രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും ഒക്ടോബർ ഒന്നു മുതൽ ഡീസലിന് ലിറ്ററിന്മേൽ രണ്ടു രൂപ കൂടും. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ പെട്രോളിന് വിലയേറും. എത്തനോളോ ജൈവ ഡീസലോ കലർത്താതെ വിൽക്കുന്ന ഇന്ധനത്തിന് അധിക എക്സൈസ് തീരുവ ഏർപ്പെടുത്താൻ കേന്ദ്രബജറ്റിലുള്ള നിർദേശം മൂലമാണിത്. പതിവു വർധനകൾക്ക് പുറമെയാണ് ഇത്.
കരിമ്പിൽ നിന്നും ഭക്ഷ്യധാന്യങ്ങളിൽ നിന്നും എടുക്കുന്ന 10 ശതമാനം എത്തനോൾ കലർത്തിയാണ് പെട്രോൾ ഇപ്പോൾ നൽകിവരുന്നത്. എണ്ണ ഇറക്കുമതിയെ ആശ്രയിക്കുന്നത് അത്രകണ്ട് കുറക്കുകയാണ് ലക്ഷ്യം. കർഷകർക്കാകട്ടെ, അധിക വരുമാനം. എത്തനോൾ ചേർത്ത പെട്രോളാണ് രാജ്യത്തിന്റെ ഭൂരിഭാഗം സ്ഥലങ്ങളിലും വിൽക്കുന്നത്. വിതരണത്തിലെ സാങ്കേതിക തടസ്സങ്ങളാണ് മറ്റിടങ്ങളിൽ പ്രശ്നം.
ഭക്ഷ്യ ഇതര എണ്ണക്കുരുക്കളിൽ നിന്ന് എടുക്കുന്ന ബയോഡീസൽ പരീക്ഷണാടിസ്ഥാനത്തിൽ ഡീസലിൽ ചേർത്തു വരുന്നു. ഇങ്ങനെ ചെയ്യാത്ത ഇന്ധനത്തിന് രണ്ടു രൂപ അധിക എക്സൈസ് തീരുവ ഒക്ടോബർ ഒന്നു മുതൽ ചുമത്തുമെന്ന് ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു. അതേസമയം കുറഞ്ഞ സമയത്തിനുള്ളിൽ എല്ലായിടത്തും ഇന്ധനത്തിൽ എത്തനോളോ ബയോ ഡീസലോ കലർത്താൻ അടിസ്ഥാന സൗകര്യങ്ങളായിട്ടില്ല.
റേഷൻ, വളം, പെട്രോളിയം ഉൽപന്നങ്ങൾ എന്നിവക്ക് സർക്കാർ നൽകുന്ന സബ്സിഡി വൻതോതിൽ വെട്ടിക്കുറച്ചതായി ബജറ്റ് രേഖകൾ. നടപ്പു വർഷം 39 ശതമാനമാണ് കുറവ്. ബജറ്റിൽ വകയിരുത്തിയത് 7.07 ലക്ഷം കോടി രൂപ. വെട്ടിക്കുറവിനൂശേഷം ആകെ നൽകിയ സബ്സിഡി 4.33 ലക്ഷം കോടി രൂപ.
അടുത്ത വർഷം സബ്സിഡിയിൽ 27 ശതമാനം കൂടി കുറവു വരും. ഇതോടെ 3.17 ലക്ഷം കോടിയാകും. പെട്രോളിയം സബ്സിഡി 38,455 കോടിയിൽ നിന്ന് 6517 കോടി മാത്രമായി. അടുത്ത വർഷം ഇത് 5813 കോടിയായി കുറക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.