ഉൽപാദനത്തേക്കാൾ ഉപഭോഗത്താൽ ചലിക്കപ്പെടുന്നതാണ് കേരള സമ്പദ് വ്യവസ്ഥ. രണ്ടുവർഷത്തെ കോവിഡ് മഹാമാരിമൂലമുള്ള അടച്ചിടൽ കേരളീയരുടെ ഉപഭോഗത്തിൽ വലിയ കുറവ് വരുത്തിയിട്ടുണ്ട്. ആയിരക്കണക്കിന് ആളുകളുടെ തൊഴിലും വരുമാനവും നഷ്ടപ്പെട്ടതുമൂലം കച്ചവടവും കയറ്റിറക്കും ഗതാഗതവും വലിയ മാന്ദ്യം നേരിടുകയാണ്. സമ്പദ്വ്യവസ്ഥയെ ക്ഷണം പിടിച്ചെഴുന്നേൽപ്പിക്കുന്ന ബജറ്റ് നിർദേശങ്ങൾ പ്രതീക്ഷിച്ചിരുന്നവരെ ഈ ബജറ്റ് നിരാശരാക്കി. ഈ ദിശയിൽ കാര്യമായ ഒന്നും ബജറ്റിൽ ഇല്ല.

അതിനുപക്ഷേ കന്നിക്കാരനായ ധനമന്ത്രിയെ കുറ്റം പറയുന്നതിൽ അർഥമില്ല. കഴിഞ്ഞ 20 വർഷമായി കേരളം തുടർന്നുപോരുന്ന ധനകാര്യ നയങ്ങളുടെ അനിവാര്യ പരിണതി എന്ന് കരുതിയാൽ മതി. പൊതുവിഭവ സമാഹരണമെന്ന കഷായത്തേക്കാൾ മാറി മാറി വന്ന ധനമന്ത്രിമാർ കൽപിച്ചത് കടമെടുപ്പ്. ജനങ്ങളാകുന്ന രോഗികൾ ഇച്ഛിച്ചതും അതുതന്നെ. രോഗം മൂർച്ഛിച്ചു വരുമ്പോഴും വൈദ്യന്മാരും രോഗികളും ഒരുപോലെ തൃപ്തർ. ആനന്ദലബ്ധിക്ക് ഇനിയെന്തുവേണം?

സാധാരണ ജനങ്ങളുടെ കൈകളിൽ പണം എത്തിയാൽ അത് ക്ഷണം വിപണിയിലെത്തി സാമ്പത്തിക പ്രവർത്തനങ്ങളെ ചലിപ്പിക്കുമെന്ന് അറിയാത്ത ആളല്ല ധനമന്ത്രി. അതിനുള്ള ഏറ്റവും നല്ല വഴിയായിരുന്നു ക്ഷേമ പെൻഷനുകൾ വർധിപ്പിക്കുക എന്നത്. 1600ൽനിന്ന് 2000 ആയി വർധിപ്പിക്കുന്നതുപോകട്ടെ, 1700 ആയി എങ്കിലും വർധിപ്പിക്കാമായിരുന്നു. അതിന് ധനമന്ത്രിയുടെ മറുപടി 'സമയമായില്ല' പോലും! നമ്മുടെ സമൂഹത്തിൽ ദീർഘവീക്ഷണമോ ധനശാസ്ത്രയുക്തിയോ അശേഷമില്ലാതെ പൊതുനയങ്ങൾ പിന്തുടരുന്നതിന്‍റെ കെടുതിയാണിത്. എങ്ങനെയും തുടർഭരണം എന്ന ലക്ഷ്യം വെച്ച് സമൂഹത്തിലെ വെറും നാല് ശതമാനം വരുന്ന സർക്കാർ ഉദ്യോഗസ്ഥർക്കും പെൻഷൻകാർക്കും വാരിക്കോരി കൊടുത്ത് ഖജനാവ് കാലിയാക്കി.

കോവിഡിന്‍റെ മൂന്നാം തരംഗവും സംസ്ഥാനത്തിന്‍റെ ധനസ്ഥിതിയും പരിഗണിച്ച് ശമ്പള-പെൻഷൻ പരിഷ്കരണങ്ങൾ മാറ്റിവെക്കാമായിരുന്നു. ഭരണം പോകുന്നെങ്കിൽ പോകട്ടെ എന്ന് വെക്കാമായിരുന്നു. ജൂൺ മാസത്തോടെ കേന്ദ്രം ചരക്കുസേവന നികുതി നഷ്ടപരിഹാരം നിർത്തിയാൽ കേരള ധനകാര്യം നിലയില്ലാ കയത്തിലേക്ക് പതിക്കും. നഷ്ട പരിഹാരം തുടർന്നും ലഭിക്കും എന്ന സങ്കൽപത്തിൽ തയാറാക്കിയ ബജറ്റാണ് ഇതെന്നോർക്കണം. വൻ ചെലവുകൾ വരുത്തിവെച്ചിട്ട് വിഭവ സമാഹരണത്തിന് ശ്രമിക്കാതിരിക്കുന്നതിൽ എന്തെങ്കിലും ന്യായീകരണമുണ്ടോ? അതിനുള്ള മാർഗങ്ങൾ പരിമിതമാണെന്ന് വിലപിക്കുകയാണ് ധനമന്ത്രി.

പെട്രോളിന്‍റെയും മദ്യത്തിന്‍റെയും മേലുള്ള നികുതി നിരക്കുകൾ വളരെ ഉയർന്നതായതുകൊണ്ട് ഇനി വർധിപ്പിക്കാൻ ആവുകയില്ല പോലും! ഇതുകേട്ടാൽ ഇന്ത്യൻ ഭരണഘടന സംസ്ഥാനങ്ങൾക്ക് വിഭവ സമാഹരണത്തിന് അധികാരങ്ങളേ നൽകിയിട്ടില്ല എന്ന് തോന്നും. കേന്ദ്രം കനിഞ്ഞില്ലെങ്കിൽ രക്ഷയില്ലെന്ന്. കേരളത്തെ ഒരു കേന്ദ്രഭരണ പ്രദേശമായി പ്രഖ്യാപിച്ചാൽപ്പോലും അതിശയമില്ല. അതിനൊക്കെ വഴിമരുന്നിടുന്നതാണ് ഈ ധനകാര്യഷണ്ഡത്വം!

സത്യമെന്താണ്? ശമ്പളത്തിന്‍റെയും പെൻഷന്‍റെയുമൊക്കെ പ്രയോജനം കുത്തിയൊഴുകുന്ന മധ്യവർഗത്തിൽ നിന്നും സമ്പന്നരിൽ നിന്നും പൊതുവിഭവങ്ങൾ സമാഹരിക്കാൻ കേരളത്തിലെ മുന്നണി രാഷ്ട്രീയം എക്കാലവും വിമുഖമാണ്. 1972-73ൽ ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിലെ റവന്യു ചെലവിന്‍റെ 5.55 ശതമാനം ഫീസുകളായി പിരിച്ചിരുന്നു. 2019-20 ആകുമ്പോൾ ഇത് 1.49 ശതമാനം ആയി കുറഞ്ഞിരിക്കുന്നു. അന്നത്തെ ഫീസ് നിരക്കുകൾ ഇന്ന് ചുമത്തിയാൽ 2838.20 കോടി രൂപ സമാഹരിക്കാം.

വൈദ്യുതി തീരുവ, സർക്കാർ ഭൂമിയുടെ പാട്ടം, തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങൾ ചുമത്തുന്ന കെട്ടിട നികുതി, തൊഴിൽ നികുതി എന്നിവയൊക്കെ വർധിപ്പിക്കാം. പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരി വിറ്റ് കേന്ദ്രം എത്രയോ കോടി രൂപ സമാഹരിക്കുന്നു. കെ.എസ്.ഇ.ബിയുടെ ആസ്തിയിൽ പകുതി പണമാക്കി മാറ്റിയാൽ 20,000 കോടി രൂപ സമാഹരിക്കാമായിരുന്നു. ആസ്തികൾ കെട്ടിപ്പിടിച്ചിരുന്ന് ദാരിദ്ര്യം അനുഭവിക്കുന്ന പഴയ തറവാട്ടുകാരണവന്മാരുടെ മനോഭാവം സർക്കാറിന് ചേർന്നതല്ല.

ഇങ്ങനെയൊക്കെ ആണെങ്കിലും കേരളത്തെ ഒരു വിജ്ഞാന സമൂഹമാക്കി മാറ്റാനുള്ള അദമ്യമായ ആഗ്രഹം ബജറ്റ് പ്രദർശിപ്പിക്കുന്നുണ്ട്. സർവകലാശാലകളിലെ ഗവേഷണത്തിനും ഉൽപന്ന വികസനത്തിനുമായുള്ള ഇൻകുബേഷൻ സെന്‍ററുകൾ, നൈപുണ്യവികസനത്തിനുവേണ്ടിയുള്ള നിർദേശങ്ങൾ തുടങ്ങിയവ ഉദാഹരണം. എടുത്തുപറയേണ്ട ഒരു കാര്യം സ്വകാര്യമൂലധനത്തോടുള്ള നയം മാറ്റമാണ്. സംരംഭകത്വം ഒരു ബൂർഷ്വാ മൂല്യം ആയിരുന്നതൊക്കെ മാറി. ഓരോ വീട്ടിലും സംരംഭം എന്നതാണ് പുതിയ മുദ്രാവാക്യം. ഒന്നുകിൽ ആശാന്‍റെ നെഞ്ചത്ത്, അല്ലെങ്കിൽ കളരിക്ക് പുറത്ത് എന്നാണല്ലോ.

കാർഷികമേഖലയിലെ പ്രഖ്യാപനങ്ങൾ നടപ്പായാൽ വലിയ മുന്നേറ്റം പ്രതീക്ഷിക്കാം. കേരളത്തിന്‍റെ ദീർഘകാല ധനകാര്യ സുസ്ഥിരത ഭീഷണി നേരിടുന്നു എന്ന വസ്തുത ബജറ്റ് വ്യക്തമാക്കുന്നു. ദീർഘകാലം കടംകൊണ്ട് കാര്യങ്ങൾ നടത്തുന്ന ഒരു സമൂഹത്തിൽ നികുതിപിരിവ് ബുദ്ധിമുട്ടായിവരും. പിരിക്കാവുന്ന, പിരിക്കേണ്ട നികുതിക്കുപകരം കടമെടുത്ത് കാര്യങ്ങൾ നടത്തുന്നതിൽ വലിയ അപകടം പതിയിരിപ്പുണ്ട്. നികുതിയിൽനിന്ന് നിയമവിധേയമായോ അല്ലാതെയോ മാറിനിൽക്കാൻ ഭാഗ്യം സിദ്ധിച്ചവരിലേക്കാണ് ശമ്പളത്തിന്‍റെയും പെൻഷന്‍റെയുമൊക്കെ രൂപത്തിൽ പൊതുവിഭവങ്ങൾ എത്തിച്ചേരുന്നത് എന്നതാണ് വിരോധാഭാസം. ഒന്നര മണിക്കൂറോളമെടുത്ത ബജറ്റുവായനക്ക് പകരം കേരളത്തിന്‍റെ യഥാർഥ ധനസ്ഥിതി പ്രതിഫലിപ്പിക്കുന്ന ധവളപത്രം ധനമന്ത്രി നിയമസഭക്ക് മുമ്പിൽ വെച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചുപോകുന്നു.

(ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഫാക്കൽറ്റിയാണ് ലേഖകൻ)

Tags:    
News Summary - Dangerous in borrowing about kerala budget 2022

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.