തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതി പ്രകാരമുള്ള വായ്പ പരിധി ഒരു കോടിയിൽനിന്ന് രണ്ട് കോടിയാക്കി. ഒപ്പം ചെറുകിട-ഇടത്തരം സംരംഭങ്ങൾക്ക് കേരള ഫിനാൻഷ്യൽ കോർപറേഷന്റെ (കെ.എഫ്.സി) വക കൈത്താങ്ങും. സംരംഭകത്വ വികസന പദ്ധതി ഈ വർഷം 500 കോടി രൂപ വായ്പ നൽകത്തക്കരീതിയിൽ പുനരാവിഷ്കരിക്കും. പദ്ധതിക്ക് പലിശയിളവ് നൽകാൻ 18 കോടി വകയിരുത്തി.
• ചെറുകിട-ഇടത്തരം സംരംഭക മേഖലയിലെ ബില്ലുകൾ ലളിത വ്യവസ്ഥയിലും കുറഞ്ഞ പലിശ നിരക്കിലും ഡിസ്കൗണ്ട് ചെയ്യുന്നതിനാൽ കെ.എഫ്.സി പുതിയ സ്കീം നടപ്പാക്കും. എം.എസ്.എം.ഇ ബിൽ ഡിസ്കൗണ്ടിങ് പദ്ധതിക്ക് 1000 കോടി രൂപ.
• ചെറുകിട-ഇടത്തരം സംരംഭങ്ങൾ നേരിടുന്ന പ്രധാന പ്രശ്നമായ പ്രവർത്തന മൂലധനത്തിന്റെ അഭാവം പരിഹരിക്കുന്നതിന് കെ.എഫ്.സി വെർച്വൽ പ്രവർത്തന മൂലധന വായ്പ പദ്ധതി നടപ്പാക്കും.
• ഉദ്യം രജിസ്ട്രേഷനുള്ള മുഴുവൻ പേരെയും വായ്പ പദ്ധതിയിൽ ഉൾപ്പെടുത്തും. പ്രവർത്തന മൂലധന വായ്പക്കായി 500 കോടി കെ.എഫ്.സി വകയിരുത്തും.
• കാർഷിക വ്യവസായങ്ങൾ, അഗ്രി സ്റ്റാർട്ടപ്പുകൾ, ഭക്ഷ്യ സംസ്കരണ യൂനിറ്റുകൾ, വെയർ ഹൗസ് ഗോഡൗൺ, കോൾഡ് സ്റ്റോറേജ് എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന് 10 കോടിവരെ കെ.എഫ്.സി വായ്പ (പലിശ അഞ്ച് ശതമാനം).
• സ്റ്റാർട്ടപ്പുകളുടെ ആശയരൂപവത്കരണം, വാണിജ്യവത്കരണം ലക്ഷ്യമിട്ട് കെ.എഫ്.സിയുടെ സ്റ്റാർട്ടപ് പദ്ധതി പുനരാവിഷ്കരിക്കും.
• കെ.എഫ്.സി 250 കോടി രൂപ സ്റ്റാർട്ടപ് സംരംഭങ്ങൾക്ക് തുക വകയിരുത്തും.
• കെ.എഫ്.സിയുടെ മൊത്തം വായ്പ ആസ്തി രണ്ടുവർഷത്തിനകം 10,000 കോടിയാക്കും.
കെ.എഫ്.സി അഞ്ച് ബ്രാഞ്ചുകൾകൂടി ആരംഭിക്കും.
• കെ.എസ്.എഫ്.ഇ ശാഖകളുടെ എണ്ണം 2025 ഓടെ 1000 ആയും ഇടപാടുകാരുടെ എണ്ണം ഒരു കോടിയായും വിറ്റുവരവ് ഒരു ലക്ഷം കോടിയായും ഉയർത്തും.
• അടുത്ത സാമ്പത്തിക വർഷം കെ.എസ്.എഫ്.ഇ മൂന്ന് മേഖല ഓഫിസും 15 മൈക്രോ ശാഖകളും ആരംഭിക്കും. എല്ലാ ആവശ്യങ്ങൾക്കും പൊതുജനങ്ങൾക്ക് സമീപിക്കാവുന്ന ലോൺ ഹബ്ബായി കെ.എസ്.എഫ്.ഇയെ ഉയർത്തും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.