മുകേഷ് അംബാനിയുടെ ഇളയ മകൻ ആനന്ദിന്റെ വിവാഹം ഇന്നാണ് നടക്കുന്നത്. ബാന്ദ്ര കുർള കോംപ്ലക്സിലാണ് വിവാഹ ചടങ്ങുകൾ നടക്കുന്നത്. ഏകദേശം 4000 കോടി മുതൽ 5000 കോടി വരെ വിവാഹത്തിനായി മുകേഷ് അംബാനി മുടക്കുമെന്ന് റിപ്പോർട്ട്. എന്നാൽ, ഇന്ത്യക്കാർ സാധാരണ വിവാഹത്തിനായി മുടക്കുന്ന തുകയുടെ അത്രയും അംബാനി ചെലവഴിച്ചേക്കില്ലെന്നാണ് റിപ്പോർട്ടുകൾ.
എൻ.സി ഫിനാൻഷ്യൽ അഡ്വവൈസറി സർവീസ് എന്ന സ്ഥാപനത്തിന്റെ സ്ഥാപകൻ നിതിൻ ചൗധരിയാണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്ത് വിട്ടത്. മൊത്തം ആസ്തിയുടെ 10 ശതമാനം വരെയാണ് ഒരു ശരാശരി ഇന്ത്യൻ കുടുംബം വിവാഹത്തിനായി ചെലവഴിക്കുക.
എന്നാൽ, 0.5 ശതമാനം മാത്രമാണ് അംബാനി കുടുംബം ആനന്ദിന്റെ വിവാഹത്തിനായി ചെലവഴിക്കുന്നത്. 50 ലക്ഷം മുതൽ ഒരു കോടി വരെ ആസ്തിയുള്ളവർ 10 മുതൽ 15 ലക്ഷം വരെയാണ് വിവാഹത്തിനായി മുടക്കുക. 10 കോടി ആസ്തിയുള്ളവർ ഒന്നര കോടി വരെ വിവാഹത്തിനായി ചെലവഴിക്കും. എന്നാൽ, ഇത്രത്തോളം തുക മുകേഷ് അംബാനി ആനന്ദിന്റെ വിവാഹത്തിനായി മുടക്കില്ല.
ഏകദേശം 10 ലക്ഷം കോടിക്ക് മുകളിലാണ് അംബാനി കുടുംബത്തിന്റെ ആസ്തി. ഈ കണക്കുകൾ പ്രകാരമാണെങ്കിൽ ഒരു ലക്ഷം കോടിക്ക് മുകളിൽ അംബാനി കുടുംബം ചെലവഴിക്കണം. എന്നാൽ, വെറും 5,000 കോടി മാത്രമാണ് മുകേഷ് അംബാനി ആനന്ദിന്റെ വിവാഹത്തിനായി മുടക്കുന്നത്.
ഇന്ന് മുംബൈ ബാന്ദ്ര കുർളയിലെ ജിയോ വേൾഡ് കൺവെൻഷൻ സെന്ററിലാണ് ‘ശുഭ വിവാഹം’ നടക്കുക. നാളെ നടക്കുന്ന ‘ശുഭ ആശീർവാദി’ൽ അതിഥികൾ പങ്കെടുക്കും. 14നാണ് ‘മംഗൾ ഉത്സവ്’ മഹാവിരുന്ന്.
അംബാനിമാരുടെ സ്വന്തം നാടായ ജാംനഗറിൽ നാലു മാസം മുമ്പാണ് പ്രീവെഡിങ് ആേഘാഷം നടന്നത്. മാർക്ക് സുക്കർബർഗ് അടക്കം വി.വി.ഐ.പികൾ പങ്കെടുത്ത, ഇന്ത്യ കണ്ട ഏറ്റവും വലിയ വിവാഹാഘോഷങ്ങളിലൊന്നായിരുന്നു അത്. കോടികൾ പ്രതിഫലം വാങ്ങുന്ന ഗായിക റിഹാനയും ഹോളിവുഡ് -ബോളിവുഡ് താരങ്ങളും പങ്കെടുത്തിരുന്നു. ജൂണിൽ അതിഥികളെയെല്ലാം ക്രൂസ് ഷിപ്പിൽ കൊണ്ടുപോയി കടലിലായിരുന്നു അടുത്ത ഘട്ടത്തിലെ വിവാഹാഘോഷം. റോം, കാൻ തുടങ്ങിയ തീരങ്ങളിലൂടെ സഞ്ചരിച്ച ആഡംബരക്കപ്പൽ താരസമ്പന്നമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.