മുംബൈ: 88,032.5 കോടി വിലമതിക്കുന്ന 500 രൂപ നോട്ടുകൾ ഇന്ത്യൻ സമ്പദ്വ്യവസ്ഥയിൽ എത്തിയില്ലെന്ന വെളിപ്പെടുത്തലുമായി ആക്ടിവിസ്റ്റ് മനോരഞ്ജൻ റോയ്. പുതുതായി രൂപകൽപന ചെയ്ത 500 രൂപയുടെ 8,810.65 ദശലക്ഷം നോട്ടുകൾ അച്ചടിച്ചതിൽ റിസർവ് ബാങ്കിന് ലഭിച്ചത് 7,260 ദശലക്ഷം മാത്രമാണെന്നാണ് വിവരാവകാശ പ്രകാരം ലഭിച്ച മറുപടിയിലുള്ളതെന്ന് റോയ് പറയുന്നു. 1,760.65 ദശലക്ഷം നോട്ടുകൾ എവിടെ പോയെന്നതിനാണ് ഉത്തരമില്ലാത്തത്. 88,032.5 കോടി രൂപ വരുന്നതാണ് കാണാതായ നോട്ടുകൾ.
ബംഗളൂരു, നാസിക്, മധ്യപ്രദേശിലെ ദെവാസ് എന്നിവിടങ്ങളിലാണ് രാജ്യത്ത് നോട്ടുകൾ അച്ചടിക്കുന്നത്. ഇതിൽ നാസികിൽനിന്ന് 1,662 ദശലക്ഷം 500 രൂപ നോട്ടുകൾ ആർ.ബി.ഐക്ക് കൈമാറിയപ്പോൾ ബംഗളൂരുവിൽനിന്ന് 5,195.65 ദശലക്ഷം നോട്ടുകളും നൽകി. ദെവാസ് അച്ചടിശാലയിൽനിന്ന് 1,953 ദശലക്ഷം നോട്ടുകൾ കൈമാറിയതുകൂടി കണക്കാക്കിയാൽ 8,810.65 ദശലക്ഷം നോട്ടുകൾ റിസർവ് ബാങ്കിന് നൽകിയിട്ടുണ്ട്. എന്നാൽ, റിസർവ് ബാങ്ക് നൽകുന്ന വിവരപ്രകാരം 500 രൂപയുടെ 7260 ദശലക്ഷം നോട്ടുകളാണ് കൈപ്പറ്റിയത്.
ഓരോ വർഷത്തെ കണക്കുകളിലുമുണ്ട് അന്തരം. 2015 ഏപ്രിലിനും 2016 ഡിസംബറിനുമിടയിൽ നാസികിൽ അച്ചടിച്ചത് 500 രൂപയുടെ 375.45 ദശലക്ഷം നോട്ടുകളാണ്. എന്നാൽ, ആർ.ബി.ഐ കൈപ്പറ്റിയത് 345 ദശലക്ഷവും. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര സാമ്പത്തിക രഹസ്യാന്വേഷണ വിഭാഗം (സി.ഇ.ഐ.ബി), എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് എന്നിവക്ക് കത്തെഴുതിയതായി റോയ് പറയുന്നു. എന്നാൽ, വലിയ തുക എത്തിക്കുന്നത് വലിയ പ്രക്രിയ ആയതിനാലാണ് ഈ അന്തരമെന്ന് റിസർവ് ബാങ്ക് മുതിർന്ന ഉദ്യോഗസ്ഥർ വിശദീകരിക്കുന്നതായി ‘ഫ്രീ പ്രസ് ജേണൽ’ റിപ്പോർട്ട് പറയുന്നു.
2022-23 സാമ്പത്തിക വർഷത്തിൽ 500 രൂപ വ്യാജ നോട്ടുകൾ എണ്ണം 14.4 ശതമാനം വർധിച്ചതായി റിസർവ് ബാങ്ക് ദേശീയ റിപ്പോർട്ട് പുറത്തുവിട്ടിരുന്നു. അതേ കാലയളവിൽ 2,000 രൂപയുടെ വ്യാജ നോട്ടുകളുടെ എണ്ണത്തിൽ കുറവു വരുകയും ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.