ന്യൂഡൽഹി: ജനങ്ങളുടെ ദുരിതം കൂട്ടിക്ക് അരിക്ക് മുതൽ പയറിന് വരെ നാളെ മുതൽ വിലകൂടും. പാക്ക് ചെയ്ത ഇറച്ചി, മത്സ്യം, തൈര്, പനീർ, തേൻ, അരി, ഗോതമ്പ്, പയർ എന്നിവക്കെല്ലാം നികുതി ചുമത്താനുള്ള തീരുമാനം ജി.എസ്.ടി കൗൺസിൽ പ്രഖ്യാപിച്ചിരുന്നു. ഇതാണ് വില വർധനക്ക് ഇടയാക്കുക. നിലവിൽ ബ്രാൻഡഡ് ഭക്ഷ്യവസ്തുക്കൾക്ക് മാത്രമാണ് നികുതി ചുമത്തിയിരുന്നത്. അതേസമയം, പാക്ക് ചെയ്യാത്ത അരിയും നികുതിയുടെ പരിധിയിൽ വരുമെന്ന് റിപ്പോർട്ടുണ്ട്. അങ്ങനെയെങ്കിൽ വിലക്കയറ്റതിന്റെ തോത് വീണ്ടും ഉയരും.
കഴിഞ്ഞ ജി.എസ്.ടി കൗൺസിൽ യോഗത്തിലാണ് ഭക്ഷ്യവസ്തുക്കൾക്കും അടിസ്ഥാന നികുതിയായ അഞ്ച് ശതമാനം ഏർപ്പെടുത്താൻ തീരുമാനിച്ചത്. രാജ്യത്ത് പണപ്പെരുപ്പം മാറ്റമില്ലാതെ ഉയരുമ്പോഴാണ് നികുതി ചുമത്തി ഉൽപ്പന്നവില വീണ്ടും ഉയർത്തുന്നതിനുള്ള നടപടികളുമായി കേന്ദ്രസർക്കാർ മുന്നോട്ട് പോകുന്നത്. ഉൽപന്നങ്ങളുടെ വില വീണ്ടും ഉയരുന്നത് പണപ്പെരുപ്പം രൂക്ഷമാക്കുമോയെന്നും ആശങ്കയുണ്ട്.
എന്നാൽ, തീരുമാനത്തിനെതിരെ വലിയ പ്രതിഷേധമാണ് വ്യാപാരികൾ ഉയർത്തുന്നത്. രാജ്യത്തിന്റെ പലയിടത്തും മൊത്തവിതരണ കേന്ദ്രങ്ങൾ അടച്ചിട്ടാണ് വ്യാപാരികളുടെ പ്രതിഷേധം. ഭക്ഷ്യവസ്തുക്കൾക്ക് പുറമേ ആശുപത്രിവാസം, ഹോട്ടൽ മുറികൾ, എൽ.ഇ.ഡി ലൈറ്റുകൾ, പമ്പുകൾ, കത്തികൾ എന്നിവയുടെ നികുതിയും ഉയർത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.