കൽപറ്റ: പഠിച്ചിറങ്ങിയ കലാലയത്തിലേക്ക് അധ്യാപികയായി വീണ്ടും കയറിച്ചെല്ലുമ്പോൾ മിഥുമോൾക്ക് സന്തോഷമേറെ. കോളനിയിലെ പരിമിതസൗകര്യങ്ങളിൽനിന്ന് അവൾ അസി. പ്രഫസറായി ചരിത്രമെഴുതുമ്പോൾ എല്ലക്കൊല്ലിക്കും നിറഞ്ഞ അഭിമാനം. കാലിക്കറ്റ് സർവകലാശാലയുടെ ഗോത്രവര്‍ഗ പഠനകേന്ദ്രമായ ചെതലയത്തെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രൈബൽ സ്റ്റഡീസ് ആൻഡ് റിസർചിൽ (ഐ.ടി.എസ്.ആര്) അസി. പ്രഫസറായി നിയമിതയായ മിഥുമോൾ ഊരാളിക്കുറുമ വിഭാഗത്തിൽനിന്ന് ഈ നേട്ടം കൈവരിക്കുന്ന ആദ്യത്തെയാളായാണ് ചരിത്രം കുറിച്ചത്.
കാലിക്കറ്റ് സർവകലാശാലയുടെ എം.എ സോഷ്യോളജി പരീക്ഷയിൽ മൂന്നാം റാങ്കുനേടി മിടുക്കുകാട്ടിയതിന് പിന്നാലെയാണ് വയനാട്ടിലെ ആദിവാസി ജനതക്ക് അഭിമാനവും പ്രചോദനവുമായി മിഥുമോൾ ഉയർന്നുനിൽക്കുന്നത്. കേണിച്ചിറ എല്ലക്കൊല്ലി കോളനിയിലെ ബൊമ്മൻ-വസന്ത ദമ്പതികളുടെ മകളാണ്. വാകേരി സ്കൂളിലായിരുന്നു പഠനം. പ്ലസ് ടുവിന് പുൽപള്ളി വിജയ സ്കൂളിൽ. ബിരുദവും ബിരുദാനന്തര ബിരുദവും ചെതലയത്ത് ഐ.ടി.എസ്.ആറിൽ. അവിടത്തെ ആദ്യ ബാച്ചിലെ വിദ്യാർഥിനി. കൂടുതൽ പഠിച്ചുമുന്നേറണമെന്നല്ലാതെ, പഠനം പാതിവഴിയിൽ ഉപേക്ഷിക്കണമെന്ന് ഒരിക്കലും തോന്നിയിട്ടില്ലെന്ന് മിഥു.
'ജീവിത സാഹചര്യങ്ങൾ ഏറെ മോശമായിരുന്നെങ്കിലും പഠിക്കാൻ അച്ഛനുമമ്മയും പ്രോത്സാഹിപ്പിച്ചിരുന്നു. എനിക്കും താൽപര്യമേറെയായിരുന്നു. അതുകൊണ്ടുതന്നെ നേട്ടങ്ങൾ വെട്ടിപ്പിടിക്കണമെന്ന ആഗ്രഹം മനസ്സിലുറപ്പിച്ചിരുന്നു' -2019ൽ നെറ്റ് പാസായ ഈ 24കാരി പറയുന്നു. 'ഐ.സി.ഡി.എസ് അംഗൻവാടി സൂപ്പർവൈസർ ലിസ്റ്റിലുണ്ട്. ജോലി കിട്ടിയാൽ അവധിയെടുത്ത് ബി.എഡിന് ചേരണം. പിഎച്ച്.ഡിയും എടുക്കണം. സിവിൽ സർവിസ് കടമ്പ ചാടിക്കടക്കണമെന്ന മോഹവും മനസ്സിലുണ്ട്. അതിനായി പരിശീലനം നടത്തിയിരുന്നു. കോവിഡ് വന്നതോടെ കോച്ചിങ് മുടങ്ങി. അത് പുനരാരംഭിക്കണം' -മിഥു പദ്ധതികൾ വിശദീകരിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.