കേരളത്തിന്‍െറ ഷോപ്പിങ് രംഗം മാളുകളിലേക്ക് കേന്ദ്രീകരിക്കപ്പെടുകയാണ്. കൊച്ചിയിലെ ലുലുമാളിന്‍െറ അഭൂതപൂര്‍വമായ വിജയംമൂലം സംസ്ഥാനത്തെ ചെറുപട്ടണങ്ങളില്‍പോലും അലയൊലികള്‍ സൃഷ്ടിക്കപ്പെട്ടുകഴിഞ്ഞു. നിലവില്‍ കേരളത്തില്‍ 15 മാളുകളാണ് പ്രവര്‍ത്തിക്കുന്നത്. നിര്‍മാണത്തിലിരിക്കുന്നവകൂടി കണക്കാക്കിയാല്‍ രണ്ടുവര്‍ഷത്തിനുള്ളില്‍ 50 വമ്പന്‍ മാളുകളുള്ള സംസ്ഥാനമായി കേരളം മാറും.
സൂപ്പര്‍മാര്‍ക്കറ്റും മള്‍ട്ടിപ്ളക്സും ഫുഡ് കോര്‍ട്ടും പാര്‍ക്കിങ്ങും വിനോദത്തിനും സൗകര്യമുള്ള ലക്ഷത്തിലേറെ ചതുരശ്രഅടി വിസ്ത്രീര്‍ണമുള്ള വ്യാപാര സമുച്ചയമാണ് മാളുകള്‍. അതായത് എല്ലാവിധ സാധനങ്ങളും വാങ്ങി ഏതുതരം ഭക്ഷണവും കഴിച്ച് സിനിമയും മറ്റ് വിനോദോപാധികളും ആസ്വദിച്ച് വേണമെങ്കില്‍ ഒരുദിവസം മുഴുവന്‍ ചെലവഴിച്ചശേഷം വീട്ടിലേക്ക് മടങ്ങാവുന്ന കൂറ്റന്‍ വ്യാപാരസമുച്ചയമാണ് ഇവ. എല്ലാം ഒരു കുടക്കീഴില്‍ എന്ന വികസിത വിദേശരാജ്യങ്ങളിലെ ഷോപ്പിങ് സംവിധാനമാണ് കേരളത്തിന്‍െറ മുക്കുമൂലകളിലും പ്രാവര്‍ത്തികമായിരിക്കുന്നത്.
വിവിധ ഉല്‍പന്നങ്ങള്‍ നിര്‍മിക്കുന്ന വന്‍കിട കമ്പനികള്‍ മാളുകളിലേക്ക് മാത്രമായി പ്രത്യേക ഉല്‍പന്നങ്ങള്‍ നിര്‍മിക്കുന്നുണ്ട്. നിരവധി ഓഫറുകളോടെയുള്ള ഈ ഉല്‍പന്നങ്ങള്‍ മാളുകള്‍ക്ക് പുറത്തെ മറ്റ് കച്ചവട സ്ഥാപനങ്ങളില്‍ ലഭിക്കില്ളെന്നതും പ്രത്യേകതയാണ്. അതുകൊണ്ടുതന്നെ ഷോപ്പിങ്ങിനായി മാളുകള്‍ തെരഞ്ഞെടുക്കുന്ന പ്രവണത കേരളീയരില്‍ വ്യാപകമായി കഴിഞ്ഞു. സംസ്ഥാനത്തെ 11 ജില്ലകളിലും ഷോപ്പിങ് മാളുകള്‍ ഉയരുകയാണ്. ജില്ലാ ആസ്ഥാനങ്ങളില്‍ മാത്രമല്ല പ്രധാന പട്ടണങ്ങളിലെല്ലാം തന്നെ മാളുകളുടെ നിര്‍മാണം പുരോഗമിക്കുകയാണ്്. യൂസുഫലിയും രവിപിള്ളയും തുടങ്ങിയ കച്ചവട വിപ്ളവത്തിലേക്ക് അബാദ്, ആലൂക്കാസ് ഗ്രൂപ് അടക്കമുള്ള വമ്പന്മാരും കൈവെച്ചുകഴിഞ്ഞു.
ഇപ്പോള്‍ ഏറ്റവും കൂടുതല്‍ മാളുകള്‍ കൊച്ചിയിലാണ്. ലുലു, ഒബ്റോണ്‍, ഗോള്‍ഡ് സൂക്ക്, സെന്‍റര്‍, ന്യൂക്ളിയസ് എന്നിങ്ങനെ അഞ്ചുമാളുകള്‍ കൊച്ചി നഗരത്തില്‍തന്നെ പ്രവര്‍ത്തിക്കുന്നു. എറണാകുളം ജില്ലയില്‍ പുതിയ 10 മാളുകള്‍ നിര്‍മാണ ഘട്ടത്തിലാണ്. ആലുവ, മൂവാറ്റുപൂഴ നഗരങ്ങളില്‍ ഉള്‍പ്പെടെയാണ് ഇവ നിര്‍മിക്കുന്നത്.
തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ, ഇടുക്കി, പത്തനംതിട്ട, വയനാട്, കാസര്‍കോട് ജില്ലകളിലാണ് നിലവില്‍ മാളുകള്‍ ഇല്ലാത്തത്. അതില്‍ പത്തനംതിട്ട, ഇടുക്കി, കാസര്‍കോട് ജില്ലകളൊഴികെ മറ്റെല്ലായിടത്തും മാള്‍നിര്‍മാണം വിവിധഘട്ടങ്ങള്‍ പിന്നിട്ടുകഴിഞ്ഞു. കോട്ടയത്ത് ജോയി ആലുക്കാസ് ഗ്രൂപ്പിന്‍െറ ഷോപ്പിങ് മാള്‍ ഉദ്ഘാടനസജ്ജമായി കഴിഞ്ഞു. തിരുവനന്തപുരത്തും കോഴിക്കോടും മൂന്നുവീതവും കണ്ണൂരില്‍ നാലും മാളുകള്‍ നിര്‍മാണത്തിലുണ്ട്. കൊല്ലം, പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ രണ്ടുവീതവും ആലപ്പുഴയില്‍ ഒന്നും മാളുകള്‍ നിര്‍മാണഘട്ടത്തിലാണ്. മലപ്പുറം ജില്ലയില്‍ തിരൂരില്‍ മാത്രം മൂന്നെണ്ണവും മഞ്ചേരി, പെരിന്തല്‍മണ്ണ എന്നിവിടങ്ങളില്‍ ഓരോമാളും നിര്‍മാണത്തിലുണ്ട്. വയനാട്ടിലെ ബത്തേരിയിലും മാനന്തവാടിയിലും പത്തനംതിട്ടയിലെ തിരുവല്ലയിലും മാള്‍നിര്‍മാണവുമായി ബന്ധപ്പെട്ട പദ്ധതിയായി കഴിഞ്ഞു. ലുലുവിന്‍െറ തന്നെ ഒൗട്ട്ലെറ്റുകള്‍ തിരുവനന്തപുരം, കോഴിക്കോട്, തൃശൂര്‍ ജില്ലകളില്‍ തുടങ്ങാനുള്ള പദ്ധതിയായിക്കഴിഞ്ഞു. തിരുവനന്തപുരം ആക്കുളത്താണ് ലുലുമാള്‍ നിര്‍മിക്കുന്നത്. കോഴിക്കോട് ബൈപാസിലും ലുലുമാള്‍ ഉയരും. തിരുവനന്തപുരം വിമാനത്താവളത്തിനുസമീപം ഹൈലൈറ്റ് ഗ്രൂപ്പും എസ്.പി ഫോര്‍ട്ടും ചേര്‍ന്ന് മാള്‍ നിര്‍മിക്കാന്‍ ധാരണയായിട്ടുണ്ട്.
ശരാശരി ഒരു മാള്‍ നിര്‍മിക്കാന്‍ 50 കോടിരൂപയാണ് ചെലവ് കണക്കാക്കുന്നത്. കേരളത്തില്‍ നിര്‍മാണത്തിലിരിക്കുന്ന മാളുകളുടെ ശരാശരി നിക്ഷേപം കണക്കാക്കിയാല്‍ 80 കോടിയാണ് ചെലവ്. നിലവില്‍ നിര്‍മാണത്തിലിരിക്കുന്ന മാളുകളുടെ ആകെ നിക്ഷേപം 3000 കോടിവരും. എത്രമുടക്കിയാലും തിരിച്ചുപിടിക്കാന്‍ കഴിയുമെന്നതാണ് ലുലു നല്‍കുന്ന അനുഭവ പാഠം. എല്ലാ ദിവസവും കോടികളുടെ കച്ചവടമാണ് ലുലുവില്‍ നടക്കുന്നത്. രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ടൂര്‍ പാക്കേജില്‍ വരെ ലുലു ഉള്‍പെട്ടുകഴിഞ്ഞു. മാളുകളിലൂടെ വന്‍ തൊഴില്‍ അവസരങ്ങളാണ് തുറന്നിരിക്കുന്നത്. ഓരോ മാളിലും കുറഞ്ഞത് 1000 പേര്‍ക്കെങ്കിലും നേരിട്ടും അത്രതന്നെ പേര്‍ക്ക് നേരിട്ടല്ലാതെയും തൊഴില്‍ ലഭിക്കുന്നുണ്ട്. തൊഴില്‍വകുപ്പ് നിഷ്കര്‍ഷിക്കുന്ന മിനിമംവേതനം ഇവിടങ്ങളില്‍ ലഭിക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. പുതിയ മാളുകള്‍ തുറക്കുന്നതോടെ 70,000ത്തോളം പുതിയ തൊഴിലവസരങ്ങളാണ് അടുത്ത രണ്ടു വര്‍ഷത്തിനുള്ളില്‍ ഉണ്ടാകാന്‍ പോകുന്നത്.
ആദ്യം കൗതുകത്തിന്‍െറ പേരില്‍ ആളുകളെ എത്തിക്കുക, പിന്നെ മാളുകളിലെ സൗകര്യങ്ങളും സവിശേഷതകളും ബോധ്യപ്പെടുത്തി സ്ഥിരം ഉപഭോക്താക്കളാക്കുക എന്ന ശൈലിയിലാണ് മാളുകള്‍ പ്രവര്‍ത്തിക്കുന്നത്.
മൂന്നു ലക്ഷത്തിലധികം ജനസംഖ്യയുള്ള ഏത് പട്ടണത്തിലും മാളുകള്‍ ലാഭകരമായി നടത്താനാവുമെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്. വന്‍കിട ബിസിനസ് ഗ്രൂപ്പുകളെ ഇതിലേക്ക് ആകര്‍ഷിക്കപ്പെടാനും ചെറുപട്ടണങ്ങളില്‍പോലും മാളുകള്‍ തുടങ്ങാനുമുള്ള പ്രേരണക്കും കാരണം ഇതുതന്നെയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.