പാലക്കാട്: ഡെബിറ്റ്/ക്രെഡിറ്റ് കാർഡ്, ഓൺലൈൻ ഇടപാടിലൂടെ പണം നഷ്ടപ്പെടുന്നവർക്ക് നഷ്ടപരിഹാരം നൽകാനുള്ള ആർ.ബി.ഐ (റിസർവ് ബാങ്ക് ഓഫ് ഇന്ത്യ) തീരുമാനം ബാങ്കുകൾ നടപ്പാക്കുന്നില്ലെന്ന് വിമർശനം. ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിനായി ജൂലൈ ആറിനാണ് ഓൺലൈൻ തട്ടിപ്പിന് ഇരയാകുന്നവർക്ക് നഷ്ടപരിഹാരം നൽകണമെന്ന് റിസർവ് ബാങ്ക് സർക്കുലർ നൽകിയത്. എന്നാൽ, സർക്കുലറിലെ വിവരങ്ങൾ ഉപഭോക്താക്കളെ അറിയിക്കുന്നതിൽ ബാങ്കുകൾ വീഴ്ച വരുത്തിയെന്നാണ് റിസർവ് ബാങ്ക് വിലയിരുത്തൽ. വിവരം ഉപഭോക്താക്കളെ അറിയിക്കാൻ നടപടികൾ സ്വീകരിക്കണമെന്ന് റിസർവ് ബാങ്ക് നിർദേശം നൽകി. പാലക്കാട് ബാങ്കുകളുടെ ജില്ല അവലോകന യോഗത്തിൽ റിസർവ് ബാങ്ക് പ്രതിനിധിയാണ് നിർദേശം നൽകിയത്.
ഉപഭോക്താവിെൻറ കാരണത്താലല്ലാതെ ഓൺലൈൻ തട്ടിപ്പിന് വിധേയരായവർ മൂന്നു ദിവസത്തിനകം ബാങ്കിൽ റിപ്പോർട്ട് ചെയ്താൽ മുഴുവൻ തുകയും ബാങ്ക് നൽകണമെന്നാണ് സർക്കുലറിൽ പറയുന്നത്. മൂന്നു ദിവസത്തിന് ശേഷവും ഏഴു ദിവസത്തിനകവുമാണ് തട്ടിപ്പ് റിപ്പോർട്ട് ചെയ്യുന്നതെങ്കിൽ ഓരോ ഇടപാടിനും പരമാവധി 25,000 രൂപ ബാധ്യതയായി ബാങ്ക് നൽകണം. ഏഴ് ദിവസത്തിന് ശേഷമാണ് റിപ്പോർട്ട് ചെയ്യുന്നതെങ്കിൽ ബാങ്കിെൻറ വിവേചനാധികാരമുപയോഗിച്ച് തീരുമാനിക്കാം. എന്നാൽ, പിൻ നമ്പർ, വൺ ടൈം പാസ്വേഡ് (ഒ.ടി.പി) എന്നിവ കൈമാറി തട്ടിപ്പിനിരയാകുകയാണെങ്കിൽ ബാങ്ക് നഷ്ടപരിഹാരം നൽകേണ്ടതില്ല.
ഓൺലൈൻ തട്ടിപ്പിനിരയായ നിരവധി സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടെങ്കിലും നഷ്ടപരിഹാരം സംബന്ധിച്ച് അറിവില്ലാത്തതിനാൽ പലർക്കും പണം നഷ്ടപ്പെട്ടു. ഇക്കാരണത്താൽ കേരളത്തിൽ പലരും ഡിജിറ്റൽ ഇടപാടുകൾ ഉപേക്ഷിക്കുന്നതായി വ്യക്തമായ സാഹചര്യത്തിലാണ് ബാങ്കുകൾക്ക് നിർദേശം നൽകിയത്.
സർവിസ് ചാർജുകളും മിനിമം ബാലൻസും ബാധകമല്ലാത്ത ബേസിക് സേവിങ് ബാങ്ക് അക്കൗണ്ട് (ബി.എസ്.ബി.എ) സംസ്ഥാനത്ത് പ്രോത്സാഹിപ്പിക്കപ്പെടുന്നില്ലെന്ന പരാതിയും ആർ.ബി.ഐക്കുണ്ട്. പരമാവധി 50,000 രൂപവരെ നിക്ഷേപിക്കാവുന്ന ഇത്തരം അക്കൗണ്ടുകൾക്ക് കെ.വൈ.സി (ഉപഭോക്താവിനെ തിരിച്ചറിയുന്നതിനുള്ള വിവരം) ആവശ്യമില്ല. ബി.എസ്.ബി.എ അക്കൗണ്ടിൽനിന്ന് ഒരു തരത്തിലുള്ള സർവിസ് ചാർജും ഈടാക്കില്ല.
നാല് തവണ സൗജന്യമായി എ.ടി.എമ്മും ഉപയോഗിക്കാം. എ.ടി.എം കാർഡിനും ഫീസ് ഈടാക്കില്ല. പെൻഷൻ, സബ്സിഡി, സ്കോളർഷിപ് ഗുണഭോക്താക്കൾക്ക് ബി.എസ്.ബി.എ അക്കൗണ്ട് പ്രോത്സാഹിപ്പിച്ചാൽ ഒരു പരിധിവരെ സർവിസ് ചാർജ് പ്രശ്നങ്ങൾ ഒഴിവാക്കാനാകുമെന്നാണ് ആർ.ബി.ഐ വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.