തിരുവനന്തപുരം: നോര്‍ക്ക റൂട്ട്സ് പുതുതായി ആരംഭിക്കുന്ന നോർക്ക അസിസ്റ്റഡ് ആൻഡ് മൊബിലൈസ്ഡ് എംപ്ലോയ്മെന്റ് അഥവ നെയിം പദ്ധതിയില്‍ എംപ്ലോയർ കാറ്റഗറിയിൽ രജിസ്റ്റർ ചെയ്യുന്നതിന് താല്പര്യമുളള സംസ്ഥാനത്തെ വ്യവസായ വാണിജ്യ സ്ഥാപനങ്ങളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.
തിരിച്ചെത്തിയ പ്രവാസി കേരളീയര്‍ക്ക് നാട്ടിലെ സംരംഭങ്ങളിൽ തൊഴിൽ ലഭ്യമാക്കുന്നതിന് ലക്ഷ്യമിട്ട് നോര്‍ക്ക റൂട്ട്സ് മുഖേന സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതിയാണ് നെയിം. നോര്‍ക്ക റൂട്ട്സ് ലിസ്റ്റ് ചെയ്യുന്ന ഉദ്യോഗാർഥികളില്‍ നിന്നും തെരഞ്ഞെടുക്കുന്ന പ്രവാസി കേരളീയരെ നിയമിക്കുന്ന തൊഴിലുടമക്ക് (എംപ്ലോയർ) പ്രതിവര്‍ഷം പരമാവധി 100 തൊഴില്‍ദിനങ്ങളിലെ ശമ്പള വിഹിതം (വേജ് കോമ്പന്‍സേഷന്‍) പദ്ധതി വഴി ലഭിക്കും.
സഹകരണ സ്ഥാപനങ്ങള്‍, എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് (ഇ.എസ്.ഐ), എംപ്ലോയീസ് പ്രൊവിഡൻറ് ഫണ്ട് (ഇ.പി.എഫ്), ഉദ്യം, രജിസ്ട്രേഷനുളള സ്വകാര്യ/പബ്ലിക് ലിമിറ്റഡ്/എല്‍.എല്‍.പി കമ്പനികൾ, അംഗീകൃത സ്റ്റാർട്ടപ്പുകള്‍ എന്നിവക്ക് രജിസ്റ്റര്‍ ചെയ്യാം. ഓട്ടോ മൊബൈൽ, കൺസ്ട്രക്ഷൻ, ഹോസ്പിറ്റാലിറ്റി മേഖലകളിലെ സംരംഭങ്ങള്‍ക്കാണ് രജിസ്റ്റര്‍ ചെയ്യാന്‍ അവസരം. അപേക്ഷാ ഫോറത്തിനും വിശദവിവരങ്ങൾക്കും www.norkaroots.org വെബ്സൈറ്റ് സന്ദർശിക്കുകയോ 0471-2770523 ഫോൺ നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യാം. ദിവസവേതനത്തിന്റെ 50 ശതമാനം അല്ലെങ്കില്‍ പരമാവധി 400 രൂപ, ഇതിൽ ഏതാണോ കുറവ് അതാണ് ശമ്പള വിഹിതമായി തൊഴിലുടമക്ക് ലഭിക്കുക.
പ്രമുഖ വാഹന ഡീലര്‍ഷിപ്പില്‍ 45 ഒഴിവ്
തിരുവനന്തപുരം: കേരളത്തിലെ പ്രമുഖ വാഹന ഡീലര്‍ഷിപ് സ്ഥാപനത്തിന്റെ പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ (ഷോറൂം, സർവിസ് സെന്റര്‍) ഒഴിവുള്ള വിവിധ തസ്തികകളിലേക്ക് മടങ്ങിയെത്തിയ പ്രവാസികളിൽ നിന്നും നോര്‍ക്ക റൂട്ട്സ് മുഖേന അപേക്ഷ ക്ഷണിച്ചു. എട്ട് തസ്തികകളിലെ 45ഓളം ഒഴിവുകളിലേക്കാണ് അപേക്ഷ. നെയിം പദ്ധതിപ്രകാരമാണ് അപേക്ഷ ക്ഷണിച്ചത്. ജന.മാനേജർ, സീനിയർ ടെക്നീഷ്യൻ, സർവിസ് മാനേജർ, കസ്റ്റമർ കെയർ മാനേജർ, സീനിയർ സർവിസ്/ബോഡി ഷോപ് അഡ്വൈസേർസ്, സീനിയർ റിലേഷൻഷിപ് മാനേജർ, സീനിയർ വാറന്റി ഇൻ ചാർജ്, ഡെപ്യൂട്ടി മാനേജർ തസ്തികകളിലാണ് ഒഴിവുകള്‍. നോര്‍ക്ക റൂട്ട്സിന്റെ www.norkaroots.orgലൂടെ ഈമാസം 16നകം അപേക്ഷിക്കാം. വിശദമായ നോട്ടിഫിക്കേഷനും ഓരോ തസ്തികകളിലേയും യോഗ്യത സംബന്ധിക്കുന്ന വിവരങ്ങളും വെബ്സൈറ്റിലുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0471 -2770523 (പ്രവൃത്തി ദിനങ്ങളില്‍, ഓഫിസ് സമയത്ത്).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.