ങ, ചക്ക, കിഴങ്ങ് വർഗം, മറ്റ് പഴവർഗങ്ങൾ എന്നിവയിൽനിന്ന് മൂല്യവർധിത ഉൽപന്നങ്ങൾ ഉണ്ടാക്കാൻ പ്രോത്സാഹനം നൽകുമെന്ന പ്രഖ്യാപനവും ജില്ലക്ക് ഏറെ ഗുണകരമാകും. ജില്ലയിൽ കർഷകർ ഇവയൊക്കെ വിറ്റഴിക്കാൻ പ്രയാസപ്പെടുന്ന നിലയിലാണ്.
എല്ലാ സി.എച്ച്.സികളിലും 10 ബെഡുള്ള ഐസൊലേഷൻ വാർഡ്, കൃഷിഭവനുകൾ സ്മാർട്ട് ആക്കൽ, താലൂക്ക് ജനറൽ ആശുപത്രികളിൽ 10 കിടക്കയുള്ള ഐസൊലേഷൻ വാർഡുകൾ, ഡാമുകളിലെ മണൽനീക്കം, നദികളും ജലാശയങ്ങളും സംരക്ഷിക്കൽ, തൊഴിലുറപ്പ് പദ്ധതി വഴി കൂടുതൽ തൊഴിൽദിനങ്ങൾ, പ്രവാസികളുടെ പുനരധിവാസത്തിന് കുറഞ്ഞ പലിശ നിരക്കിൽ വായ്പ, പത്രവിതരണക്കാർ, മത്സ്യവിതരണം ഭക്ഷ്യവിതരണക്കാർ ഇവർക്ക് ഇലക്ട്രിക് ഇരുചക്രവാഹനങ്ങൾ വാങ്ങാൻ വായ്പ, ഓക്സിലറി അയൽക്കൂട്ട യൂനിറ്റുകൾ ഇതൊക്കെ ജില്ലക്കുംകൂടി പ്രയോജനം ചെയ്യുന്ന പൊതു പദ്ധതികളിൽ ഉൾപ്പെടും.
ഈ വർഷം ജനുവരി 15ന് അന്നെത്ത ധനമന്ത്രി തോമസ് ഐസക് അവതരപ്പിച്ച ബജറ്റിൽ ശബരിമല വിമാനത്താവളത്തിന് വിശദമായ പദ്ധതിരേഖ തയാറാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.
മറ്റ് വാഗ്ദാനങ്ങൾ: സുഗതകുമാരിയുടെ ആറന്മുളയിലെ തറവാട്ടിൽ പുതിയ മ്യൂസിയം, ജില്ല സ്റ്റേഡിയത്തിെൻറ പുനർനിർമാണം, പത്തനംതിട്ട ജനറൽ ആശുപത്രിയിലെ ഹൃദ്രോഗവിഭാഗ വികസനം, കോഴിപ്പാലം- കാരക്കാട് റോഡിന് അഞ്ചുകോടി, അടൂർ പി.ഡബ്ല്യു.ഡി കോംപ്ലക്സിന് മൂന്നുകോടി, അടൂർ ടൗൺ പള്ളിക്കലാർ പുനരുദ്ധാരണം, കെ.എസ്.ആർ.ടി.സി ജങ്ഷൻ നടപ്പാലം നിർമാണം, അടൂർ സാംസ്കാരിക സമുച്ചയം, അടൂർ പുതിയകാവിൽ ചിറ വികസനം, റാന്നി താലൂക്ക് ആശുപത്രി, റാന്നി - പെരുനാട് മിനി സിവിൽ സ്റ്റേഷനുകൾ, ബൊട്ടാണിക്കൽ ഗാർഡൻ, അയിരൂർ ഐ.എച്ച്.ആർ.ഡി കോളജ്, അയിരൂർ ഗവ. എച്ച്.എസ്.എസ്, കടുമീൻചിറ ഗവ. എച്ച്.എസ്.എസ് തുടങ്ങിയവക്കെല്ലാം കെട്ടിടങ്ങൾ നിർമാണം, റാന്നി, അയിരൂർ, പേഴുംപാറ, ജണ്ടായിക്കൽ, ചേത്തയ്ക്കൽ എന്നിവിടങ്ങളിൽ സ്േറ്റഡിയം നിർമാണം, തിരുവല്ല എം. സി റോഡിൽ മുത്തൂരിൽ മേൽപാല നിർമാണം,
കാവുംഭാഗം മുത്തൂർ റോഡിലെ മനക്കച്ചിറ പാലം നിർമാണം, കോന്നി ബൈപാസ് നിർമാണം, കോന്നി സെൻട്രൽ ജങ്ഷനിൽ 70 കോടിയുടെ മേൽപാലം, ഉന്നതനിലവാരത്തിൽ സ്റ്റേഡിയം, കോന്നിയിൽ പുതിയ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി, കലഞ്ഞൂരിൽ പുതിയ സർക്കാർ പോളിടെക്നിക്കിന് 50 കോടി, തണ്ണിത്തോട്ടിൽ മലഞ്ചരക്ക് സംഭരണ -സംസ്കരണ കേന്ദ്രം, കോന്നി സഞ്ചായത്തുകടവ് കേന്ദ്രമാക്കി ടൂറിസം പദ്ധതി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.