ന്യൂഡൽഹി: രാജ്യത്ത് വരും മാസങ്ങളിൽ സ്വർണം, വാഹനങ്ങൾ എന്നിവയുടെ ലേലം വർധിക്കുമെന്ന് സൂചന. ബാങ്കുകൾ കിട്ടാകടം തിരികെ പിടിക്കുന്നതിനുള്ള നടപടികൾക്ക് തുടക്കം കുറിക്കുന്നതാണ് ലേലം വർധിക്കാനുള്ള പ്രധാനകാരണം. കോവിഡ് രണ്ടാം തരംഗത്തെ തുടർന്ന് പല ബാങ്കുകളും ലേല നടപടികളിൽ നിന്ന് താൽക്കാലികമായി പിന്മാറിയിരുന്നു. എന്നാൽ, രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം കുറയുന്നതോടെ ബാങ്കുകൾ വീണ്ടും ലേലനടപടികളിലേക്ക് കടക്കാനുള്ള ഒരുക്കത്തിലാണ്.
സാധാരണയുള്ള ലേലനടപടികൾ താൽക്കാലികമായി നീട്ടിവെച്ചിരുന്നു. ഇത് പുനഃരാരംഭിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചുവെന്ന് എച്ച്.ഡി.ബി ഫിനാൻഷ്യൽ സർവീസ് എം.ഡി & സി.ഇ.ഒ രമേഷ് പറഞ്ഞു. എച്ച്.ഡി.എഫ്.സി ബാങ്കിലെ അനലിസ്റ്റ് കൂടിയാണ് അദ്ദേഹം. കോവിഡ് കാരണം ഏപ്രിൽ, മെയ്, ജൂൺ മാസങ്ങളിൽ ലേല നോട്ടീസുകൾ കാര്യമായി നൽകിയിരുന്നില്ല. ഇനി അതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് ഐ.സി.ഐ.സി.ഐ ബാങ്ക് ഫിനാൻഷ്യൽ ഓഫീസർ രാകേഷ് ജായും പ്രതികരിച്ചിട്ടുണ്ട്.
ആർ.ബി.ഐയുടെ കണക്കനുസരിച്ച് സ്വർണപണയ വായ്പയായി മാത്രം ബാങ്കുകൾ 62,221 കോടി നൽകിയിട്ടുണ്ട്. കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യുേമ്പാൾ വലിയ വർധനയാണ് സ്വർണപണയ വായ്പയിലുണ്ടായത്. സാമ്പത്തിക വർഷത്തിന്‍റെ ആദ്യപാദത്തിൽ വായ്പകളിൽ 2.5 ശതമാനം വർധനയാണുണ്ടായത്. വാഹനവായ്പകളിൽ കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യുേമ്പാൾ 11 ശതമാനത്തിന്‍റെ വർധനയും ഉണ്ടായി.
വാഹനവായ്പകൾ തിരിച്ചടക്കാത്ത പ്രവണതയുണ്ടാവുന്നുണ്ടെന്ന് ബജാജ് ഫിൻസെർവും പ്രതികരിച്ചു. മുചക്രവാഹനങ്ങളുടെ വായ്പ തിരിച്ചടവാണ് മുടങ്ങിയത്. ഈയൊരു സാഹചര്യത്തിൽ വായ്പകൾ തിരിച്ചു പിടിക്കാനുള്ള നടപടികളുമായി മുന്നോട്ട് പോകുമെന്ന് കമ്പനി അറിയിച്ചു. ബാങ്കുകൾക്കൊപ്പം ബാങ്കിങ്ങിതര ധനകാര്യ സ്ഥാപനങ്ങളിലും ഇത്തരത്തിൽ കിട്ടാക്കടം വർധിക്കുന്നുവെന്നാണ് റിപ്പോർട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.