തിരുവനന്തപുരം: കേന്ദ്ര വിഹിതം വെട്ടിക്കുറക്കുകയും സംസ്ഥാനം സാമ്പത്തിക ഞെരുക്കത്തിലേക്ക് നീങ്ങുകയും ചെയ്യുന്ന സാഹചര്യത്തിൽ അതിജീവനത്തിന് ഒറ്റക്കെട്ടായുള്ള മുന്നേറ്റത്തിന് ആഹ്വാനം ചെയ്ത് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. ബജറ്റ് പ്രസംഗത്തിന്റെ അവസാനത്തിൽ കേന്ദ്രത്തിന്റെ നടപടികൾ അക്കമിട്ട് വിശദീകരിച്ച ശേഷമായിരുന്നു ഐക്യാഹ്വാനം.
'പല വിഷയങ്ങളിലും രാഷ്ട്രീയമായ ഭിന്നാഭിപ്രായമുള്ളവരാണ് നമ്മൾ. അതൊന്നും സംസ്ഥാന താൽപര്യം സംരക്ഷിക്കുന്നതിന് വിഘാതമാകാൻ പാടില്ല. ഭരണപക്ഷവും പ്രതിപക്ഷവും ഉൾപ്പെടെ എല്ലാ രാഷ്ട്രീയ കക്ഷികളും സംസ്ഥാനത്തിന്റെ പൊതുതാൽപര്യത്തിനായി ഒന്നിച്ചുനിൽക്കുമെന്നാണ് എന്റെ പ്രതീക്ഷ' -മന്ത്രി പറഞ്ഞു.
നിപ്പയും കോവിഡും പ്രളയവും സൃഷ്ടിച്ച പ്രതിസന്ധികളെയും അസാധാരണ വരുമാനനഷ്ടത്തെയും സുധീരമായി നേരിടാൻ കഴിഞ്ഞു. ഒരുദിവസം പോലും ട്രഷറി അടച്ചിട്ടില്ല. ഉത്തരവാദിത്തങ്ങളിൽനിന്ന് ഒഴിഞ്ഞുമാറിയുള്ള ചെലവ് ചുരുക്കൽ നയമല്ല, എല്ലാവരെയും ചേർത്തുപിടിക്കുന്ന സമീപനമാണ് ബദലെന്ന് തെളിയിച്ചെന്നും മന്ത്രി കൂട്ടിച്ചേർത്തു.
• ജി.എസ്.ടി നഷ്ടപരിഹാര ഇനത്തിൽ കേരളത്തിന് ലഭിക്കേണ്ട തുകയിൽ ജൂണിന് ശേഷം 11,000 കോടിയുടെ കുറവുണ്ടാകുമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ജി.എസ്.ടി നഷ്ടപരിഹാര സംവിധാനം കേന്ദ്രം അവസാനിപ്പിക്കുകയാണ്.
• കേന്ദ്രത്തിൽനിന്നുള്ള നികുതി വിഹിതം സംസ്ഥാനത്തിന്റെ റവന്യൂ വരുമാനത്തിലെ പ്രധാന സ്രോതസാണ്. ഒരു വശത്ത് വൻകിട കോർപറേറ്റുകൾക്ക് നികുതിയിളവ് നൽകുമ്പോൾ മറുവശത്ത് സംസ്ഥാനങ്ങൾക്ക് വീതിച്ച് നൽകേണ്ടാത്ത സെസ്, സർചാർജ് എന്നിവ വഴി വലിയ തോതിൽ കേന്ദ്രം വിഭവ സമാഹരണം നടത്തുകയാണ്.
• 14ാം ധനകാര്യ കമീഷൻ 42 ശതമാനമാണ് സംസ്ഥാനത്തിന് ശുപാർശ ചെയ്തതെങ്കിൽ 15 ാം കമീഷൻ 41 ആക്കി ചുരുക്കി. ഡിവിസിബിൾ പൂളിൽനിന്ന് പത്താം ധനകാര്യ കമീഷന്റെ സമയത്ത് 3.875 ശതമാനമായിരുന്നു കേരളത്തിന്റെ വിഹിതമെങ്കിൽ 15 ാം കമീഷന്റെ കാലത്ത് 1.925 ശതമാനമായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.