വാഷിങ്ടൺ: യു.എസ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുന്നുവെന്ന സൂചനകൾ നൽകി പൊതുകടത്തിൽ വൻ വർധനവ്. യു.എസ് ട്രഷറി ഡിപ്പാർട്ട്മെന്റ് പുറത്തുവിട്ട രേഖകൾ പ്രകാരം പൊതുകടം 30 ട്രില്യൺ ഡോളറായി ഉയർന്നു. കോവിഡ് പ്രതിസന്ധിയെ തുടർന്ന് വലിയ രീതിയിൽ കടമെടുത്തതാണ് യു.എസിന് വിനയായത്. 2019ൽ ഏഴ് ട്രില്യണുണ്ടായിരുന്ന പൊതുകടമാണ് 30 ആയി വർധിച്ചത്.
യു.എസിൽ ഇപ്പോഴുണ്ടായിരിക്കുന്ന പ്രതിസന്ധിയുടെ ആഴം സംബന്ധിച്ച് സാമ്പത്തികശാസ്ത്രജ്ഞർക്കിടയിൽ വ്യത്യസ്തമായ അഭിപ്രായമാണ് നിലനിൽക്കുന്നത്. എങ്കിലും ഇനിയും കടം വാങ്ങേണ്ട സാഹചര്യമുള്ളതിനാൽ ഇത് പ്രതിസന്ധിയുടെ ആക്കം കൂട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വർഷങ്ങൾക്ക് ശേഷം യു.എസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് പലിശനിരക്ക് ഉയർത്താനുള്ള നീക്കവുമായി മുന്നോട്ട് പോകുന്നതിനിടെയാണ് പുതിയ റിപ്പോർട്ട് പുറത്ത് വന്നിരിക്കുന്നത്. 2015ന് ശേഷം ഇതാദ്യമായാണ് ഫെഡറൽ ബാങ്ക് പലിശനിരക്ക് ഉയർത്തുന്നത്. യു.എസ് കേന്ദ്രബാങ്കിന്‍റെ നടപടി വിപണിയിൽ നിന്നുള്ള കടമെടുപ്പ് കൂടുതൽ ചെലവേറിയതാക്കി മാറ്റുമെന്നും ആശങ്കയുണ്ട്.
ഇതൊരു ഹ്രസ്വകാലത്തേക്കുള്ള പ്രതിസന്ധിയല്ല. ദീർഘകാലത്തേക്ക് ഇത് യു.എസിനെ കൂടുതൽ ദരിദ്രമാക്കുമെന്ന് ജെ.പി മോർഗൻ അസറ്റ്മാനേജ്മെന്റ് ഗ്ലോബൽ സ്ട്രാറ്റജിസ്റ്റ് ഡേവിഡ് കെല്ലി പറഞ്ഞു. പലിശ ചെലവ് ഉയരുന്നതും യു.എസ് സമ്പദ്വ്യവസ്ഥക്ക് തിരിച്ചടിയുണ്ടാക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.