തൃശൂർ: വിവിധ സംസ്ഥാനങ്ങളിൽ സർക്കാർ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന ഗ്രാമീണ ബാങ്കുകൾ (റീജനൽ റൂറൽ ബാങ്ക് -ആർ.ആർ.ബി) വീണ്ടും സംയോജിപ്പിക്കുന്നു. നിലവിലെ 43 ബാങ്കുകൾ 28 ആയി കുറക്കാനാണിത്. സംയോജനത്തിന്റെ വിശദാംശങ്ങൾ അതത് ഗ്രാമീണ ബാങ്കുകളുടെ സ്പോൺസർ ബാങ്കുകളുടെ ചെയർമാൻ, എം.ഡി, സി.ഇ.ഒ എന്നിവർക്ക് കേന്ദ്ര ധനമന്ത്രാലയം രേഖാമൂലം അയച്ചു. ഇതിൽ ഈമാസം 20നകം അഭിപ്രായമുണ്ടെങ്കിൽ അറിയിക്കാനാണ് മന്ത്രാലയത്തിലെ ധനകാര്യ സേവന വിഭാഗം റീജനൽ റൂറൽ ബാങ്ക് വിഭാഗം ഡയറക്ടർ സുശീൽകുമാർ സിങ് തിങ്കളാഴ്ച അയച്ച കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ‘ഒരു സംസ്ഥാനം, ഒരു ഗ്രാമീണ ബാങ്ക്’ എന്ന ആശയത്തിന്റെ ഭാഗമായാണ് സംയോജനമെന്ന് കത്തിൽ സൂചിപ്പിച്ചിട്ടുണ്ട്.
കേന്ദ്രത്തിന്റെ അവകാശവാദം
കേന്ദ്ര സർക്കാറും അതത് സംസ്ഥാന സർക്കാറുകളും സ്പോൺസർ ചെയ്യുന്ന പൊതുമേഖല ബാങ്കും ചേർന്ന് നിയന്ത്രിക്കുന്ന ഗ്രാമീണ ബാങ്കുകളുടെ ഭരണപരമായ ചെലവ് കുറക്കൽ, സാങ്കേതിക സംവിധാനങ്ങളുടെ ചെലവ് ചുരുക്കൽ എന്നിവ ലക്ഷ്യമിട്ടാണ് നടപടി. 2004-‘05 മുതൽ 2020-‘21 വരെ മൂന്നു ഘട്ടങ്ങളിലായി സംയോജിപ്പിച്ച് ബാങ്കുകളുടെ എണ്ണം 196ൽനിന്ന് 43 ആക്കി കുറച്ചു. നബാർഡ് തയാറാക്കിയ റോഡ് മാപ്പ് പ്രകാരമാണ് ഇത് വീണ്ടും കുറച്ച് 28 ആക്കുന്നത്.
ബാങ്കിങ് സമൂഹം കാണുന്ന അപകടം
എൻ.ഡി.എ സർക്കാറിന്റെ ബാങ്കിങ് സ്വകാര്യവത്കരണ താൽപര്യങ്ങളുടെ പശ്ചാത്തലത്തിലാണ് ബാങ്കിങ് മേഖലയിലെ സംഘടനകളും വിദഗ്ധരും ഗ്രാമീണ ബാങ്കുകളുടെ സംയോജനത്തിൽ അപകടം ചൂണ്ടിക്കാട്ടുന്നത്. പല പൊതുമേഖല ബാങ്കുകളും സ്വകാര്യവത്കരണ പട്ടികയിലാണെന്നിരിക്കെ അവ സ്പോൺസർ ചെയ്യുന്ന ഗ്രാമീണ ബാങ്കുകളുടെ ഭാവിയും അപകടത്തിലാണ്. അതിനുള്ള സാങ്കേതിക തടസ്സങ്ങൾ ഇല്ലാതാക്കാനാണ് എണ്ണം കുറക്കുന്നതെന്നും അവർ പറയുന്നു. നിലവിലെ 43 ഗ്രാമീണ ബാങ്കിൽ എട്ട് എണ്ണത്തിന്റെ സ്പോൺസറായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയെ പുതിയ സംയോജനത്തോടെ ഒന്നിന്റെ മാത്രം സ്പോൺസറാക്കുന്നത് ഈ അപകടത്തിന്റെ സൂചനയായും അവർ ചൂണ്ടിക്കാട്ടുന്നു.
കേരളത്തിൽ
സംസ്ഥാനത്ത് ഈ സംയോജനം നേരത്തെ നടന്നു. കണ്ണൂർ ആസ്ഥാനമായ നോർത്ത് മലബാർ ഗ്രാമീൺ ബാങ്കും മലപ്പുറം ആസ്ഥാനമായ സൗത്ത് മലബാർ ഗ്രാമീൺ ബാങ്കും സംയോജിപ്പിച്ച് 2013 ജൂലൈ എട്ടിന് കേരള ഗ്രാമീൺ ബാങ്ക് സ്ഥാപിച്ചു. മലപ്പുറമാണ് ആസ്ഥാനം, കനറാ ബാങ്കാണ് സ്പോൺസർ.
സംയോജിപ്പിക്കുന്ന ബാങ്കുകൾ
നിലവിലെ ഗ്രാമീണ ബാങ്കുകൾ (ബ്രാക്കറ്റിൽ സ്പോൺസർ ബാങ്ക്) : ആന്ധ്ര പ്രഗതി ഗ്രാമീണ ബാങ്ക് (കനറാ ബാങ്ക്), ചൈതന്യ ഗോദാവരി ഗ്രാമീണ ബാങ്ക് (യൂനിയൻ ബാങ്ക്), സപ്തഗിരി ഗ്രാമീണ ബാങ്ക് (ഇന്ത്യൻ ബാങ്ക്), ആന്ധ്രപ്രദേശ് ഗ്രാമീണ വികാസ് ബാങ്ക് (എസ്.ബി.ഐ) എന്നിവ സംയോജിപ്പിച്ച്, കനറാ ബാങ്ക് സ്പോൺസറായി ഒറ്റ ബാങ്ക് വരും.
ദക്ഷിൺ ബിഹാർ ഗ്രാമീൺ ബാങ്ക് (പഞ്ചാബ് നാഷനൽ ബാങ്ക്), ഉത്തർ ബിഹാർ ഗ്രാമീൺ ബാങ്ക് ( സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ) എന്നിവ ചേർത്ത്, പഞ്ചാബ് നാഷനൽ ബാങ്കിന് കീഴിൽ ഒന്നാകും.
ബറോഡ ഗുജറാത്ത് ഗ്രാമീൺ ബാങ്ക് ( ബാങ്ക് ഓഫ് ബറോഡ), സൗരാഷ്ട്ര ഗ്രാമീൺ ബാങ്ക് (എസ്.ബി.ഐ) എന്നിവയെ ബാങ്ക് ഓഫ് ബറോഡയുടെ കീഴിൽ ഒന്നാക്കും.
എല്ലാക്വ ദെഹാതി ബാങ്ക് (എസ്.ബി.ഐ), ജെ ആൻഡ് കെ ഗ്രാമീൺ ബാങ്ക് (ജെ ആൻഡ് കെ ബാങ്ക്) എന്നിവയെ ജെ ആൻഡ് കെ ബാങ്കിന്റെ കീഴിൽ സംയോജിപ്പിക്കും.
കർണാടക ഗ്രാമീൺ ബാങ്കും കർണാടക വികാസ് ഗ്രാമീൺ ബാങ്കും ഒന്നാക്കും. നിലവിൽ രണ്ടിന്റെയും സ്പോൺസറായ കനറാ ബാങ്ക് തന്നെയാവും സ്പോൺസർ.
മധ്യപ്രദേശ് ഗ്രാമീൺ ബാങ്ക് (ബാങ്ക് ഓഫ് ഇന്ത്യ ), മധ്യാഞ്ചൽ ഗ്രാമീൺ ബാങ്ക് ( എസ്.ബി.ഐ ) എന്നിവ ബാങ്ക് ഓഫ് ഇന്ത്യക്കു കീഴിൽ സംയോജിപ്പിക്കും.
മഹാരാഷ്ട്ര ഗ്രാമീൺ ബാങ്ക് (ബാങ്ക് ഓഫ് മഹാരാഷ്ട്ര), വിദർഭ കൊങ്കൺ ഗ്രാമീൺ ബാങ്ക് ( ബാങ്ക് ഓഫ് ഇന്ത്യ) സംയോജപ്പിച്ച് ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ കീഴിൽ പുതിയ ബാങ്ക്.
ഒഡിഷ ഗ്രാമ്യ ബാങ്ക് (ഇന്ത്യൻ ഓവർസീസ് ബാങ്ക്), ഉത്കൽ ഗ്രാമീൺ ബാങ്ക് ( എസ്.ബി.ഐ) എന്നിവ ഇന്ത്യൻ ഓവർസീസ് ബാങ്കിന്റെ സ്പോൺസർഷിപ്പിൽ ഒന്നാക്കും.
ബറോഡ രാജസ്ഥാൻ ക്ഷേത്രീയ ഗ്രാമീൺ ബാങ്ക് (ബാങ്ക് ഓഫ് ബറോഡ), രാജസ്ഥാൻ മറുധര ഗ്രാമീൺ ബാങ്ക് ( എസ്.ബി.ഐ) സംയോജിപ്പിച്ച് ബാങ്ക് ഓഫ് ബറോഡയെ സ്പോൺസറാക്കും.
ആന്ധ്രപ്രദേശ് ഗ്രാമീണ വികാസ് ബാങ്ക്, തെലങ്കാന ഗ്രാമീണ ബാങ്ക് എന്നിവ സംയോജിപ്പിച്ച് സ്പോൺസറായ എസ്.ബി.ഐയുടെ കീഴിൽ പുതിയ ബാങ്ക്.
ആര്യാവർത്ത് ബാങ്ക് (ബാങ്ക് ഓഫ് ഇന്ത്യ), ബറോഡ യു.പി ബാങ്ക് (ബാങ്ക് ഓഫ് ബറോഡ) പ്രഥമ യു.പി ഗ്രാമീൺ ബാങ്ക് (പി.എൻ.ബി) എന്നിവ ബാങ്ക് ഓഫ് ബറോഡയെ സ്പോൺസർ ആക്കിയാണ് ഒന്നാക്കും.
ബംഗിയ ഗ്രാമീൺ വികാസ് ബാങ്ക് (പി.എൻ.ബി), പശ്ചിം ബംഗ ഗ്രാമീൺ ബാങ്ക് (യൂക്കോ ബാങ്ക്), ഉത്തർ ബംഗ ക്ഷേത്രീയ ഗ്രാമീൺ ബാങ്ക് (സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ) എന്നിവ സംയോജിപ്പിച്ച് പി.എൻ.ബിയുടെ കീഴിൽ ഒറ്റ ബാങ്ക്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.