കൊച്ചി: അന്തർ സംസ്ഥാന തൊഴിലാളികൾ നാട്ടിലേക്ക് മടങ്ങിയതോടെ കടുത്ത പ്രതിസന്ധിയെ അഭിമുഖീകരിച്ച് സംസ്ഥാനത്തെ നിർമാണമേഖല. 90 ശതമാനം തൊഴിലാളികളും നാട്ടിലേക്ക് മടങ്ങിയതോടെ നിർമാണ പ്രവർത്തനങ്ങൾ പൂർണമായും സ്തംഭിച്ചിരിക്കുകയാണ്. കൊച്ചി നഗരത്തിൽ മാത്രം നിർമാണ മേഖലയിൽ പ്രവർത്തിക്കുന്ന ഏകദേശം 86,000 അന്തർ സംസ്ഥാന തൊഴിലാളികളുണ്ടെന്നാണ് കണക്കാക്കുന്നത്. ഇതിൽ 46,000ത്തോളം പേർ ശ്രമിക് ട്രെയിനുകളിലൂടെ മാത്രം നാട്ടിലേക്ക് പോയിട്ടുണ്ട്.
പരമാവധി 100 തൊഴിലാളികളെ മാത്രം ഉപയോഗിച്ച് പ്രവർത്തിക്കുന്ന ചെറുകിട-ഇടത്തരം ബിൽഡർമാർ മുതൽ വൻകിടക്കാർക്ക് വരെ തൊഴിലാളിക്ഷാമം തിരിച്ചടിയാണ്. ഇതിന് പുറമേ നിർമാണ സാമഗ്രികളുടെ ക്ഷാമവും മേഖലയിൽ കരിനിഴൽ വീഴ്ത്തുന്നുണ്ട്. സിമൻറ്, കമ്പി, മെറ്റൽ, ടൈൽസ് തുടങ്ങിയ നിർമാണ വസ്തുക്കൾക്കെല്ലാം കടുത്ത ക്ഷാമം അനുഭവപ്പെടുന്നുണ്ടെന്നാണ് മേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നത്.
അന്തർ സംസ്ഥാന തൊഴിലാളികൾക്ക് പകരം കേരളത്തിൽ നിന്നുള്ള തൊഴിലാളികളെ ലഭിക്കുന്നില്ലെന്നതും തിരിച്ചടിയാണ്. കോവിഡ് രൂക്ഷമായ സ്ഥലങ്ങളിൽ നിന്നാണ് നിർമാണ വസ്തുക്കൾ പലതും എത്തേണ്ടത്. ഇവിടെ ഫാക്ടറികൾ അടഞ്ഞു കിടക്കുന്നത് ക്ഷാമത്തിനൊപ്പം വിലക്കയറ്റത്തിനും കാരണമാവുന്നുണ്ട്.
മറ്റ് സംസ്ഥാനങ്ങളിലേക്ക് പോയവർ തിരിച്ചെത്തിയാൽ ക്വാറൻറീനിലാകുമെന്നതിനാൽ പലരും കേരളത്തിലേക്ക് വരാൻ താൽപര്യം കാണിക്കുന്നില്ല. നാട്ടിലെത്തിയ അന്തർ സംസ്ഥാന തൊഴിലാളികൾക്കിടയിൽ കേരളത്തിൽ പ്രളയമാണെന്ന വ്യാജ വാർത്തകൾ പരക്കുന്നതും ഇവരുടെ വരവിന് തടസ്സമാകുന്നു.
ലോക്ഡൗൺ ഇളവുകൾക്ക് ശേഷവും പല പ്രൊജക്ടുകളുടേയും പണികൾ പുനഃരാരംഭിക്കാൻ നിർമ്മാതാക്കൾക്ക് കഴിഞ്ഞിട്ടില്ല. പ്രൊപ്പർട്ടി പറഞ്ഞ തിയതിക്കുള്ളിൽ കൈമാറാൻ കഴിയുമോയെന്ന ആശങ്കയിലാണ് ബിൽഡർമാർ. വിദേശരാജ്യങ്ങളിൽ പ്രതിസന്ധി കടുത്തത് ഇവരുടെ വിൽപനയേയും കാര്യമായി ബാധിക്കുന്നുണ്ട്. അതേസമയം, പ്രതിസന്ധി മറികടക്കാൻ കേരളത്തിലുള്ള തൊഴിലാളികൾക്ക് പരിശീലനം നൽകാൻ ഒരുങ്ങുകയാണ് റിയൽ എസ്റ്റേറ്റ് മേഖലയിൽ പ്രവർത്തിക്കുന്ന സംഘടനയായ ക്രെഡായ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.