പ്രകൃതിയുടെ സൗന്ദര്യം മുഴുവനും ഒളിപ്പിച്ച് വയനാടെന്ന സുന്ദരസുരഭില ഭൂമി തലയുയർത്തിതന്നെ നിൽക്കുന്നുണ്ട്. 2,132 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള വയനാടിന്റെ മൂന്നുവാർഡുകളിൽ മാത്രമാണ് ജൂലൈ 30ന് ഉരുൾപൊട്ടിയത്. അതിനാൽതന്നെ മുണ്ടക്കൈ ഉരുൾദുരന്തം എന്നുതന്നെ പറയണം, വയനാട് ദുരന്തമല്ലായിരുന്നു അത്. മേപ്പാടി പഞ്ചായത്തിലെ മുണ്ടക്കൈ, ചൂരൽമല, അട്ടമല വാർഡുകളെ മാത്രം നേരിട്ട് ബാധിച്ച ദുരന്തം പക്ഷേ വയനാടിനെ മൊത്തം ഉലച്ചുകളഞ്ഞു. ഇവിടെ ഇനിയൊന്നും അവശേഷിക്കുന്നില്ലെന്ന തരത്തിലുള്ള പ്രചാരണമായിരുന്നു കാരണം. ചുരത്തിന് മുകളിൽ വഴിയോരത്ത് ഉപ്പിലിട്ട നെല്ലിക്കയും മാങ്ങയും വിൽക്കുന്നവരെ മുതൽ വൻകിട ഹോട്ടലുകാരെയും റിസോർട്ടുകളെയും വരെ ആ പ്രചാരണം കീഴ്മേൽ മറിച്ചു. ജില്ലയുടെ സാമ്പത്തികമേഖലയുടെ നടുവൊടിഞ്ഞു. 8,17,420 മാത്രം ജനമുള്ള കേരളത്തിലെ ഏറ്റവും കുറവ് ജനസംഖ്യയുള്ള ജില്ലയാണ് വയനാട്. കാർഷികമേഖലയും ചെറുകിട കച്ചവടങ്ങളും സംരംഭങ്ങളും മാത്രം പ്രധാന വരുമാനമാർഗമായിരുന്ന ഈ നാട്ടിൽ വിനോദസഞ്ചാരം പ്രധാന സാമ്പത്തിക സ്രോതസ്സായി മാറിയിട്ട് അധികമായിട്ടില്ല.
തിരിച്ചുകയറുന്നു, വയനാട്
ഉരുളിന്റെ ആഘാതത്തിൽനിന്ന് വയനാട് പതിയെയാണെങ്കിലും തിരിച്ചുകയറുകയാണ്. വയനാട്ടിലെ ടൂറിസം കേന്ദ്രങ്ങളിൽ മാസം ശരാശരി മൂന്നു ലക്ഷം സഞ്ചാരികളാണെത്തിയിരുന്നത്. ദുരന്തശേഷം ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ (ഡി.ടി.പി.സി) അഞ്ചു കേന്ദ്രങ്ങൾ വീണ്ടും തുറന്നദിവസം എത്തിയതാകട്ടെ 168 സഞ്ചാരികൾ മാത്രം. കഴിഞ്ഞ ആഗസ്റ്റിൽ മാത്രം കുറഞ്ഞത് 30 കോടി രൂപയുടെ നഷ്ടമാണ് ടൂറിസത്തിനും അനുബന്ധ മേഖലക്കുമുണ്ടായത്. എന്നാൽ, ഓണനാളുകളിലും പിന്നീട് വന്ന പൂജ അവധി ദിനങ്ങളിലും വയനാട്ടിലേക്ക് വീണ്ടും സഞ്ചാരികൾ കൂടുതലായി വന്നുതുടങ്ങി.
കഴിഞ്ഞ ഓണനാളിലെ നാലുദിവസം 39,363 സഞ്ചാരികളാണെത്തിയത്. ആയുധപൂജ അവധി ദിനമായ ഒക്ടോബർ 11ന് 3,336 സഞ്ചാരികളും പിറ്റേന്ന് 5,857 പേരും അതുകഴിഞ്ഞുള്ള ദിവസം 5,010 സഞ്ചാരികളുമാണ് ഡി.ടി.പി.സിയുടെ വിനോദകേന്ദ്രങ്ങളിൽ മാത്രം എത്തിയത്. ഓണനാളായ സെപ്റ്റംബർ 15ന് 3550 പേരും 16ന് 4788ഉം 17ന് 4183 പേരുമാണ് ഈ കേന്ദ്രങ്ങളിൽ മാത്രം വന്നത്.
ഓണനാളുകൾ ജില്ലയിലൊന്നാകെ ശോകമൂകമായ അന്തരീക്ഷത്തിലായിരുന്നു. പ്രധാന നഗരങ്ങളിലൊന്നും ജനമിറങ്ങിയില്ല. വ്യാപാരമേഖലയെ ഇത് ഗുരുതരമായി ബാധിച്ചു. കർണാടക, തമിഴ്നാട്, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിൽനിന്നുള്ളവരാണ് വയനാട്ടിൽ എത്തുന്ന സഞ്ചാരികളിൽ ഏറെയും. ഉരുളിനുശേഷം വയനാട് സുരക്ഷിതമല്ലെന്ന തോന്നലിൽ സഞ്ചാരികൾ മറ്റ് ജില്ലകളിലേക്ക് കൂടുമാറി. നിലവിൽ ഈ അവസ്ഥക്ക് മാറ്റം വന്നിട്ടുണ്ട്.
വ്യാപാരമേഖലയിൽ ആളനക്കം
ദുരന്തം ഏറ്റവും കൂടുതൽ ബാധിച്ചത് വയനാട്ടിലെ ഹോട്ടൽ, റെസ്റ്റാറന്റ്, റിസോർട്ട്, ഹോംസ്റ്റേ മേഖലയെയായിരുന്നു. ഏകദേശം 3000 മുറികളാണ് വയനാട്ടിൽ ഈ സ്ഥാപനങ്ങളിലായുള്ളത്. പൂജ അവധിക്ക് പകുതിയിലധികം മുറികളിലും സഞ്ചാരികളെത്തി. മറ്റ് ദിവസങ്ങളിൽ ഈ രംഗത്തെ ബിസിനസ് 40 ശതമാനമാണെന്ന് ടൂറിസ്റ്റ് ഗൈഡ്സ് അസോസിയേഷൻ ജില്ല സെക്രട്ടറി സുബൈർ ഇളകുളം പറയുന്നു.
500ാളം ഹോട്ടലുകളുള്ള വയനാട്ടിൽ കഴിഞ്ഞ സീസണെ അപേക്ഷിച്ച് ബിസിനസിൽ 60 ശതമാനത്തിന്റെ കുറവാണ് ദുരന്തശേഷമുണ്ടായതെന്ന് ഹോട്ടൽ ആൻഡ് റെസ്റ്റാറന്റ് അസോസിയേഷൻ ഭാരവാഹികൾ പറയുന്നു. പൂജ അവധി ദിനങ്ങളിൽ കർണാടക, ആന്ധ്ര, മഹാരാഷ്ട്ര, തമിഴ്നാട് സംസ്ഥാനങ്ങളിൽനിന്ന് നിരവധി സഞ്ചാരികളാണ് വയനാട്ടിലെത്തിയിരുന്നത്. എന്നാൽ, പഴയനിലയിൽ ആയില്ലെങ്കിലും സർക്കാറിന്റെ ‘സേവ് വയനാട്’ കാമ്പയിൻ അടക്കമുള്ളവമൂലം 55 ശതമാനം ബിസിനസ് ഇത്തവണത്തെ പൂജ അവധി ദിനങ്ങളിൽ തിരിച്ചുപിടിക്കാനായിട്ടുണ്ട്.
ഉണർത്തി വയനാട് ഉത്സവ്
തകർന്ന വയനാടിന്റെ വിനോദസഞ്ചാരമേഖലയെ ഊർജസ്വലമാക്കാനായി ജില്ല ഭരണകൂടം, ജില്ല ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍, എന്‍ ഊര്, ജലസേചന വകുപ്പ് എന്നിവരുടെ നേതൃത്വത്തിൽ വയനാട് ഉത്സവ് എന്ന പേരിൽ വയനാട് ഫെസ്റ്റ് നടത്തിയിരുന്നു. വയനാടിന്റെ രണ്ടാം വരവിന് ഫെസ്റ്റ് ഏറെ ഗുണകരമായതായി ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഡി.വി. പ്രഭാത് പറയുന്നു. കാരാപ്പുഴ ഡാം, വൈത്തിരി എന്‍ ഊര്, സുല്‍ത്താന്‍ ബത്തേരി ടൗണ്‍ സ്‌ക്വയര്‍ എന്നിവിടങ്ങളിൽ വൈവിധ്യമാര്‍ന്ന പരിപാടികളാണ് നടന്നത്.
ഇക്കോ ടൂറിസം കേന്ദ്രങ്ങളും തുറന്നു
ഹൈകോടതിയുടെ അനുമതി ലഭിച്ചതോടെ വനംവകുപ്പിന്റെ കീഴിലുള്ള വയനാട്ടിലെ എട്ട് ഇക്കോ ടൂറിസം കേന്ദ്രങ്ങൾ തുറക്കുന്നതും നേട്ടമായി. പ്രവേശന ഫീസ് വർധിപ്പിച്ച് സഞ്ചാരികളുടെ എണ്ണം നിയന്ത്രിക്കും. കുറുവ വനം സംരക്ഷണസമിതി ജീവനക്കാരനായ പുൽപള്ളി പാക്കം വെള്ളച്ചാലിൽ പോൾ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതോടെ ഫെബ്രുവരി 19 മുതലാണ് ഇവ അടച്ചത്. കുറുവ ദ്വീപ് ഒക്ടോബർ 15ന് തുറന്നു. മുത്തങ്ങ, തോൽപെട്ടി വന്യജീവി കേന്ദ്രങ്ങളും തുറന്നു. ചെമ്പ്ര പീക്ക്, ബാണാസുര മീൻമുട്ടി വെള്ളച്ചാട്ടം, ബ്രഹ്മഗിരി ട്രക്കിങ് കേന്ദ്രം എന്നിവ 21 മുതൽ തുറക്കും. സൂചിപ്പാറ വെള്ളച്ചാട്ടം നവംബർ ഒന്നിനാണ് തുറക്കുക.
ഇനിയും മെച്ചപ്പെടണം
വിനോദസഞ്ചാരമേഖലയിലെ മിക്ക കേന്ദ്രങ്ങളിലും അടിസ്ഥാനസൗകര്യങ്ങൾ ഇല്ല. കോഴിക്കോട് ഭാഗത്തുനിന്ന് വയനാട്ടിലെത്താനുള്ള വയനാട് ചുരം മിക്ക ദിവസങ്ങളിലും ഗതാഗതക്കുരുക്കിൽ അമരുന്നു. അവധി ദിവസങ്ങളിൽ വാഹനങ്ങൾ കൂടുമ്പോൾ ചുരം പൂർണമായും സ്തംഭിക്കും. കണ്ണൂർ-തലശ്ശേരി ഭാഗത്തുനിന്ന് വരുന്നവർക്കുള്ള പേര്യ ചുരമാകട്ടെ അറ്റകുറ്റപ്പണികൾക്കായി ഏറെ കാലമായി അടച്ചിട്ടിരിക്കുന്നു. ബദൽ പാതകളുടെ കാര്യത്തിൽ നടപടികൾ അനിശ്ചിതമായി നീളുന്നു.
→ മുത്തങ്ങ വന്യജീവിസങ്കേതം
രാവിലെ ഏഴ് മുതൽ 10 വരെയും വൈകുന്നേരം മൂന്നുമുതൽ അഞ്ചുവരെയും പ്രവേശനം. വന്യജീവികളെ നേരിൽകണ്ടുള്ള 16 കിലോമീറ്റർ കാനന സവാരി മുഖ്യ ആകർഷണം.
→ തോൽപെട്ടി വന്യജീവിസങ്കേതം
രാവിലെ ഏഴുമുതൽ പത്തുവരെയും വൈകുന്നേരം മൂന്നുമുതൽ അഞ്ചുവരെയുമാണ് പ്രവേശനം. വയനാട് വന്യജീവി സങ്കേതത്തിലെ തോൽപെട്ടി റേഞ്ചിലെ കൊടുംവനത്തിലൂടെയുള്ള രണ്ട് മണിക്കൂർ സഞ്ചാരം.
→ കുറുവ ദ്വീപ്
950 ഏക്കറിലുള്ള ചെറുദ്വീപുകളിലൂടെയുള്ള മനോഹരമായ ചങ്ങാട യാത്ര. മണിക്കൂറുകൾ നടന്ന് കാനനഭംഗി നുകരാം.
രാവിലെ ഒമ്പതുമുതൽ വൈകുന്നേരം ആറുവരെയാണ് പ്രവേശനം. മുതിർന്നവർക്ക് 220 രൂപ, വിദ്യാർഥികൾക്ക് 150, വിദേശികൾക്ക് 440 രൂപ എന്നിങ്ങനെയാണ് പ്രവേശനനിരക്ക്. ഒരു ദിവസം 400 പേർക്ക് മാത്രം പ്രവേശനം.
→ സൂചിപ്പാറ വെള്ളച്ചാട്ടം
മേപ്പാടി ചൂരൽമലയിൽനിന്ന് രണ്ടു കിലോമീറ്റർ. 200 അടി താഴ്ചയിലുള്ള വെള്ളച്ചാട്ടം. രാവിലെ ഏഴുമുതൽ വൈകുന്നേരം അഞ്ചുവരെ പ്രവേശനം. നവംബര്‍ ഒന്നിന് തുറക്കും.
ടിക്കറ്റ് നിരക്ക്: വിദ്യാർഥികൾക്ക് 70 രൂപ, മുതിർന്നവർക്ക് 118, വിദേശികൾക്ക് 230. ദിവസം പരമാവധി 500 പേർ മാത്രം.
→ ചെമ്പ്ര പീക്ക്
മേപ്പാടി മേഖലയിൽ തേയിലത്തോട്ടങ്ങളിലൂടെ സഞ്ചരിച്ച് ഒടുവിൽ ചെമ്പ്ര മല കയറാം. ഹൃദയ തടാകംവരെ പ്രവേശനം. ഒക്ടോബര്‍ 21ന് തുറക്കും. അഞ്ചുപേരുള്ള ഗ്രൂപ്പിന് 5000 രൂപ, വിദ്യാർഥികളുടെ ഗ്രൂപ്പിന് 1800 രൂപ, വിദേശികൾക്ക് 8000 രൂപയുമാണ് ടിക്കറ്റ് നിരക്ക്. ദിവസം 75 പേർക്ക് മാത്രം ടിക്കറ്റ്.
→ ബാണാസുരമല മീൻമുട്ടി വെള്ളച്ചാട്ടം
സൗത്ത് വയനാട് ഫോറസ്റ്റ് സ്റ്റേഷനിലെ പടിഞ്ഞാറത്തറ സെക്ഷന് കീഴിലാണ് ബാണാസുരമല മീൻമുട്ടി വെള്ളച്ചാട്ടം. രാവിലെ ഏഴ് മുതൽ വൈകുന്നേരം അഞ്ചുവരെയാണ് പ്രവേശനം. ഒക്ടോബര്‍ 21ന് തുറക്കും. ടിക്കറ്റ് നിരക്ക് 100 രൂപ. വിദ്യാർഥികൾക്ക് 50, വിദേശികൾക്ക് 200. ദിവസം പരമാവധി 500 പേർക്ക് മാത്രം പ്രവേശനം.
→ കാറ്റുകുന്ന് ആനച്ചോല ട്രക്കിങ്
ബാണാസുരമല മീൻമുട്ടി വെള്ളച്ചാട്ടത്തിലേക്കുള്ള പ്രവേശനഭാഗത്തുനിന്നാണ് ഈ ട്രക്കിങ് ആരംഭിക്കുന്നത്. ദിവസം ആകെ 25 പേർക്ക് മാത്രം പ്രവേശനം. അഞ്ചുപേരുള്ള മുതിർന്നവരുടെ ഗ്രൂപ്പിന് 5000 രൂപ, കുട്ടികളുടെ അഞ്ചുപേരുള്ള ഗ്രൂപ്പിന് 3000 രൂപ, അഞ്ചുപേരുള്ള വിദേശികളുടെ ഗ്രൂപ്പിന് 7000 രൂപ എന്നിങ്ങനെയാണ് നിരക്ക്.
→ ബാണാസുര സാഗർ
ഇന്ത്യയിലെ ഏറ്റവും വലിയ മണ്ണ് അണക്കെട്ടും ഏഷ്യയിലെ ഇത്തരത്തിലുള്ള രണ്ടാമത്തെ വലിയ അണക്കെട്ടും. കൽപറ്റ-പടിഞ്ഞാറത്ത റൂട്ട്. രാവിലെ 9.30 മുതൽ വൈകുന്നേരം 5.45 വരെ പ്രവേശനം. മുതിർന്നവർക്ക് 40 രൂപയും കുട്ടികൾക്ക് 25 രൂപയുമാണ് ടിക്കറ്റ നിരക്ക്.
→ പൂക്കോട് തടാകം
വയനാട് ചുരം കഴിഞ്ഞയുടൻ വൈത്തിരിക്ക് മുമ്പ് തളിപ്പുഴയിൽ. പരന്നുകിടക്കുന്ന തടാകത്തിലെ ബോട്ട് യാത്ര പ്രധാന ആകർഷണം. രാവിലെ ഒമ്പത് മുതൽ വൈകുന്നേരം അഞ്ചുവരെ പ്രവേശനം. മുതിർന്നവർക്ക് 40 രൂപയും കുട്ടികൾക്ക് 30 രൂപയും മുതിർന്ന പൗരന്മാർക്ക് 20 രൂപയുമാണ് പ്രവേശനനിരക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.