തിരുവനന്തപുരം: ഏറെ വ്യത്യസ്തമായിരുന്നു ധനമന്ത്രി കെ.എൻ. ബാലഗോപാലിന്‍റെ ആദ്യ സമ്പൂർണ ബജറ്റ് അവതരണം. മുൻ ധനമന്ത്രിമാർ പേപ്പർ മറിച്ച് മറിച്ച് ഏറെ കഷ്ടപ്പെട്ടിരുന്ന സ്ഥാനത്ത് ടാബിലെ 'ടച്ചിലൂടെ' പേജുകൾ മറിച്ച് ബാലഗോപാൽ രണ്ടേകാൽ മണിക്കൂർ നീണ്ട പ്രസംഗം പൂർത്തിയാക്കിയപ്പോൾ പുതുചരിത്രമായി.
കടലാസ് രഹിത നിയമസഭ എന്ന ശ്രമം തുടരുന്നതിനിടെ, ഡിജിറ്റൽ സംവിധാനത്തിലൂടെ ബജറ്റ് അവതരിപ്പിച്ച മന്ത്രിക്ക് സ്പീക്കർ എം.ബി. രാജേഷ് വക അഭിനന്ദനവുമെത്തി. നല്ലൊരു തുടക്കമാണിതെന്നും സഭയുടെ ചരിത്രത്തിൽ ആദ്യമായാണ് പേപ്പർ രഹിത ബജറ്റ് അവതരണം നടക്കുന്നതെന്നും സ്പീക്കർ പറഞ്ഞു. രാവിലെ, എട്ടേമുക്കാലോടെ സഭയിലെത്തിയ ബാലഗോപാൽ ഭരണ-പ്രതിപക്ഷാംഗങ്ങൾക്ക് അരികിലെത്തി കുശലാന്വേഷണം നടത്തിയ ശേഷമാണ് ബജറ്റ് അവതരണത്തിന് തയാറായത്.
കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വന്ന സാഹചര്യത്തിൽ മാസ്ക് ഊരിവെച്ച് പ്രസംഗിക്കാൻ അനുമതി നൽകണമെന്ന ആവശ്യത്തോടെയായിരുന്നു തുടക്കം. മാസ്ക് മാറ്റി പ്രസംഗിക്കാൻ ചെയർ അനുവദിച്ചു. പ്രസംഗത്തിൽ മുൻകാലങ്ങളിലെ പോലെ കവിതയോ, കഥയോ ഒന്നുമുണ്ടായിരുന്നില്ല.
കൈത്തറി വസ്ത്രങ്ങളെക്കുറിച്ച് പരാമർശിച്ചപ്പോൾ താൻ ധരിച്ചിരിക്കുന്നത് കൈത്തറി വസ്ത്രമാണെന്ന് മന്ത്രി പറഞ്ഞു. അടുത്തിരിക്കുന്ന വ്യവസായമന്ത്രി പി. രാജീവ് പ്രചാരണത്തിനായി പറഞ്ഞതുകൊണ്ടാണ് അത്തരമൊരു പരാമർശം നടത്തിയതെന്ന ധനമന്ത്രിയുടെ വാക്കുകൾ കൂട്ടച്ചിരിയുയർത്തി. ഇക്കുറി, താൻ സാഹിത്യത്തിൽ കൈവെച്ചില്ലെങ്കിലും അടുത്ത തവണ അത് ഉദ്ദേശിക്കുന്നുണ്ടെന്ന് പിന്നീട്, വാർത്തസമ്മേളനത്തിൽ മന്ത്രി പറഞ്ഞതും കൂട്ടച്ചിരിയുയർത്തി.
സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഘട്ടത്തിൽ ചെലവ് ചുരുക്കൽ നടപടി സ്വന്തം വീട്ടിൽനിന്ന് ആരംഭിച്ചാണ് മന്ത്രി ബജറ്റ് അവതരണത്തിനിറങ്ങിയത്. ബജറ്റ് ദിവസം രാവിലെ വീട്ടിലെത്തുന്ന ഉദ്യോഗസ്ഥർക്ക് വിഭവ സമൃദ്ധമായ പ്രാതലായിരുന്നു മുൻമന്ത്രി തോമസ് ഐസക്കിന്‍റെ പതിവ്. ആ പതിവ് സി.പി.എം സെക്രട്ടേറിയറ്റ് അംഗം കൂടിയായ ബാലഗോപാൽ മാറ്റി.
ബജറ്റ് രേഖകളുമായി രാവിലെയെത്തിയ അച്ചടി വകുപ്പ് ഡയറക്ടർ എ.ടി. ഷിബു, സർക്കാർ പ്രസുകളുടെ സൂപ്രണ്ട് എ. സലിം, ഡെപ്യൂട്ടി സൂപ്രണ്ട് കെ.ജി. ത്യാഗി, അസി. സൂപ്രണ്ട് അബ്ദുൽ സലാം ഉൾപ്പെടെ ഉദ്യോഗസ്ഥർക്ക് ചായയും ഉഴുന്നുവടയും കട്‌ലറ്റും മാത്രമാണ് നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.