കൽപറ്റ: പ്ലസ് ടു പരീക്ഷ റദ്ദാക്കിയതിനു പിന്നാലെ വിദ്യാർഥികളുടെ മൂല്യനിർണയം 10, 11, 12 ക്ലാസുകളിലെ പരീക്ഷാഫലത്തിെൻറ ആകെത്തുകയെന്ന നിലയിൽ കണക്കാക്കുമെന്ന് സി.ബി.എസ്.ഇ സുപ്രീംകോടതിയെ അറിയിച്ചതിനെ സ്വാഗതം ചെയ്ത് ജില്ലയിലെ മാനേജ്മെൻറുകളും അധ്യാപകരും.
കോവിഡ് മഹാമാരിക്കാലത്ത് ഏറ്റവും പ്രായോഗികമായ തീരുമാനമെന്നാണ് ഇവരുടെ വിലയിരുത്തൽ. അതേസമയം, 10, 11 ക്ലാസുകളിലെ പരീക്ഷാഫലം പരിഗണിക്കുന്നത് പല വിദ്യാർഥികളുടെ മാർക്കിനെ ബാധിക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്. ജില്ലയിൽ ഏഴ് സ്കൂളുകളിലാണ് സി.ബി.എസ്.ഇ, പ്ലസ് ടു ഉള്ളത്. ഇത്തവണ ആയിരത്തോളം വിദ്യാർഥികളാണ് 12ാം ക്ലാസുകാരായുള്ളത്.
ഫലനിർണയം നിരീക്ഷിക്കാൻ 1000 സ്കൂളുകൾക്ക് ഒരു സമിതി എന്ന നിലയിൽ രൂപവത്കരിക്കുമെന്ന് കോടതിയെ അറിയിച്ചിട്ടുണ്ട്. ചില സ്കൂളുകൾ പ്രാക്ടിക്കൽ പരീക്ഷക്ക് കൂടുതൽ മാർക്ക് നൽകുകയും ചിലർ കുറവു നൽകുകയും ചെയ്യുന്ന പ്രവണതയുണ്ട്. ഇതു ഫലത്തെ ബാധിക്കാതിരിക്കാനാണ് സമിതി രൂപവത്കരിക്കുന്നത്. ഇവ നടപ്പാക്കി ജൂലൈ 31ന് മുമ്പ് ഫലം പ്രസിദ്ധീകരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
േലാകം മുഴുവൻ കോവിഡ് മഹാമാരിയുടെ പിടിയിലമർന്നിരിക്കുന്ന സാഹചര്യത്തിൽ വിദേശങ്ങളിലെ സ്കൂളുകളിലടക്കമുള്ള വിദ്യാർഥികൾക്ക് പരീക്ഷ നടത്തുക പ്രായോഗികമല്ല.
10, 11 ക്ലാസുകളിലെ വാർഷിക പരീക്ഷക്ക് 30 ശതമാനം വീതം വെയ്റ്റേജ് നൽകുമെന്നും 12ാം ക്ലാസിലെ പ്രീ ബോർഡ് പരീക്ഷക്ക് 40 ശതമാനം വെയ്റ്റേജ് നൽകുമെന്നുമുള്ള സി.ബി.എസ്.ഇ തീരുമാനം സ്വാഗതാർഹമാണ്. വിദ്യാർഥികൾക്ക് നഷ്ടമുണ്ടാവാത്ത രീതിയിൽ ഫലം പ്രഖ്യാപിക്കാൻ സി.ബി.എസ്.ഇ ബോർഡിന് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ദീപ ഉത്തപ്പ, പ്രിൻസിപ്പൽ, ഐഡിയൽ ഇംഗ്ലീഷ് സ്കൂൾ, സുൽത്താൻ ബത്തേരി , സി.ബി.എസ്.ഇ സ്കൂൾ പ്രിൻസിപ്പൽസ് അസോ. ജില്ല സെക്രട്ടറി
പത്താം ക്ലാസിലും പ്ലസ് വണ്ണിലുമൊക്കെ മിടുക്കരായിരുന്ന വിദ്യാർഥികളെ ഈ തീരുമാനം കാര്യമായി ബാധിക്കില്ല. അതേസമയം, ശരാശരിക്കും അതിനു താഴെയുമുള്ള കുട്ടികളെ 10, 11 ക്ലാസുകളിലെ പരീക്ഷയിലെ മാർക്ക് പരിഗണിക്കുന്നത് ബാധിച്ചേക്കും. 10ാം ക്ലാസ് കഴിഞ്ഞാൽ വിദ്യാർഥികൾ അവർക്ക് താൽപര്യമുള്ള വിഷയമാണ് ഉപരിപഠനത്തിന് തിരഞ്ഞെടുക്കുന്നത്. അപ്പോൾ മുതിർന്ന ക്ലാസുകളിൽ കൂടുതൽ മെച്ചപ്പെട്ടവരുണ്ടാവും. അവരുടെ 10ാം ക്ലാസിലെ മാർക്ക് പ്ലസ് ടുവിന് പരിഗണിക്കുന്നത് ചിലപ്പോൾ പ്രതികൂലമായി മാറാം. സി.ബി.എസ്.ഇ ബോർഡ് പരീക്ഷയല്ലാത്തതിനാൽ പ്ലസ് വൺ പരീക്ഷയെ കൂടുതൽ ഗൗരവത്തിലെടുക്കാത്തവർക്കും ഈ തീരുമാനം ദോഷകരമാവും.
സ്മിത പി. കൃഷ്ണൻ പ്രിൻസിപ്പൽ, ഡബ്ല്യു.എം.ഒ ഇംഗ്ലീഷ് അക്കാദമി, മുട്ടിൽ
ലോകം മുഴുവൻ കോവിഡ് പ്രതിസന്ധിയിൽ അകപ്പെട്ട പശ്ചാത്തലത്തിൽ വിദ്യാഭ്യാസ രംഗത്തെ ആകുലതകൾ സ്വാഭാവികമാണ്. വിദ്യാർഥികളുടെ ഉപരിപഠന സാധ്യതകളെയും പഠന നിലവാരത്തെയും സന്തുലിതമായി സമീപിക്കുന്ന രീതിയാണ് സി.ബി.എസ്.ഇ സ്വീകരിച്ചിരിക്കുന്നത്.
രാജ്യത്തെ മുഴുവൻ സംസ്ഥാനങ്ങളിലും വിദേശരാജ്യങ്ങളിലും ഉള്ള വിദ്യാർഥികളെ മുഴുവൻ പരിഗണിച്ചുകൊണ്ട് മാത്രമേ സി.ബി.എസ്.ഇക്ക് തീരുമാനങ്ങളെടുക്കാൻ സാധിക്കുകയുള്ളൂ. ആ അർഥത്തിൽ ബോർഡ് എടുത്തിരിക്കുന്ന തീരുമാനം ഉചിതവും കൂടുതൽ പ്രായോഗികവും വിശ്വാസ്യതക്ക് കോട്ടം തട്ടാത്തതുമാണ്.
വി.ജി. സുരേന്ദ്രനാഥ് പ്രസിഡൻറ്, സി.ബി.എസ്.ഇ സ്കൂൾ മാനേജ്മെൻറ് കൗൺസിൽ വയനാട്
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.