ന്യൂഡൽഹി: ആസ്തികളെല്ലാം ഭ്രാന്തമായി വിറ്റുതുലക്കുകയെന്നതല്ല കേന്ദ്രസർക്കാർ നയമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ. തന്ത്രപ്രധാനമായ സെക്ടറുകളിൽ സാന്നിധ്യം തുടരുമെന്ന് ധനമന്ത്രി അറിയിച്ചു. ഇതിൽ ടെലികോമും ധനകാര്യവും ഉൾപ്പെടുമെന്നും അവർ വ്യക്തമാക്കി.
തന്ത്രപ്രധാനമായ മേഖലയിൽ ഹോൾഡിങ് കമ്പനിതലത്തിൽ പൊതുമേഖലയുടെ സാന്നിധ്യം നിലനിർത്തും. ഈ മേഖലകളിലെ മറ്റ് കമ്പനികളെ സ്വകാര്യവൽക്കരിക്കുകയോ മറ്റുള്ളവയിൽ ലയിപ്പിക്കുകയോ അടച്ചുപൂട്ടുകയോ ചെയ്യുമെന്നും ധനമന്ത്രി വ്യക്തമാക്കി.
ആണവോർജം, ബഹിരാകാശ രംഗവും പ്രതിരോധവും, ഗതാഗതവും ടെലികമ്യൂണിക്കേഷനും, ഊർജം, പെട്രോളിയം, കൽക്കരി മറ്റ് ധാതുക്കൾ, ബാങ്കിങ്, ഇൻഷൂറൻസും ധനകാര്യ സേവനങ്ങളും തുടങ്ങിയവയിലെല്ലാം ഇത്തരത്തിൽ പൊതുമേഖലയുടെ സാന്നിധ്യമുണ്ടാകും. സർക്കാർ ഉടമസ്ഥതയിലുള്ള ഒരു ടെലികോം കമ്പനിയുണ്ടെങ്കിൽ പ്രൊഫഷണലായി തന്നെ അത് നടത്തുമെന്നും ധനമന്ത്രി പറഞ്ഞു.
സ്വന്തം വരുമാനം കൊണ്ട് പ്രവർത്തിക്കുന്നവയാവും ഇത്തരം സ്ഥാപനങ്ങൾ. ഇത്തരത്തിൽ പ്രവർത്തിക്കാൻ സാധിക്കാത്ത ചെറിയ സ്ഥാപനങ്ങളെ വലിയതിൽ ലയിപ്പിക്കുമെന്നും നിർമ്മല സീതാരാമൻ പറഞ്ഞു. നിർമ്മല സീതാരാമൻ അവതരിപ്പിച്ച അവസാന കേന്ദ്രബജറ്റിൽ ഓഹരി വിൽപനയിലൂടെ ഏകദേശം 58,000 കോടി സ്വരൂപിക്കുമെന്ന് അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.