സൗദിയിൽ ഇലക്ട്രിക് കാർ ചാർജിങ്​ സ്​റ്റേഷനുകൾക്കായി കമ്പനി ആരംഭിക്കുന്നു

ജിദ്ദ: സൗദിയിലുടനീളം ഇലക്​ട്രിക്​ വാഹനങ്ങളുടെ ചാർജിങ്​ സ്​റ്റേഷനുകൾ സ്ഥാപിക്കാനായി ‘ഇലക്ട്രിക് വെഹിക്കിൾ ഇൻഫ്രാസ്ട്രക്ചർ കമ്പനി’ എന്ന പേരിൽ പൊതുമേഖല സ്ഥാപനം ആരംഭിക്കുന്നു. സൗദി പൊതുനിക്ഷേപനിധിയുടെയും (പി.ഐ.എഫ്​) സൗദി ഇലക്‌ട്രിസിറ്റി കമ്പനിയുടെയും സംയുക്ത സംരംഭമായാണ്​ ഇത്​. കമ്പനിയുടെ 75 ശതമാനം ഓഹരി പി.ഐ.എഫി​നും 25 ശതമാനം ഇലക്​ട്രിസിറ്റി കമ്പനിക്കുമായിരിക്കും. രാജ്യത്ത് ഇലക്ട്രിക് കാറുകൾക്ക്​ അതിവേഗ ചാർജിങ്​ സേവനങ്ങളടക്കം ഉയർന്ന നിലവാരമുള്ള അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. ഇത് ആഭ്യന്തര ഇലക്ട്രിക് കാർ സംവിധാനം ശക്തിപ്പെടുത്തുന്നതിനും അവയുടെ ഉപയോഗം ത്വരിതപ്പെടുത്തുന്നതിനും സഹായിക്കും. 2030ഓടെ 1,000 ലധികം സ്ഥലങ്ങളിൽ ചാർജിങ്​ സ്​റ്റേഷനുകൾ സ്ഥാപിക്കും. 5,000ത്തിലധികം ഫാസ്​റ്റ്​ ചാർജിങ്​ പോയിൻറ്​ ​സൗകര്യങ്ങളൊരുക്കും.

ഇലക്​ട്രിക്​ കാറുമായി ബന്ധപ്പെട്ട നിയമങ്ങൾക്കും നിയന്ത്രണങ്ങൾക്കും സാങ്കേതിക സവിശേഷതകൾക്കും അനുസൃതമായാണ്​ രാജ്യത്തെ വിവിധ നഗരങ്ങളിലും ​റോഡുകളിലും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുക. ഇലക്ട്രിക് കാർ കമ്പനികളുമായുള്ള സഹകരണത്തിലൂടെ രാജ്യത്തെ വാഹന മേഖലയുടെയും അതി​െൻറ സംവിധാനത്തിന്‍റെയും വളർച്ച വർധിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഭാവിയിലെ ആവശ്യം നിറവേറ്റുന്നതിന് വേണ്ട ചാർജിങ്​ പോയിൻറുകൾ സ്ഥാപിക്കും. ചാർജിങ്​ പോയിൻറുകളുടെ ശൃംഖല വികസിപ്പിക്കുന്നതിൽ സ്വകാര്യമേഖലയുടെ പങ്കാളിത്തം വർധിപ്പിക്കാനും കമ്പനി പ്രവർത്തിക്കും. നൂതന സാങ്കേതികവിദ്യകൾ ആവശ്യമുള്ള വസ്തുക്കളുടെ ഗവേഷണം, വികസനം, നിർമാണം എന്നിവ സ്വദേശിവത്​കരിക്കാനുള്ള ശ്രമങ്ങളെ പിന്തുണക്കും.

ഉയർന്ന നിലവാരമുള്ള അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിക്കുകയും വലിയ തോതിൽ അവ നൽകുകയും ചെയ്യുന്നതിലൂടെ ഇലക്ട്രിക് വാഹനങ്ങളുടെ വ്യാപകമായ ഉപയോഗത്തിലേക്കുള്ള മാറ്റത്തിനാണ്​ ഇലക്ട്രിക് വെഹിക്കിൾ ഇൻഫ്രാസ്ട്രക്ചർ കമ്പനി പ്രവർത്തിക്കുകയെന്ന്​ പൊതുനിക്ഷേപ നിധി​ പശ്ചിമേഷ്യ-ഉത്തരാഫ്രിക്ക മേഖല​ നിക്ഷേപ വിഭാഗം ഡയറക്ടർ ഉമർ അൽമാദി പറഞ്ഞു.

സൗദി ഇലക്‌ട്രിസിറ്റി കമ്പനിയുടെ വിതരണ ശൃംഖലകൾ വഴി ഫാസ്​റ്റ്​ ചാർജറുകൾ അതിവേഗം സ്ഥാപിക്കാൻ സാധിക്കും. ‘വിഷൻ 2030’ന് അനുസൃതമായി സാമ്പത്തിക വളർച്ചയും വൈവിധ്യവൽക്കരണവും വർധിപ്പിക്കുകയും ഇലക്ട്രിക് വാഹന മേഖലയിൽ രാജ്യത്തിന്‍റെ മുൻനിര സ്ഥാനം ഉറപ്പിക്കുകയും ചെയ്യാൻ പുതിയ കമ്പനി വലിയ പങ്ക്​ വഹിക്കുമെന്നും ഉമർ അൽമാദി പറഞ്ഞു.

സുസ്ഥിര ഊർജമേഖലയിൽ രാജ്യത്തി​ന്‍റെ ആഗോള നേതൃത്വം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഫലപ്രദമായ പദ്ധതികളും തന്ത്രങ്ങളും വികസിപ്പിക്കുന്നതിനും നടപ്പാക്കുന്നതിനും രാജ്യത്തെ ഊർജ സംവിധാനത്തിനുള്ളിലാണ്​ തങ്ങൾ പ്രവർത്തിക്കുന്നതെന്ന്​ സൗദി ഇലക്‌ട്രിസിറ്റി കമ്പനി സി.ഇ.ഒ ഖാലിദ് ബിൻ ഹമദ് അൽഖുനൂൻ പറഞ്ഞു. രാജ്യത്ത് നൂതന ഊർജപരിഹാരങ്ങൾ നൽകുന്നതിനും ഈ മേഖലയിൽ അധിക മൂല്യം വർധിപ്പിക്കുന്നതിനും രാജ്യം നടത്തുന്ന ശ്രമങ്ങളുടെ തുടർച്ചയാണിതെന്നും അദ്ദേഹം സൂചിപ്പിച്ചു.

Tags:    
News Summary - The company is launching electric car charging stations in Saudi Arabia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.