തേഞ്ഞിപ്പലം: നാലുവര്‍ഷ ഇന്റഗ്രേറ്റഡ് ബിരുദ പ്രോഗ്രാമുകളുടെ നിയമാവലി അക്കാദമിക് കൗണ്‍സില്‍ യോഗത്തില്‍ അംഗീകരിച്ച കേരളത്തിലെ ആദ്യ സര്‍വകലാശാലയായി കാലിക്കറ്റ്.
ചൊവ്വാഴ്ച ചേര്‍ന്ന പ്രത്യേക യോഗത്തില്‍ സിന്‍ഡിക്കേറ്റംഗം പി.കെ. ഖലീമുദ്ദീനാണ് കാലിക്കറ്റ് സര്‍വകലാശാല ഫോര്‍-ഇയര്‍ അണ്ടര്‍ ഗ്രാജ്വേറ്റ് പ്രോഗ്രാംസ് (സി.യു.എഫ്.വൈ.യു.ജി.പി) റഗുലേഷന്‍സ് 2024 അവതരിപ്പിച്ചത്. ചെറിയ തിരുത്തലുകളോടെ നിയമാവലിക്ക് യോഗം അംഗീകാരം നല്കി.
ഉന്നത വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരത്തിലും തൊഴില്‍ ലഭ്യതയിലും വിപ്ലവകരമായ മാറ്റം സൃഷ്ടിക്കുന്നതാകും സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച് സര്‍വകലാശാലകള്‍ ആവിഷ്കരിച്ച് നടപ്പാക്കുന്ന പദ്ധതിയെന്ന് യോഗം അഭിപ്രായപ്പെട്ടു. അടുത്ത വര്‍ഷം മുതല്‍ കാലിക്കറ്റിന് കീഴിലെ അഫിലിയേറ്റഡ് കോളജുകള്‍, വിദൂരവിഭാഗം ബിരുദ വിദ്യാര്‍ഥികൾ എന്നിവർക്കെല്ലാം പുതിയ നിയമാവലി ബാധകമാകും.
ഗവേഷണ നിയമാവലി 2023ലെ ഭേദഗതികള്‍ക്കും യോഗം അംഗീകാരം നല്കി. സ്വാശ്രയ കോളജുകള്‍ക്കും പഠനവകുപ്പുകള്‍ക്കും കൂടി ഗവേഷണ കേന്ദ്രം അനുവദിക്കുന്നതാണ് ഇതില്‍ പ്രധാനം.
എമിരറ്റസ് പ്രഫസര്‍മാരെയും ഗവേഷണ മാർഗദര്ശികളാക്കുന്നതും സര്‍ക്കാര്‍, എയ്ഡഡ് കോളജുകളിലെ ലൈബ്രേറിയന്മാര്ക്ക് പാര്‍ട്ട് ടൈം പി.എച്ച്.ഡി പ്രവേശനത്തിന് അനുമതി നല്കുന്നതുമാണ് പുതിയ നിയമാവലി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.