കേന്ദ്രസർക്കാറിന് കീഴിലുള്ള സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷനിൽ (സി.ബി.ഐ) അസിസ്റ്റന്റ് പ്രോഗ്രാമറാകാം. 27 ഒഴിവുകളുണ്ട് (ജനറൽ 8, ഇ.ഡബ്ല്യു.എസ് 4, ഒ.ബി.സി 9, എസ്.സി 4, എസ്.ടി 2). നേരിട്ടുള്ള സ്ഥിരം നിയമനമാണ്. ഭിന്നശേഷിക്കാരെയും പരിഗണിക്കും. പരസ്യനമ്പർ 12/2024 പ്രകാരം യു.പി.എസ്.സിയാണ് അപേക്ഷ ക്ഷണിച്ചത്. ജനറൽ സെൻട്രൽ സർവിസ് ഗ്രൂപ് ‘ബി’ ഗെസറ്റഡ് നോൺ മിനിസ്റ്റീരിയൽ വിഭാഗത്തിൽപെടുന്ന തസ്തികയാണിത്. സി.ബി.ഐ ഹെഡ്ക്വാർട്ടേഴ്സ് ന്യൂഡൽഹിയാണെങ്കിലും തിരഞ്ഞെടുക്കപ്പെടുന്നവർ ഇന്ത്യയിലെവിടെയും ജോലി ചെയ്യേണ്ടിവരും.
യോഗ്യത: കമ്പ്യൂട്ടർ ആപ്ലിക്കേഷൻ അല്ലെങ്കിൽ കമ്പ്യൂട്ടർ സയൻസിൽ മാസ്റ്റേഴ്സ് ബിരുദം. അല്ലെങ്കിൽ എം.ടെക് (കമ്പ്യൂട്ടർ ആപ്ലിക്കേഷൻ) അല്ലെങ്കിൽ ബി.ഇ/ബി.ടെക് (കമ്പ്യൂട്ടർ സയൻസ്/എൻജിനീയറിങ്) അല്ലെങ്കിൽ ബി.സി.എ, ബി.എസ് സി (കമ്പ്യൂട്ടർ സയൻസ്/ഇലക്ട്രോണിക്സ്)/ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ ബാച്ചിലേഴ്സ് ബിരുദവും ഇലക്ട്രോണിക് ഡേറ്റ പ്രോസസിങ് വർക്കിൽ രണ്ടുവർഷത്തെ പരിചയവും അല്ലെങ്കിൽ പി.ജി.ഡി.സി.എയും ഇലക്ട്രോണിക് ഡേറ്റ പ്രോസസിങ്ങിൽ മൂന്നു വർഷത്തെ പരിചയവും.
സി,സി+ പ്രോഗ്രാമിങ്ങിലുള്ള അറിവ് അഭിലഷണീയം. പ്രായപരിധി 30 വയസ്സ്. ഒ.ബി.സി-നോൺ ക്രീമിലെയർ വിഭാഗത്തിന് 33 വയസ്സുവരെയും പട്ടിക വിഭാഗങ്ങൾക്ക് 35 വയസ്സുവരെയുമാകാം. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www.upsc.gov.inൽ. ഓൺലൈനായി www.upsconline.nic.inൽ നവംബർ 28 വരെ അപേക്ഷിക്കാം. അപേക്ഷയുടെ പ്രിന്റൗട്ട് നവംബർ 29നകം എടുത്ത് സൂക്ഷിക്കേണ്ടതാണ്. ഇന്റർവ്യൂവിന് ക്ഷണിക്കുന്നപക്ഷം അസ്സൽ സർട്ടിഫിക്കറ്റിനോടൊപ്പം അപേക്ഷയുടെ പ്രിന്റൗട്ടും ഹാജരാക്കേണ്ടതുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.