ഒമ്പത് വയസുകാരി ഹനക്ക് ടിം കുക്കിന്റെ അഭിനന്ദനം; എന്തിനെന്നോ കുഞ്ഞുങ്ങളെ ഉറക്കാൻ കഥകൾ റെക്കോഡ് ചെയ്യുന്ന ആപ് ഉണ്ടാക്കിയതിന്

ഏതാണ്ട് 2.6 കോടി ആളുകൾ മൊബൈൽ ആപ്പുകൾ രൂപപ്പെടുത്തുന്നുവെന്നാണ് കണക്ക്. ലോകവ്യാപകമായുള്ള ബിസിനസിന്റെ നെടുംതൂണായി ആപ് വികസനം മാറിക്കഴിഞ്ഞു. ആളുകളുടെ ദൈനംദിന കാര്യങ്ങളിൽ പോലും അത്രയധികം സാ​ങ്കേതികവിദ്യ സ്വാധീനം ചെലുത്തിക്കഴിഞ്ഞു.

ലോക മൊബൈൽ ആപ്ലക്കേഷൻ എന്നു പറഞ്ഞാൽ അവസരങ്ങളുടെ കടലാണ്. പുതിയ സംരംഭങ്ങളുമായി ഓരോരുത്തരും ചരിത്രം കുറിക്കുകയാണ്. ദുബയിൽ നിന്ന് ഒരു കൊച്ചുമിടുക്കിയാണ് ഇപ്പോൾ ലോകത്തിന്റെ ശ്രദ്ധ നേടിയിട്ടുള്ളത്. സ്വന്തമായി ആപ് നിർമിച്ചതു വഴിയാണ് ഹന മുഹമ്മദ് റഫീഖ് താരമായത്. ആപ്ൾ സി.ഇ.ഒ ടിം കുക്ക് വരെ ഹനയെ അഭിനന്ദിച്ചു.

രക്ഷിതാക്കൾക്ക് സ്വന്തം ശബ്ദത്തിൽ കഥകൾ റെക്കോഡ് ചെയ്യാൻ സഹായിക്കുന്ന ആപ് ആണ് ഹന രൂപപ്പെടുത്തിയത്. ഹനാസ് എന്നാണ് ആപിന് പേരിട്ടത്. ഇ​തോടെ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഐ.ഒ.എസ് ആപ് ഡെവലപർ ആയിരിക്കയാണ് ഈ മിടുക്കി. ആപ് ഉണ്ടാക്കിയതിനു ശേഷം ഹന ഇതെ കുറിച്ച് സൂചിപ്പിച്ച് ടിം കുക്കിന് എഴുതുകയായിരുന്നു. ''ടിം കുക്കിന്റെ ഇമെയിൽ സന്ദേശം ലഭിക്കുമ്പോൾ ഹന നല്ല ഉറക്കത്തിലായിരുന്നു. സാധാരണ അവളെ ഉറക്കത്തിൽ നിന്ന് എഴുന്നേൽപിക്കാൻ നല്ല പണിയാണ്. ടിം സന്ദേശമയച്ചു എന്നു കേട്ടതും അവൾ എഴുന്നേറ്റ് വാഷ് റൂമിലേക്ക് ഓടി. നിമിഷങ്ങൾക്കകം ​​ഫ്രഷായി തിരിച്ചെത്തി''-ഹനയുടെ പിതാവ് റഫീഖ് പറയുന്നു.

''മിടുക്കി കുട്ടി, ഇത്രയും ചെറിയ പ്രായത്തിൽ നീ വളരെ അദ്ഭുതകരമായ ഒരു കാര്യമാണ് ചെയ്തിരിക്കുന്നത്''-എന്ന് പറഞ്ഞാണ് ടിം കുക്ക് ഹനയെ അഭിനന്ദിച്ചത്. ഹനക്ക് 10വയസുളള സഹോദരിയുണ്ട്-ലീന. കോഡിങ്ങുകളെ കുറിച്ചുളള പഠനത്തിലാണ് രണ്ടുപേരും. 2018ൽ ലീന കോഡിങ്ങുകളെ കുറിച്ചുള്ള പഠനത്തിനായി ഒരു സ്റ്റാർട്ടപ്പ് തുടങ്ങിയിരുന്നു. തുടർന്ന് റഫീഖ് മകൾക്കായി ചെറിയ ഒരു ലാപ്ടോപ്പ് വാങ്ങിനൽകി. മലയാളത്തിനു പുറമെ, ഇരുവർക്കും സ്പാനിഷ്, അറബിക്, ഹിന്ദി,ജർമൻ,ഇംഗ്ലീഷ് ഭാഷകളും അറിയാം.

Tags:    
News Summary - Tim Cook hails 9 year old Malayali girl after she becomes youngest iOS developer with storytelling app

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.