തിരുവനന്തപുരം :ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സംസ്ഥാനത്തെ സ്കൂളുകളിൽ വലിച്ചെറിയൽ മുക്ത കാമ്പസ് പ്രഖ്യാപനം നാളെ നടത്തും. തിരുവനന്തപുരം കോട്ടൺഹിൽ ജി.എച്ച്.എസ്.എസിൽ രാവിലെ 9.30 ന് മന്ത്രി വി. ശിവൻകുട്ടി സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കും. മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിക്കും. അസംബ്ലിയിൽ കുട്ടികൾ പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലും.
എല്ലാ സ്കൂളുകളിലും ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ നടത്തണമെന്ന് മന്ത്രി വി ശിവൻകുട്ടി നിർദേശിച്ചു. ശുചിത്വ വിദ്യാലയം ഹരിത വിദ്യാലയം കാമ്പയിനിന്റെ ഭാഗമായാണ് വലിച്ചെറിയൽ മുക്ത കാമ്പസ് പ്രഖ്യാപനം. പ്ലാസ്റ്റിക്കുകൾ, മറ്റു മാലിന്യങ്ങൾ തുടങ്ങിയവ സ്കൂൾ ക്യാമ്പസുകളിൽ അലക്ഷ്യമായി വലിച്ചെറിയുന്നത് തടയുക എന്നതാണ് ലക്ഷ്യം.
എല്ലാ സ്കൂളുകളിലും ജൈവ, അജൈവമാലിന്യങ്ങൾ വേർതിരിച്ച് നിക്ഷേപിക്കാനുള്ള വേസ്റ്റ് ബിന്നുകൾ സ്ഥാപിക്കണം. മാലിന്യങ്ങൾ ഉറവിടങ്ങളിൽ തന്നെ സംസ്കരിക്കാനുള്ള പദ്ധതികൾ സ്‌കൂളുകളിലെ സാഹചര്യം അനുസരിച്ച് ആസൂത്രണം ചെയ്യണം.
കുട്ടികളിൽ ശുചിത്വ ശീലവും ശുചിത്വ ബോധവും ഉളവാക്കാനും അത് ജീവിത മൂല്യങ്ങൾ ആക്കി മാറ്റാനും സഹായകമായ ക്യാമ്പയിൻ ആണ് ശുചിത്വ വിദ്യാലയം ഹരിത വിദ്യാലയം ക്യാമ്പയിൻ. വരുന്ന മൂന്നു വർഷം കൊണ്ട് സ്കൂൾ കുട്ടികളിൽ ശുചിത്വം സംബന്ധിച്ച് ശാസ്ത്രീയമായ അവബോധം സൃഷ്ടിക്കാൻ ഈ ക്യാമ്പയിൻ വഴി കഴിയണം.
വിദ്യാഭ്യാസ വകുപ്പിനെ കൂടാതെ തദ്ദേശ വകുപ്പ് , ആരോഗ്യ വകുപ്പ് എന്നിവയുടെ കൂട്ടായ പ്രവർത്തനം ഈ കാമ്പയിന്റെ ലക്ഷ്യങ്ങൾ നേടാൻ അനിവാര്യമാണ്. കുട്ടികളാരും തന്നെ കാമ്പസിനകത്ത് ആവശ്യമില്ലാത്ത വസ്തുക്കൾ വലിച്ചെറിയുന്നില്ല എന്ന് ഉറപ്പാക്കാനും അതിന് കുട്ടികളെ സജ്ജമാക്കാനും കഴിയണമെന്നും വി. ശിവൻകുട്ടി ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.