ആലപ്പുഴ: ധനമന്ത്രി കെ.എൻ. ബാലഗോപാൽ അവതരിപ്പിച്ച രണ്ടാംപിണറായി സർക്കാറിെൻറ ആദ്യ ബജറ്റിൽ ജില്ലയിൽ ആശ്വാസമേറെ. ആരോഗ്യമേഖലയെ കൂടുതൽ ശക്തിപ്പെടുത്തുന്ന പ്രഖ്യാപനങ്ങളാണ് ഏറെയും. എന്നാൽ, തകർന്ന സമ്പദ്വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്ന പല പദ്ധതികളും ഇല്ലാതായത് നിരാശപ്പെടുത്തി. മുൻ ധനമന്ത്രി ഡോ. തോമസ് ഐസക് കഴിഞ്ഞതവണ പ്രഖ്യാപിച്ച പല പദ്ധതികളും ആവർത്തിച്ചിട്ടുണ്ട്.
ചില പദ്ധതികളുടെ പൂർത്തീകരണംകൂടി ലക്ഷ്യമിട്ടാണിത്. ജില്ലയിലെ ടൂറിസം, തീരദേശം, കാർഷികം, ആരോഗ്യം തുടങ്ങിയ മേഖലകൾക്ക് ഗുണകരമാകുന്ന നിരവധി പദ്ധതികളുണ്ട്. പ്രഖ്യാപിച്ച പല പദ്ധതികളും മുൻവർഷങ്ങളിലേതുപോലെ കടലാസിൽ ഒതുങ്ങുമോയെന്നാണ് ആശങ്ക.
മരച്ചീനി, പച്ചക്കറി പഴവര്‍ഗങ്ങള്‍ എന്നിവയുടെ ന്യായവില ഉറപ്പാക്കാന്‍ സംഭരണ-വിപണന കേന്ദ്രങ്ങള്‍ ആരംഭിക്കാനും മൂല്യവർധിത ഉൽപന്നങ്ങള്ക്കുമായി 10 കോടി അനുവദിച്ചത് ജില്ലയിലെ കാര്‍ഷിക മേഖലയുടെ വളര്‍ച്ചയെ സഹായിക്കും.
കാര്ഷികോൽപാദനത്തിനും സംഭരണത്തിനും വിതരണത്തിനും ഊന്നല്‍ നല്‍കുന്നുണ്ട്. കൃഷിഭവനുകള്‍ സ്മാര്‍ട്ടാകുന്നതോടെ പരിശീലനങ്ങള്‍, വിളകള്‍ സംബന്ധിച്ച വിവരങ്ങള്‍ എല്ലാം കര്‍ഷകരിലേക്ക് വേഗത്തില്‍ എത്തിക്കാനാകും.
തീരദേശത്തിെൻറ സംരക്ഷണം ഉറപ്പാക്കുന്ന ശാസ്ത്രീയ പദ്ധതികളുടെ പ്രഖ്യാപനമാണ് ബജറ്റിൽ പ്രധാനം. തീരദേശ സംരക്ഷണം, അടിസ്ഥാന സൗകര്യവികസനം എന്നിവക്കും തുക അനുവദിച്ചത് നിലവിലുള്ള പദ്ധതികൾ വേഗത്തിലാക്കും. പരമ്പരാഗത വ്യവസായങ്ങൾ ഉൾെപ്പടെ ചെറുകിട വ്യാപാര വ്യവസായങ്ങളെ പരിപോഷിപ്പിക്കുന്നതിന് സമഗ്ര പദ്ധതികളില്ല. കേരളത്തിെൻറ നെല്ലറയായ കുട്ടനാടിെൻറ വെള്ളപ്പൊക്കം അടക്കമുള്ള വിഷയങ്ങൾ പരിഹരിക്കാൻ പ്രത്യേക പാക്കേജ് പ്രഖ്യാപനമുണ്ടായില്ല.
കുട്ടനാട്: രണ്ടാം പിണറായി സർക്കാർ അവതരിപ്പിച്ച പ്രഥമബജറ്റിൽ കുട്ടനാടിന് നിരാശ. കഴിഞ്ഞ ബജറ്റിൽ പറഞ്ഞ കാര്യങ്ങളൊന്നും കിട്ടിയതുമില്ല. പുതിയ ബജറ്റിൽ കുട്ടനാടിെൻറ രക്ഷക്ക് ഒന്നുമില്ലാത്തതും കർഷകരടങ്ങുന്ന കുട്ടനാടൻ ജനതക്ക് നിരാശയായി. കാലവർഷക്കെടുതിയുടെ ഭീഷണിയിലാകുന്ന കുട്ടനാടിനെ മഴക്കാലക്കെടുതിയിൽനിന്ന് രക്ഷിക്കാനുള്ള യുദ്ധകാല പദ്ധതികൾ പ്രതീക്ഷിച്ചിരുന്നു.
കുട്ടനാടിന് മാത്രമായി ഇവിടുത്തെ ഭൂപ്രകൃതിയും കെടുതികളും മുൻനിർത്തി ബജറ്റിൽ പരിഗണന ഇത്തവണ ഉണ്ടാകുമെന്നാണ് കരുതിയിരുന്നത് റിവേഴ്സ് ഫോമിലുള്ള ബജറ്റായതിനാൽ മുൻ ബജറ്റിൽ പ്രഖ്യാപിച്ച എന്തെങ്കിലും ഇനി നടക്കുമോ എന്നറിയാൻ ഒരുവർഷമെങ്കിലും കാത്തിരിക്കണം. ചുരുക്കത്തിൽ ബജറ്റുകൾ കുട്ടനാടിനെ രക്ഷിക്കുന്നതല്ലെന്ന് വിശ്വസിക്കുകയാണ് ഇവിടെയുള്ളവർ.
നെൽവില, തേങ്ങവില, കുട്ടനാട് താലൂക്ക് ആശുപത്രി വികസനം, രണ്ടാം കുട്ടനാട് പാക്കേജ്, കർഷക പാക്കേജുകളൊക്കെ കഴിഞ്ഞ ബജറ്റിലെ പ്രതീക്ഷകളാണ്. എന്തെല്ലാം ചുരുങ്ങിയ സമയത്തിനുള്ളിൽ നടക്കുമെന്ന ആശങ്കയാണ് ഉയരുന്നത്.
ആലപ്പുഴ: നാലുവർഷത്തോളമായി സ്തംഭനാവസ്ഥയിൽ കഴിയുന്ന ടൂറിസം മേഖലക്ക് പുത്തനുണർവ് നൽകാൻ കെ.എൻ. ബാലഗോപാൽ അവതരിപ്പിച്ച ബജറ്റിന് കഴിയുമോ എന്നതിൽ ഭിന്നാഭിപ്രായം. നേരിട്ട് നൽകിയവയും ആരോഗ്യമേഖലക്ക് നൽകിയ സഹായവും ടൂറിസം മേഖലയെ ശക്തിപ്പെടുത്തും എന്ന നിരീക്ഷണമുണ്ട്. ആലപ്പുഴയിലെ വിനോദ സഞ്ചാര മേഖല ശക്തമായ ഇടപെടലുകൾ ഉണ്ടായില്ലെങ്കിൽ നാമാവശേഷമാകും എന്ന അവസ്ഥയിലാണ്. അഞ്ചുലക്ഷംപേർ നേരിട്ടും 20 ലക്ഷംപേർ പരോക്ഷമായും ജോലി ചെയ്യുന്ന ടൂറിസം മേഖലയുടെ 2019ലെ വരുമാനം 45,000 കോടിയായിരുന്നു.
മലബാറിലും കൊല്ലത്തും പ്രഖ്യാപിക്കപ്പെട്ട ടൂറിസം സർക്യൂട്ടുകൾ സൃഷ്ടിക്കുന്ന മുന്നേറ്റം ആലപ്പുഴയിലും പ്രകടമാകുമെന്നാണ് പ്രതീക്ഷ. അപ്പോഴും അടിസ്ഥാന സൗകര്യവികസനം ഉൾപ്പെടെയുള്ള കാര്യത്തിൽ സർക്കാറിെൻറ ഭാഗത്തുനിന്ന് നിർലോഭ സഹായം വേണ്ടതുണ്ടെന്ന കാര്യത്തിൽ ആർക്കും സംശയമില്ല.
ടൂറിസം മാർക്കറ്റിങ്ങിനായി നിലവിലുള്ള നൂറുകോടിക്ക് പുറമെ 50 കോടി കൂടി അനുവദിക്കുമെന്ന പ്രഖ്യാപനം മേഖലയുടെ വികസനത്തിന് ഗുണംചെയ്യും. ടൂറിസവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന വലിയ തൊഴിൽ മേഖലയുടെ സംരക്ഷണംകൂടി ബജറ്റിൽ ഉൾപ്പെടുത്തപ്പെട്ടിരുെന്നങ്കിൽ കൂടുതൽ ഫലപ്രദമാകുമായിരുന്നുവെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. പലിശ ഇളവിനായി നീക്കിവെച്ച 8300 കോടിയിൽ ടൂറിസം മേഖല ഉൾപ്പെട്ടിട്ടുണ്ടോയെന്ന കാര്യം വ്യക്തമാക്കണമെന്ന് ഹൗസ്ബോട്ടുടമകളുടെ പ്രതിനിധിയായ സമുദ്ര സാബു ആവശ്യപ്പെട്ടു.
കേരള ടൂറിസത്തെ വേണ്ടത്ര രീതിയിൽ പരിഗണിക്കാത്ത 2021ലെ ബജറ്റ് നിരാശജനകമെന്ന് കേരള ഹോംസ്റ്റേ ആൻഡ് സർവിസ്ഡ് വില്ല ജില്ല സെക്രട്ടി ഇ.വി. രാജു ഈരേശ്ശേരിൽ പ്രസ്താവിച്ചു. അടച്ചുപൂട്ടൽ ഭീഷണിയിലുള്ള വിനോദ സഞ്ചാര മേഖലയിലെ സംരംഭകരുടെ ബാങ്ക് ലോൺ പലിശ ഇളവ്, മൊറട്ടോറിയം, കാലാവധി നീട്ടൽ ഇവയൊന്നിനെക്കുറിച്ചും ബജറ്റിൽ പരാമർശമില്ല. തരിപ്പണമായ മേഖലക്ക് ദീർഘവീക്ഷണമുള്ള വ്യക്തമായ പുനരുജ്ജീവന പാക്കേജാണ് വേണ്ടത്. മാർക്കറ്റിങ്ങിന് അധികപണം അനുവദിക്കുന്നതിന് പകരം ഇവിടെയുള്ള വിഭവങ്ങളെക്കുറിച്ച് പഠിക്കാൻ പണം അനുവദിക്കുകയാണ് വേണ്ടത്.
കേരള വാസ്തുശിൽപകലയിൽ മ്യൂസിയം നിർമിച്ച് തിരുവനന്തപുരം ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ നിലവറകളിൽ ഇരിക്കുന്ന ലോകത്തിലെതന്നെ ഏറ്റവും അമുല്യങ്ങളായ വസ്തുക്കൾ പ്രദർശിപ്പിക്കാൻ തയാറായാൽ ലോകംതന്നെ ഇങ്ങോെട്ടാഴുകും. ടൂറിസം കേന്ദ്രങ്ങളിൽ ശൗചാലയം പണിയുക, സ്ഥിരം മെയിൻറനൻസ് സംവിധാനം, സ്ഥിരം മാലിന്യ സംസ്കരണ സംവിധാനം എന്നിവക്ക് ഫണ്ട് അനുവദിക്കണം. കോവിഡ്19 മഹാമാരിക്കിടയിലും മാലദ്വീപ്, ശ്രീലങ്ക എന്നിവിടങ്ങളിലെ ടൂറിസം വളർച്ചയെ മാതൃകയാക്കണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു.
ആലപ്പുഴ: കോവിഡ് മഹാമാരിയെ പിടിച്ച് കെട്ടാനുള്ള ക്ഷീരമേഖലയുടെ ശ്രമങ്ങൾക്ക് കരുത്ത് പകരുന്ന സർക്കാർ നീക്കത്തിൽ കുട്ടനാടിനെ പങ്കെടുപ്പിക്കാൻ വേണ്ട പ്രത്യേക പരാമർശങ്ങെളാന്നും ബജറ്റിലില്ലാത്തത് കർഷകരിൽ നിരാശ പരത്തി. കുട്ടനാടിെൻറ സവിശേഷ സാഹചര്യങ്ങൾക്ക് അനുസരിച്ചുള്ള മറ്റ് ഉൽപന്നങ്ങൾ നിർമിക്കാനുള്ള സൗകര്യം ഒരുക്കണമെന്നാണ് കർഷകരുടെ ആവശ്യം. മാസങ്ങളോളം വെള്ളക്കെട്ട് നിൽക്കുന്ന കുട്ടനാട്ടിൽ ക്ഷീരകർഷകർ പശുക്കളെ സംരക്ഷിക്കുന്നതിന് ഏറെ കഷ്ടപ്പെടുന്നു. കഴിഞ്ഞ വെള്ളപ്പൊക്ക കാലങ്ങളിൽ ഉയർന്ന പാലങ്ങളെ തൊഴുത്തുകളാക്കുകയായിരുന്നു കർഷകർ. അതിന് പകരം ഓരോ കർഷകെൻറയും പുരയിടത്തിൽ മിനി എലിവേറ്റഡ് തൊഴുത്തുകൾ നിർമിക്കാൻ ധനസഹായം അനുവദിക്കണമെന്നാണ് ആവശ്യം. വനിത ക്ഷീര കർഷകർക്ക് കാലി വളർത്തലിൽ പ്രത്യേക പരിഗണന നൽകണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
വൈക്കോൽ മൂല്യവർധിത ഉൽപന്നമാക്കുന്നത് വേണ്ടും വിധം പ്രയോജനപ്പെടുത്തിയാൽ ക്ഷീരമേഖലക്ക് അനുകൂലമാക്കാൻ കഴിയും. നെൽപാടങ്ങളിൽ ഇത് കത്തിച്ചു കളയുന്നത് പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് കാരണമാകുന്നു. കൊയ്ത്തു സമയത്ത് വൈക്കോൽ ബെയിൽ ചെയ്തു സംഭരിച്ച്, കര്‍ഷകരിലേക്ക് ആവശ്യത്തിന് എത്തിക്കാം.
ക്ഷീരസഹകരണസംഘങ്ങൾ മുഖേന ഗുണനിലവാരം ഉറപ്പാക്കി വൈക്കോൽ വിപണനം ചെയ്യാം. ക്ഷീരവികസന -കൃഷി വകുപ്പുകൾ കൈകോർത്ത് പാടശേഖര സമിതികൾ, ക്ഷീര സംഘങ്ങൾ എന്നിവയുടെ സഹായത്തോടെ വൈക്കോൽ ബെയിലിങ് യൂനിറ്റുകൾ നടത്താനാകും. കുട്ടനാട്ടിൽ തന്നെയുള്ള മങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രത്തിന് ഇക്കാര്യത്തിൽ ദിശാപൂർണമായ മാർഗ നിർദേശങ്ങൾ നൽകുവാനുമാകും. ബജറ്റിൽ ഇത്തരം നിർദേശങ്ങൾ വേണ്ടിയിരുന്നുവെന്ന് ക്ഷീരകർഷകർ പറയുന്നു.
ആലപ്പുഴ: പ്രകൃതിദുരന്തങ്ങളിൽ നട്ടംതിരിയുന്ന തീരദേശത്തിന് ആശ്വാസപദ്ധതികളുമായി ബജറ്റ്. പലതും കഴിഞ്ഞകാലത്തെ പ്രഖ്യാപിച്ച പദ്ധതികളുടെ പിന്തുടർച്ചയാണെന്ന് ആക്ഷേപമുണ്ട്. തീരദേശത്തിെൻറ സംരക്ഷണം ഉറപ്പാക്കുന്ന ശാസ്ത്രീയപദ്ധതികളുടെ പ്രഖ്യാപനമാണ് ഇതിൽ പ്രധാനം. കടൽക്ഷോഭം ചെറുക്കാൻ നിലവിൽ പരമ്പരാഗതമായി സ്വീകരിക്കുന്ന മാർഗങ്ങൾ പൂർണമായും ഉപേക്ഷിച്ച് ശാസ്ത്രീയമായി കാര്യങ്ങൾ പഠിച്ചും നിരീക്ഷിച്ചും ദീർഘകാല പരിഹാരപദ്ധതിയാണ് ആവിഷ്കരിച്ചിരിക്കുന്നത്. ആവർത്തിച്ചുള്ള കടൽക്ഷോഭം തടയാൻ ഇൗ പദ്ധതി ഗുണകരമാകുമെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ സർക്കാർ പ്രഖ്യാപിച്ച പല പദ്ധതികളും അതേപടി നിലനിർത്തിയാണ് പല പ്രഖ്യാപനവും.
കിഫ്ബിയിൽനിന്ന് 6500 കോടി അനുവദിച്ച കോസ്റ്റൽ ഹൈവേ പദ്ധതി, തീരദേശ സ്കൂളുകൾ, മത്സ്യവിപണി നിർമാണം, പുനരധിവാസത്തിെൻറ ഭാഗമായി പുനർഗേഹം, തീരദേശ ഹൈവേയിൽ പരിസ്ഥിതി സൗഹൃദ കേന്ദ്രങ്ങൾ തുടങ്ങിയ 11,000 കോടികളുടെ പദ്ധതികളാണ് വീണ്ടും ഇടംപിടിച്ചത്. ഇതിനൊപ്പം തീരദേശ സംരക്ഷണ പദ്ധതി, തീരദേശ ഹൈവേ പദ്ധതി, വേ-സൈഡ് സൗകര്യപദ്ധതി എന്നിവയടങ്ങുന്ന പാക്കേജിനും രൂപംനൽകിയിട്ടുണ്ട്.
പ്രാദേശിക പങ്കാളിത്തം ഉറപ്പാക്കുന്നതിനൊപ്പം പ്രാദേശിക സർക്കാറുകളുടെയും ഫിഷറീസ് വകുപ്പിെൻറയും സാമൂഹികസംഘടനകളുടെയും അഭിപ്രായം തേടിയ ശേഷമാവും തീരദേശത്ത് പദ്ധതി തയാറാക്കുന്നത്. കടൽഭിത്തി ദുർബലമായ ഇടങ്ങളിൽ അടിയന്തര പ്രാധാന്യം കണക്കിലെടുത്ത് ആശ്വാസനടപടി യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കുമെന്ന പ്രഖ്യാപനവും തീരദേശത്തിന് ആശ്വാസമാണ്. ആദ്യഘട്ടത്തിൽ കിഫ്ബിയിൽനിന്ന് അനുവദിച്ചുകിട്ടുന്ന 1500 കോടിയുടെ പദ്ധതികളിൽ തീരദേശസംരക്ഷണം, അടിസ്ഥാന സൗകര്യവികസനം എന്നിവയും ഉൾപ്പെടുന്നുണ്ട്. കടൽക്ഷോഭത്തിൽ ദുർബലമായ കടൽഭിത്തികൾ സംരക്ഷിക്കുന്നതിന് ടെട്രപോഡുകളും ഡയഫ്രം മതിലുകളും സംയോജിപ്പിച്ച് സംരക്ഷണത്തിനായി ഏറ്റെടുക്കും.
കേരള എൻജീനിയറിങ് റിസർച് ഇൻസ്റ്റിട്ട്യൂട്ട്, കേരള ഫോറസ്റ്റ് റിസർച് ഇൻസ്റ്റിറ്റ്യൂട്ട്, നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യൻ ടെക്നോളജി, ഐ.ഐ.ടി ചെന്നൈ, ഐ.ഐ.ടി പാലക്കാട്, എൻജിനീയറിങ് കോളജുകൾ, മറ്റ് സ്ഥാപനങ്ങൾ എന്നിവയുടെ വൈദഗ്ധ്യം തീരദേശ സംരക്ഷണത്തിന് ഏറ്റവും അനുയോജ്യമായ തന്ത്രം ആവിഷ്കരിക്കും. ആൻറിസ്കവർ ലെയറുള്ള ഇരട്ട ലേയേർഡ് ടെട്രപോഡുകൾ, കണ്ടൽക്കാടുകൾ, ആൻറിസ്കവർ ലെയറുള്ള ഡയഫ്രം മതിലുകൾ, റോളിങ് ബാരിയർ സിസ്റ്റം, ജിയോ-കണ്ടെയ്നറുകൾ, ജിയോ-ട്യൂബുകൾ എന്നിവപോലുള്ള പുതിയ സാങ്കേതിക വിദ്യകൾ ഉൾക്കൊള്ളുന്ന ഉചിതമായ സംയോജനമാണ് തീരദേശ പരിരക്ഷ നടപടികൾ രൂപകൽപന ചെയ്യുമെന്ന് ബജറ്റിൽ നിർദേശമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.