ന്യൂഡൽഹി: സാമ്പത്തികരംഗത്ത് വളർച്ച മുരടിപ്പ് തുടരുമെന്ന് വിദഗ്ധർ. വെള്ളിയാഴ്ച കേന്ദ്ര സ്ഥിതിവിവര ഒാഫിസ് (സി.എസ്.ഒ) ദേശീയ വരുമാന കണക്ക് പുറത്തുവിടാനിരിക്കെയാണ് 2017-18 സാമ്പത്തിക വർഷം രാജ്യത്തിന് ശുഭകരമല്ലെന്ന് പ്രമുഖർ മുന്നറിയിപ്പ് നൽകുന്നത്. വളർച്ച നിരക്ക് ഏഴു ശതമാനത്തിൽ താഴെയായിരിക്കുമെന്നാണ് ഇവരുടെ വിലയിരുത്തൽ. 2015-16ൽ എട്ടു ശതമാനമായിരുന്ന വളർച്ച നിരക്ക് 2016-17ൽ 7.1 ശതമാനമായാണ് കുറഞ്ഞത്. ജൂലൈയിൽ ചരക്കുസേവന നികുതി (ജി.എസ്.ടി) നടപ്പാക്കിയതും 2016 നവംബറിൽ ഉയർന്ന മൂല്യമുള്ള നോട്ടുകൾ റദ്ദാക്കിയതുമാണ് സാമ്പത്തിക മേഖലക്ക് ഇപ്പോഴും തിരിച്ചടിയാകുന്നതെന്നാണ് വിലയിരുത്തൽ.
അടിസ്ഥാന പലിശനിരക്കുകളിൽ കുറവുവരുത്താതെ വളർച്ച ഏഴു ശതമാനത്തിൽ എത്തില്ലെന്ന് പൊതുമേഖല ബാങ്കായ എസ്.ബി.െഎയുടെ മുഖ്യ സാമ്പത്തിക ഉദ്യോഗസ്ഥ സൗമ്യകാന്തി ഘോഷ് പറയുന്നു. എന്നാൽ, മൂന്ന് നാല് സാമ്പത്തിക പാദങ്ങളിൽ വളർച്ച ദൃശ്യമാകുമെന്നും അവർ കൂട്ടിച്ചേർത്തു. നടപ്പു സാമ്പത്തിക വർഷം 6.32-6.3 ശതമാനമായിരിക്കും വളർച്ച നിരക്കെന്ന് ആസൂത്രണ ബോർഡ് മുൻ ഉപാധ്യക്ഷൻ മൊണ്ടേക് സിങ് അലുവാലിയ പറയുന്നു.
ആക്സിസ് ബാങ്ക് മുഖ്യ സാമ്പത്തിക ഉദ്യോഗസ്ഥൻ സുഗത ഭട്ടാചാര്യയും ഇതേ നിലപാട് പങ്കുവെക്കുന്നു. നടപ്പു വർഷത്തെ ജി.വി.എ (ഗ്രോസ് വാല്യു ആഡഡ്) 6.6-6.8 ശതമാനമായിരിക്കുമെന്നും നികുതി വരുമാനം മെച്ചെപ്പട്ടാൽ ആഭ്യന്തര മൊത്ത ഉൽപാദന (ജി.ഡി.പി) വളർച്ച കൂടുമെന്നുമാണ് അദ്ദേഹത്തിെൻറ കണക്കുകൂട്ടൽ. സാമ്പത്തിക സ്ഥിതി വിലയിരുത്താൻ സി.എസ്.ഒ പുതുതായി കൊണ്ടുവരുന്ന ആശയമാണ് ജി.വി.എ. ഒരു പ്രത്യേക പ്രദേശത്തെ ചരക്ക്-സേവനം-വ്യവസായം തുടങ്ങിയവയുടെ മൊത്ത മൂല്യമാണിത്. ജി.വി.എക്കൊപ്പം നികുതി കൂട്ടിച്ചേർത്ത് സബ്സിഡി കിഴിച്ചാണ് ജി.ഡി.പി കണക്കാക്കുന്നത്. വളർച്ച നിരക്ക് ആറു മുതൽ 6.5 ശതമാനം വരെയായിരിക്കുമെന്നാണ് ആസൂത്രണ ബോർഡ് മുൻ അംഗവും മുതിർന്ന സാമ്പത്തിക വിദഗ്ധനുമായ അഭിജിത് സെന്നും അഭിപ്രായപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.