ലണ്ടൻ: ഇൻഫോസിസ് സയൻസ് ഫൗണ്ടേഷൻ 2024ന്റെ സോഷ്യൽ സയൻസസ് ഗവേഷക പുരസ്കാരം മലയാളി യുവചരിത്രകാരൻ ഡോ. മഹ്മൂദ് കൂരിയക്ക്. യു.കെയിലെ എഡിൻബറ സർവകലാശാലയിൽ സ്കൂൾ ഓഫ് ഹിസ്റ്ററി, ക്ലാസിക്സ് ആൻഡ് ആർക്കിയോളജി അധ്യാപകനാണ്. ആഗോള പരിപ്രേക്ഷ്യത്തിൽ ഇസ്‍ലാമിന്റെ സമുദ്ര ബന്ധങ്ങളുമായി ബന്ധപ്പെട്ട പഠനങ്ങൾക്കാണ് അംഗീകാരം.
സ്വർണ മെഡലും പ്രശസ്തി പത്രവും 1,00,000 യു.എസ് ഡോളറിന്റെ (ഏകദേശം 84 ലക്ഷം രൂപ) സമ്മാനത്തുകയും അടങ്ങുന്നതാണു പുരസ്‌കാരം. ഇന്ത്യൻ സമുദ്രത്തിന്റെ തീരദേശങ്ങളിലെ സാമ്പത്തിക, രാഷ്ട്രീയ, സാംസ്കാരിക പരിവർത്തനങ്ങളിൽ ഇസ്‍ലാമിക നിയമം വഹിച്ച പങ്ക് വ്യക്തമാക്കുന്നതാണ് പഠനം.
മലപ്പുറം പെരിന്തൽമണ്ണയിലെ പനങ്ങാങ്ങര സ്വദേശിയാണ് മഹ്മൂദ് കൂരിയ. ചെമ്മാട് ദാറുൽ ഹുദ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി, കാലിക്കറ്റ് യൂനിവേഴ്‌സിറ്റി എന്നിവിടങ്ങളിലെ പഠനത്തിനുശേഷം ഡൽഹി ജവഹർലാൽ നെഹ്‌റു സർവകലാശാലയിലാണ് പിജിയും എംഫിലും പൂർത്തിയാക്കിയത്. നെതർലൻഡ്‌സിലെ ലീഡൻ സർവകലാശാലയിൽനിന്നാണ് പിഎച്ച്ഡി നേടിയത്. ഇന്ത്യൻ മഹാസമുദ്ര-മധ്യധരണ്യാഴി തീരങ്ങളിൽ വ്യാപിച്ചു കിടക്കുന്ന ഇസ്‌ലാമിലെ ഷാഫി നിയമശാസ്ത്ര സരണിയുമായി ബന്ധപ്പെട്ട ഗവേഷണമായിരുന്നു ലീഡനിൽ പൂർത്തിയാക്കിയത്.
ഗവേഷണപ്രബന്ധം പിന്നീട് കേംബ്രിഡ്ജ് യൂനിവേഴ്‌സിറ്റി പ്രസ് പ്രസിദ്ധീകരിച്ചു. ലീഡനിൽനിന്നുതന്നെ പോസ്റ്റ് ഡോക്ടറൽ ബിരുദവും നേടിയിട്ടുണ്ട് മഹ്മൂദ്. 2019ൽ മരുമക്കത്തായ പഠനത്തിന് നെതർലൻഡ് സർക്കാരിന്റെ രണ്ടു കോടി രൂപയുടെ വെനി ഗ്രാന്റും നേടിയിട്ടുണ്ട്. ഡൽഹിയിലെ അശോക സർവകലാശാല, ലീഡൻ സർവകലാശാല, ബെർഗൻ സർവകലാശാല, ജക്കാർത്ത നാഷണൽ ഇസ്‌ലാമിക് സർവകലാശാല എന്നിവിടങ്ങളിലും പഠിപ്പിച്ചിട്ടുണ്ട്.
ഫിസിക്കൽ സയൻസിൽ വേദിക ഖേമാനിയും(സ്റ്റാൻഫോഡ് സർവകലാശാല, യുഎസ്), ഗണിതശാസ്ത്രത്തിൽ നീന ഗുപ്ത(ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്, കൊൽക്കത്ത), ലൈഫ് സയൻസിൽ സിദ്ധേഷ് കാമത്ത്(ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർച്ച്, പൂനെ), എൻജിനീയറിങ് ആൻഡ് കംപ്യൂട്ടർ സയൻസിൽ ശ്യാം ഗൊല്ലകോട്ട(വാഷിങ്ടൺ സർവകലാശാല, യുഎസ്) എന്നിവരാണു മറ്റു വിഭാഗങ്ങളിൽ ഇത്തവണ പുരസ്‌കാരത്തിന് അർഹരായത്. 2008ലാണു വിവിധ അക്കാദമിക മേഖലകളിലെ മികച്ച സംഭാവനകളെ മുൻനിർത്തി ഇൻഫോസിസ് പുരസ്‌കാരം ഏർപ്പെടുത്തിയത്. ചരിത്രകാരനായ ഡോ. മനു വി. ദേവദേവൻ ആണ് ഇതിനുമുൻപ് ഈ പുരസ്‌കാരം നേടിയ മലയാളി. ചരിത്രകാരി ഡോ. ഉപീന്ദർ സിങ്, നൊബേൽ ജേതാവ് അഭിജിത് ബാനർജി, ശാസ്ത്രചരിത്രകാരി ജാഹ്നവി ഫാൽക്കി തുടങ്ങിയവർക്കും കഴിഞ്ഞ വർഷങ്ങളിൽ ഇൻഫോസിസ് പ്രൈസ് ലഭിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.