ന്യൂഡൽഹി: പെട്രോൾ-ഡീസൽ എക്സൈസ് നികുതി വർധനയിലൂടെ പോക്കറ്റ് വീർപ്പിച്ച് കേന്ദ്രം. കോവിഡ് മഹാമാരിയിൽ എല്ലാ വരുമാനവും കുത്തനെ ഇടിഞ്ഞപ്പോഴും ഇന്ധനങ്ങളുടെ നികുതി വരുമാനത്തിൽ വൻ കുതിപ്പ്. നടപ്പു സാമ്പത്തിക വർഷം 48 ശതമാനമാണ് എക്സൈസ് നികുതി വരുമാനത്തിലെ വർധന.
കോവിഡ് ലോക്ഡൗണും അനുബന്ധ പ്രതിസന്ധികളും മൂലം ഡീസൽ ഉപയോഗം ഏറ്റവും കുറഞ്ഞ സാഹചര്യത്തിലാണിത്. അടിക്കടിയുള്ള പെട്രോൾ, ഡീസൽ വില കൂട്ടലും അതിെൻറ മേലുള്ള വൻ എക്സൈസ് നികുതിയുമാണ് സർക്കാറിെൻറ പോക്കറ്റ് വീർപ്പിക്കുന്നത്.
2020 ഏപ്രിൽ-നവംബർ കാലയളവിൽ 1,96,342 കോടി രൂപ എക്സൈസ് നികുതിയായി പിരിഞ്ഞുകിട്ടിയപ്പോൾ 2019ൽ ഇതേ കാലയളവിൽ 1,32,899 കോടി മാത്രമായിരുന്നു വരുമാനം. ഈ എട്ടുമാസ കാലയളവിൽ കഴിഞ്ഞ വർഷത്തെക്കാൾ 10 ദശലക്ഷം ടൺ ഡീസൽ കുറവാണ് രാജ്യത്ത് ഉപയോഗിച്ചത്. ഇന്ത്യയിൽ ഏറ്റവുമധികം ഉപയോഗിക്കുന്ന ഇന്ധനമാണ് ഡീസൽ. 2019ൽ 55.4 ദശലക്ഷം ടൺ ഡീസൽ ഉപയോഗിച്ച സ്ഥാനത്ത് 2020ൽ 44.9 ദശലക്ഷം ടണ്ണാണ് ഉപയോഗം. പെട്രോൾ ഉപയോഗത്തിലും ഇക്കാലയളവിൽ കുറവുണ്ടായി.
2019 ഏപ്രിൽ- 2020 മാർച്ച് കാലയളവിൽ എക്സൈസ് നികുതി പിരിവ് 2,39,599 കോടി രൂപയാണെന്ന് കൺട്രോളർ ജനറൽ ഓഫ് അക്കൗണ്ട്സ് (സി.ജി.എ) പുറത്തുവിട്ട രേഖകൾ വ്യക്തമാക്കുന്നു. 2014ൽ മോദിസർക്കാർ അധികാരത്തിൽ വന്ന സമയത്ത് ഒരു ലിറ്റർ പെട്രോളിന്മേൽ എക്സൈസ് നികുതി 9.48 രൂപയും ഡീസലിന് 3.56 രൂപയുമായിരുന്നു. ഇപ്പോഴത് പെട്രോളിന് ലിറ്ററിന്മേൽ 32.98 രൂപയും ഡീസൽ ലിറ്ററിന്മേൽ 31.83 രൂപയുമായി. 2014 നവംബറിനും 2016 ജനുവരിക്കുമിടയിൽ പെട്രോളിനും ഡീസലിനും കേന്ദ്ര സർക്കാർ എക്സൈസ് നികുതി കൂട്ടിയത് ഒമ്പതു തവണയാണ്. കഴിഞ്ഞ വർഷം മാർച്ച്, മേയ് മാസങ്ങളിലാണ് നികുതി കുത്തനെ കൂട്ടിയത്.
രണ്ടു തവണയായി പെട്രോളിന് 13 രൂപയും ഡീസലിന് 16 രൂപയും വർധിപ്പിച്ചു. അന്താരാഷ്ട്ര ക്രൂഡ് ഓയിൽ വില രണ്ടു പതിറ്റാണ്ടിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലെത്തിയപ്പോഴായിരുന്നു കൊള്ളലാഭമുണ്ടാക്കാൻ സർക്കാർ നികുതിയിൽ ൈകവെച്ചത്. ഇതോടെ പെട്രോൾ വിലയിൽ 32.98 രൂപയും ഡീസൽ വിലയിൽ 31.83 രൂപയും എക്സൈസ് നികുതിയായി മാറി. കേന്ദ്ര നികുതിയും പ്രാദേശിക വിൽപന നികുതി അല്ലെങ്കിൽ വാറ്റുംകൂടി ചേർത്താൽ ഇന്ധനവിലയിൽ മൂന്നിൽ രണ്ടും നികുതിയാണ്. ഡൽഹിയിൽ നിലവിൽ പെട്രോൾ ലിറ്ററിന് 84.70 രൂപയും ഡീസൽ ലിറ്ററിന് 74.88 രൂപയുമാണ്.
2017ൽ തുടങ്ങിയ ചരക്കുസേവന നികുതിയിൽ ഉൾപ്പെടാത്ത ഇനമാണ് പെട്രോളും ഡീസലും. ഇതിന്മേൽ ചുമത്തുന്ന എക്സൈസ് നികുതി കേന്ദ്രത്തിനും വാറ്റ് സംസ്ഥാനത്തിനുമാണ് ലഭിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.