ന്യൂഡൽഹി: രാജ്യത്ത് ഈ വർഷം മാത്രം പെട്രോൾ -ഡീസൽ വില ഉയർത്തിയത് 43 തവണ. കുറച്ചത് നാലുതവണയും.
രാജ്യത്തെ 135 ജില്ലകളിൽ പെട്രോൾ വില ലിറ്ററിന് റെക്കോർഡ് വർധനയായ നൂറിലെത്തിയിരുന്നു. രാജസ്ഥാൻ, മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ എല്ലാ നഗരങ്ങളിലും പെട്രോൾ വില സെഞ്ച്വറി കടക്കുകയും ചെയ്തു. ഇൗ വർഷം മാത്രം പെട്രോൾ ലിറ്ററിന് 10.78 രൂപ കൂടി. ഡീസലിന് 11.51 രൂപയും.
ഡൽഹിയിൽ ഈ വർഷം ആദ്യം പെട്രോൾ ലിറ്ററിന് 84 രൂപയായിരുന്നു. എന്നാൽ അഞ്ചുമാസത്തിന് ശേഷം 12.5 രൂപ ഉയർന്ന് 96.5ലെത്തി. ജനുവരി ഒന്നിന് 74 രൂപയായിരുന്നു ഒരു ലിറ്റർ ഡീസലിന്‍റെ വില. അതിൽ 15.4 രൂപയാണ് കൂടിയതെന്നും കണക്കുകൾ വ്യക്തമാക്കുന്നു.
അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവില ഉയരുന്നതിന്‍റെ ആനുപാതികമായാണ് ഇന്ത്യയിലെ വിലക്കയറ്റം എന്നാണ് എണ്ണക്കമ്പനികളുടെ വാദം.
ജനുവരിയിൽ 10 തവണയും ഫെബ്രുവരിയിൽ 16 തവണയും വില ഉയർത്തി. ഇതോടെ പെട്രോൾ വില ലിറ്ററിന് ജനുവരിയിൽ 2.59 രൂപയും ഫെബ്രുവരിയിൽ 4.87 രൂപയും കൂടി.
ഡീസലിന് ജനുവരി -ഫെബ്രുവരി മാസങ്ങളിൽ 2.61ഉം 4.99 രൂപയുമാണ് കൂടിയത്. ആദ്യ രണ്ടുമാസങ്ങളിലും പെട്രോൾ-ഡീസൽ വില കുറച്ചിട്ടില്ല.
അഞ്ചുസംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് നടന്ന സാഹചര്യത്തിൽ മാർച്ച്, ഏപ്രിൽ മാസങ്ങളിൽ പെട്രോൾ-ഡീസൽ വിലയിൽ വർധന ഉണ്ടായിരുന്നില്ല. എന്നാൽ മാർച്ചിൽ മൂന്നുതവണയും ഏപ്രിലിൽ ഒരു തവണയും വില കുറക്കുകയും ചെയ്തിരുന്നു.
മേയിൽ 16 തവണയാണ് പെട്രോൾ -ഡീസൽ വില വർധനവ്. മേയിൽ പെട്രോളിന് മാത്രം 3.83 രൂപയും ഡീസലിന് 4.42 തവണയും വില വർധിച്ചു. ജൂൺ ഒന്നിനും പെട്രോൾ -ഡീസൽ വില വർധിപ്പിച്ചിരുന്നു. അഞ്ചുമാസത്തിനിടെയാണ് 43 തവണ ഇന്ധനവില ഉയർത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.