തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ചക്ക് കോവിഡ് മഹാമാരി കടുത്ത ആഘാതം സൃഷ്ടിച്ചെന്ന് സാമ്പത്തികാവലോകന റിപ്പോർട്ട്. സാമ്പത്തിക വളർച്ച മൈനസിലേക്ക് താഴ്ന്നു. സംയോജിത മൂല്യം (സ്ഥിര വിലയിൽ) 19-20ലെ 2.19 ശതമാനത്തിൽനിന്ന് മൈനസ് 8.16 ശതമാനമായി കുറഞ്ഞതായി ആസൂത്രണ ബോർഡ് തയാറാക്കി ധനമന്ത്രി നിയമസഭയിൽ സമർപ്പിച്ച റിപ്പോർട്ട് പറയുന്നു. നടപ്പ് വിലയിൽ കണക്കാക്കുമ്പോൾ ഇത് 19-20ലെ 5.8 ശതമാനത്തിൽനിന്ന് മൈനസ് 2.54 ശതമാനമായി താഴ്ന്നു. ആഭ്യന്തര ഉൽപന്ന വളർച്ചയിലെ ഇടിവ് സ്ഥിരവിലയിൽ മൈനസ് 9.20 ശതമാനവും നടപ്പ് വിലയിൽ മൈനസ് 3.02 ശതമാനവുമാണ്.
പ്രാഥമിക മേഖല 20-21ൽ 6.28 ശതമാനം വളർച്ച രേഖപ്പെടുത്തിയെങ്കിലും ഉൽപാദന-സേവന മേഖലകളിലെ വളർച്ച യഥാക്രമം മൈനസ് 3.71, മൈനസ് 3.64 ശതമാനമാണ്. വ്യവസായം, വ്യാപാരം, അറ്റകുറ്റ സേവനങ്ങൾ എന്നിവ ഉൾപ്പെട്ട മേഖലകളെയെല്ലാം ബാധിച്ചു. സാമ്പത്തിക വ്യവസ്ഥയുടെ ചാലക ശക്തികളായ മേഖലകളെ പകർച്ച വ്യാധിയും രണ്ടുവർഷത്തെ അടച്ചിടലും ബാധിച്ചു. കാലാവസ്ഥ വ്യതിയാനങ്ങളുടെ ആഘാതങ്ങളും 2021ലെ അതിവൃഷ്ടിയും സംസ്ഥാനത്തെിന്റെ വളർച്ചാ ക്രമത്തെ ബാധിച്ചു. സുസ്ഥിര വികസനത്തിന് ഇവ ഗുരുതര ഭീഷണിയായി.
സർക്കാറിന്റെ സാമ്പത്തിക ഉത്തേജക പാക്കേജുകളില്ലായിരുന്നെങ്കിൽ വളർച്ച മുരടിപ്പ് കൂടുതൽ ശക്തമാകുമായിരുന്നു. റവന്യൂ കമ്മി 1.76 ശതമാനത്തിൽ നിന്ന് 2.51 ശതമാനമായും ധനകമ്മി മുൻ വർഷത്തെ 2.89 ശതമാനത്തിൽ നിന്ന് 20-21ഇ 4.40 ശതമാനമായും വർധിച്ചു. വരുമാനത്തിൽ നേരിയ വർധന വന്നു. മൂലധന വിഹിതം 1.03 ശതമാനത്തിൽ നിന്ന് 1.61 ശതമാനമായി ഉയർന്നു. ജനസേചന വിസ്തൃതി വർധിച്ചു. നെല്ലും തെങ്ങും നേട്ടങ്ങൾ കൈവരിച്ചു.
നിർമാണ ഖേമലയിലെ വളർച്ച കുറഞ്ഞു. ഇതിന്റെ വളർച്ച മൈനസ് 8.94 ശതമാനമാണ്. പൊതുമേഖല സ്ഥാപന വിറ്റുവരവ് 4.7 ശതമാനം വർധിച്ചു. വ്യവസായങ്ങളിൽ കോവിഡ് ആഘാതം രൂക്ഷമായിരുന്നു.
വിതരണ ശൃംഖലയിലെ തടസ്സം, വിപണി അടച്ചുപൂട്ടൽ, തൊഴിൽദിന നഷ്ടം എന്നിവ മിക്ക വ്യവസായങ്ങളുടെയും ഉൽപാദനത്തെയും വിൽപനയെയും ബാധിച്ചു. പരമ്പരാഗത വ്യവസായങ്ങളെ സാരമായി ബാധിച്ചു. രാജ്യാന്തര സന്ദർശകരുടെ എണ്ണത്തിൽ മൂന്ന് ലക്ഷത്തിന്റെ കുറവ് വന്നു. ടൂറിസം രംഗത്തെ വരുമാനം 2019ലെ 45,010 കോടിയിൽ നിന്ന് 2020ൽ 11,335 കോടിയായി കുറഞ്ഞു.
തിരുവനന്തപുരം: കാർഷിക രംഗത്ത് വിളമേഖലയുടെ സംഭാവന വർധിച്ചെന്ന് സാമ്പത്തികാവലോകനം. ഇത് 4.32ൽ നിന്ന് 4.96 ശതമാനമായി ഉയർന്നു. 19-20നെ അപേക്ഷിച്ച് 20-21ൽ കാർഷിക മേഖല പുരോഗതി പ്രാപിച്ചു. കൃഷി അനുബന്ധ മേഖലകളുടെ വിഹിതം 8.38 ശതമാനത്തിൽ നിന്ന് 9.44 ആയി ഉയർന്നു.
കന്നുകാലി മേഖലയിലും വളർച്ചയുണ്ടായി. അരി, മരച്ചീനി, മധുരക്കിഴങ്ങ് എന്നിവയുടെ ഉൽപാദനം യഥാക്രമം 6.8, 16.8, 56.6 ശതമാനം വീതം വർധിച്ചു. കുരുമുളക് കുറഞ്ഞു. ഇഞ്ചി, മഞ്ഞൾ ഉൽപാദനം കൂടി. റബർ ഉൽപാദനത്തിൽ നേരിയ ഇടിവ് വന്നു. നേന്ത്രപ്പഴം ഉൽപാദനം 0.8 ശതമാനവും കുറഞ്ഞു. എന്നാൽ, മറ്റ് വാഴകളിൽ 1.5 ശതമാനം വർധിച്ചു.
തിരുവനന്തപുരം: തൊഴിലില്ലായ്മ ഗുരുതരമായ ആശങ്കയാണെന്ന് സാമ്പത്തികാവലോകന റിപ്പോർട്ട്. തൊഴിലില്ലായ്മ 18-19ലെ ഒമ്പത് ശതമാനത്തിൽനിന്ന് 19-20ൽ പത്ത് ശതമാനമായി വർധിച്ചു. 17 ലക്ഷം പ്രവാസികൾ മടങ്ങിയെത്തി. മടങ്ങിയെത്തിവരിൽ 72 ശതമാനത്തിനും ജോലി നഷ്ടപ്പെട്ടു.
തൊഴിലന്വേഷകരുടെ എണ്ണം 2020 ലെ 34.31 ലക്ഷത്തിൽനിന്ന് 2021ൽ 38.33 ലക്ഷമായി. ഇവരിൽ 14.16 ലക്ഷം പുരുഷന്മാരും 24.16 ലക്ഷം സ്ത്രീകളുമാണ്. തൊഴിലന്വേഷകരിൽ 2,90,011 പേർ പ്രഫഷനൽ യോഗ്യതയുള്ളവരാണ്. 11,103 മെഡിക്കൽ ബിരുദധാരികൾ, 56540 എൻജിനീയറിങ് ബിരുദധാരികൾ, 43081 എൻജി. ഡിപ്ലോമക്കാർ, 66916 ഐ.ടി.ഐ സർട്ടിഫിക്കറ്റുകാർ, 1533 കാർഷിക ബിരുദധാരികൾ, 856 വെറ്ററിനറി ബിരുദക്കാർ എന്നിവർ തൊഴിൽ അന്വേഷകരായുണ്ട്. മറ്റുള്ളവർ 109984 പേർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.