തിരുവനന്തപുരം: സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ മേഖലയുടെ ഗുണനിലവാരം വർധിപ്പിക്കാനും രാജ്യാന്തര സ്വഭാവത്തിൽ അത്യാധുനിക ഗവേഷണം വികസിപ്പിക്കാനും ഏഴ് സെന്റേഴ്സ് ഓഫ് എക്സലൻസ് (സി.ഒ.ഇ) ഉടൻ ആരംഭിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു അറിയിച്ചു. ഇതിനായി ഈ വർഷം 11.4 കോടി രൂപയുടെ ഭരണാനുമതി സർക്കാർ നൽകിയതായും മരന്തി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കൂടാതെ, വിദേശവിദ്യാർഥികൾക്ക് ഉന്നതവിദ്യാഭ്യാസ പഠനകേന്ദ്രമാക്കി കേരളത്തെ മാറ്റാൻ പ്രധാന നടപടിയായി 'സ്റ്റഡി ഇൻ കേരള' പദ്ധതിക്കും സംസ്ഥാനത്ത് തുടക്കം കുറിക്കും.
ഉന്നത വിദ്യാഭ്യാസമേഖലയുടെ സമഗ്ര പരിഷ്‌കരണത്തിന് ഉന്നതവിദ്യാഭ്യാസ പരിഷ്കരണ കമ്മീഷൻ നൽകിയ ശുപാർശകളിൽ ഏറ്റവും പ്രധാനപ്പെട്ടതായിരുന്നു സംസ്ഥാനത്തിന്റെ വിവിധ മേഖലകളിൽ മികവിന്റെ കേന്ദ്രങ്ങൾ സ്ഥാപിക്കണമെന്നത്. അത്യാധുനിക ഗവേഷണം വികസിപ്പിക്കാനും സംസ്ഥാനത്തിന്റെ മൊത്തത്തിലുള്ള അക്കാദമിക്, പ്രൊഫഷണൽ പ്രവർത്തനങ്ങൾക്ക് സഹായകരമാകാനും ഉതകുന്ന വിധത്തിൽ, പ്രത്യേകമായ പഠനമേഖലകളിലോ ഗവേഷണത്തിലോ പരിശീലനത്തിലോ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാവും കേന്ദ്രങ്ങൾ. ആദ്യഘട്ടമായി ഏഴ് സെന്റേഴ്സ് ഓഫ് എക്സലൻസ്, സ്വയംഭരണ സ്ഥാപനങ്ങളായി സ്ഥാപിക്കാൻ സംസ്ഥാന ബജറ്റിൽ തുക വകയിരുത്തിയിരുന്നു. ആ സെന്റേഴ്സ് ഓഫ് എക്സലൻസ് ഏഴും ആരംഭിക്കാൻ സർക്കാർ ഭരണാനുമതി നൽകി.
നിലവിൽ ഭരണാനുമതി ലഭിച്ച സെന്ററുകളിൽ രണ്ടെണ്ണം ശാസ്ത്രസാങ്കേതിക മേഖലയിലും രണ്ടെണ്ണം സാമൂഹ്യശാസ്ത്ര മേഖലയിലും രണ്ടെണ്ണം ഭാഷ-സാംസ്കാരിക മേഖലയിലും ആണ് പ്രവർത്തിക്കുക. ഒരു സെൻറർ ഉന്നതവിദ്യാഭ്യാസമേഖലയിലെ അധ്യാപക-അനധ്യാപക-ഗവേഷകവിദ്യാര്‍ഥി പരിശീലനങ്ങളിലും പാഠ്യപദ്ധതി രൂപകല്‍പന അടക്കമുള്ളവയിലും കേന്ദ്രീകരിച്ച് പ്രവർത്തിക്കും.
1. Centre of excellence for Teaching, Learning and Training
2. Kerala Institute for Science, Technology, and Innovation (KISTI)
3. Kerala Institute of Advanced Studies (KIAS)
4. Kerala Network for Research-Support in Higher Education – (KNRSHE)
5. Centre for Indigenous People's Education (CIPE)
6. The Kerala Institute for Gender Equality (KIGE)
7. Kerala Language Network (KLN)
ഓരോ സെന്റർ ഓഫ് എക്സലൻസും അതാത് മേഖലക്കുള്ളിൽ വൈദഗ്ധ്യം, നവീകരണം, സഹകരണം എന്നിവയുടെ കേന്ദ്രമായി പ്രവർത്തിക്കുന്ന രീതിയിലാണ് വിഭാവനം ചെയ്തിട്ടുള്ളത്. ഓരോന്നിലും അതാതു മേഖലയിലെ മികച്ച ഫാക്കൽറ്റി അംഗങ്ങൾ, ഗവേഷകർ, വിദ്യാർത്ഥികൾ, വ്യവസായ പങ്കാളികൾ എന്നിവരുടെ മികച്ച സാന്നിദ്ധ്യം ഉണ്ടാകും.
ആദ്യ ഘട്ടത്തിൽ, ഡയറക്ടറെ കൂടാതെ പരമാവധി അഞ്ചു പേർ അടങ്ങുന്ന ഒരു കോർ അക്കാഡമിക് ടീം (ഫാക്കൽറ്റി /ഫാക്കൽറ്റി ഫെലോ /റിസർച്ച് ഫാക്കൽറ്റി എന്നിവരുൾപ്പെടെ) ഓരോ സെന്റർ ഓഫ് എക്സലൻസിലും രൂപീകരിക്കും. പുറമെ, പോസ്റ്റ് ഡോക്ടറൽ /ഡോക്ടറൽ വിദ്യാർഥികളുടെ ഓരോ ടീമും ഓരോ സെന്റർ ഓഫ് എക്സലൻസിലും ഉണ്ടാവും.
സംസ്ഥാന സർക്കാർ, ഉന്നതവിദ്യാഭ്യാസ കൗൺസിൽ, സർവ്വകലാശാലകൾ, ഗവേഷണ സ്ഥാപനങ്ങൾ, വ്യവസായ സ്ഥാപനങ്ങൾ എന്നിവയിൽ നിന്നുള്ള അംഗങ്ങൾ ഉൾപ്പെട്ട ഒരു ഗവേണിംഗ് ബോർഡ് ഓരോ സെന്റർ ഓഫ് എക്സലൻസിലും രൂപികരിക്കും.സംസ്ഥാനത്തെ മറ്റു സ്ഥാപനങ്ങൾക്ക് ഭാവിയിൽ പിന്തുടരാവുന്ന രീതിയിൽ, ലോകത്തിലെ ഏറ്റവും മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ എഡ്യൂക്കേഷണൽ അഡ്മിനിസ്ട്രേഷൻ രീതിയിലാവും സംവിധാനം.
ഉന്നതവിദ്യാഭ്യാസ മേഖലയിലെ പാഠ്യപദ്ധതി രൂപകല്പന, സിലബസ് തയ്യാറാക്കൽ, മൂല്യനിർണ്ണയ തന്ത്രങ്ങൾ, ടെക്നോളജി ഉപയോഗിച്ചുള്ള ബോധനരീതികൾ എന്നിവയിൽ അധ്യാപകർക്ക് നിരന്തരമായ പരിശീലനം നല്കുന്നതിലും ഈ മേഖലയിൽ ഗവേഷണം നടത്തി ഏറ്റവും ആധുനികമായ അറിവുകൾ ഉല്പാദിപ്പിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കും. അദ്ധ്യാപകർക്കും എഡ്യൂക്കേഷണൽ അഡ്മിനിസ്ട്രേറ്റർമാർക്കും വിദ്യാർത്ഥികൾക്കും ലീഡർഷിപ്പ് പരിശീലനം നൽകുന്നതുമാകും ഈ കേന്ദ്രം. ഉന്നതവിദ്യാഭ്യാസരംഗത്ത് നടപ്പിലാക്കിയ വിവിധ പദ്ധതികളെപ്പറ്റി ആവശ്യമായ ഗവേഷണം മുന്നോട്ടുകൊണ്ടുപോകുക വഴി നയരൂപകർത്താക്കൾക്കും ഈ കേന്ദ്രം സഹായമേകും. കാലിക്കറ്റ് സർവ്വകലാശാലയാണ് കേന്ദ്രത്തിന് പരിഗണിക്കുന്നത്.
കേരള സർക്കാരിന്റെയും കേരളവംശജരായ ശാസ്ത്രജ്ഞരുടെയും സാങ്കേതികവിദഗ്ധരുടെയും മനുഷ്യസ്‌നേഹികളുടെയും കൂട്ടുപങ്കാളിത്തത്തോടെ സ്ഥാപിക്കുന്ന സഹകരണസംരംഭമായിട്ടാവും ഈ കേന്ദ്രം. വിപുലമായ ശാസ്ത്രഗവേഷണത്തിനുള്ള പ്രധാന അന്തർദേശീയ കേന്ദ്രമായി ഇതിനെ വികസിപ്പിക്കും.
സുസ്ഥിരമായ ഇന്ധനങ്ങൾ, മാലിന്യ സംസ്‌കരണം, നാനോ ടെക്‌നോളജി, അഡ്വാൻസ്ഡ് മെറ്റീരിയലുകൾ, സിസ്റ്റംസ് ബയോളജി, ബിഗ് ഡാറ്റ അനലിറ്റിക്‌സ്, റോബോട്ടിക്‌സ്, എനർജി എഞ്ചിനീയറിംഗ് തുടങ്ങി ഉയർന്നുവരുന്ന വിവിധ വിഷയമേഖലകളിൽ അന്താരാഷട്രതലത്തിൽ സംഭാവന ചെയ്യാവുന്ന ഗവേഷക സമൂഹത്തെ സൃഷ്ടിക്കാനുള്ള ഗവേഷണ പ്രവർത്തനങ്ങൾ ഈ കേന്ദ്രത്തിൽ നടക്കും. കുസാറ്റിലാണ് കേന്ദ്രം സ്ഥാപിക്കാൻ ആലോചിക്കുന്നത്.
കേരളത്തിൻ്റെ ചരിത്രം, സമൂഹം, സമ്പദ്‌വ്യവസ്ഥ, സാംസ്കാരിക സമ്പ്രദായങ്ങൾ എന്നിവയെക്കുറിച്ചുള്ള വിപുലമായ പഠനങ്ങൾക്കും ഗവേഷണങ്ങൾക്കും വേണ്ടിയാണീ കേന്ദ്രം. ഷിംലയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡി (ഐഐഎഎസ്), നാൻ്റസിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡി എന്നിവയുടെ മാതൃകയിൽ, സാമൂഹികശാസ്ത്രം, ഹ്യുമാനിറ്റീസ്, ഭാഷകൾ, കലകൾ, സംസ്കാരം എന്നിവയിലെ ഗവേഷണ പ്രവർത്തനങ്ങൾ ഇവിടെ നടക്കും. മൂന്നാറിലാണ് കേന്ദ്രം സ്ഥാപിക്കാൻ ഉദ്ദേശിക്കുന്നത്.
സംസ്ഥാനത്തെ വിവിധ ഗവേഷണകേന്ദ്രങ്ങളിൽ പ്രവർത്തിക്കുന്ന അദ്ധ്യാപകർക്കും ഗവേഷകവിദ്യാർത്ഥികൾക്കും നെറ്റ്‌വർക്കിംഗ്/ക്ലസ്റ്റർ മോഡ് വഴി ഒപ്റ്റിമൽ സ്റ്റേറ്റ് ലെവൽ ഇൻഫ്രാസ്ട്രക്ചർ സൗകര്യങ്ങൾ നൽകുന്നതിനാണ് ഈ കേന്ദ്രം മുൻഗണന നൽകുക. ഈ നെറ്റ്-വർക്കിൽ ചേരുന്ന സ്ഥാപനങ്ങളിലെ ഫാക്കൽറ്റി, ഗവേഷകർ, ശാസ്ത്രജ്ഞർ, വിദ്യാർത്ഥികൾ എന്നിവരുടെ ഗവേഷണ ആവശ്യങ്ങൾ ഒരു മേൽക്കൂരയ്ക്ക് കീഴിൽ പ്രൊഫഷണലായി ഈ കേന്ദ്രം കൈകാര്യം ചെയ്യും.
ഗവേഷണസഹകരണം പ്രോത്സാഹിപ്പിക്കുക, ഗവേഷണ ഇൻഫ്രാസ്ട്രക്ചർ വികസിപ്പിക്കുക, ഗവേഷണത്തിൻ്റെയും വ്യവസായത്തിൻ്റെയും സംയോജനം സുഗമമാക്കുക, ഗവേഷകർക്ക് ഗവേഷണത്തിനുള്ള ധനസഹായം നേടിയെടുക്കാൻ സഹായിക്കുക എന്നിവ ഈ കേന്ദ്രത്തിൽ നിറവേറ്റപ്പെടും. ഈ കേന്ദ്രത്തിന്റെ ഭാഗമായി സംസ്ഥാനത്ത് രണ്ട് സെൻട്രൽ ഇൻസ്ട്രുമെൻ്റേഷൻ ലബോറട്ടറികളും (സിഐഎൽ), ഒരു അക്കാദമിക് കമ്പ്യൂട്ടിംഗ് സൗകര്യങ്ങൾ നൽകുന്ന കേന്ദ്രവും (സിഎസിഎഫ്) സ്ഥാപിക്കും. സംസ്ഥാനത്തെ വിവിധ ഗവേഷണസൗകര്യങ്ങളുടെ കേന്ദ്രീകൃത ശൃംഖല ഈ സെന്റർ വഴി സ്ഥാപിക്കും. ഇൻഡസ്ടറി-അക്കാദമിയ സഹകരണത്തിനും, പേറ്റൻ്റ് ഫെസിലിറ്റേഷനും ഈ കേന്ദ്രം സൗകര്യമൊരുക്കും. മറ്റ് അക്കാദമിക് സ്ഥാപനങ്ങൾ, സർവ്വകലാശാലകൾ, ദേശീയ ലബോറട്ടറികൾ, സ്റ്റാർട്ടപ്പുകൾ, നിർമ്മാണ-എഞ്ചിനീയറിംഗ് വ്യവസായങ്ങൾ, എസ്എംഇകൾ, ആർ &ഡി ലാബുകൾ തുടങ്ങിയവയ്ക്ക് ഗവേഷണ-വികസന പ്രവർത്തനങ്ങൾക്കു വേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ ഈ കേന്ദ്രം നൽകും. കേരള സർവ്വകലാശാലയാണ് കേന്ദ്രം ആരംഭിക്കാൻ പരിഗണിക്കുന്നത്.
ഉന്നതവിദ്യാഭ്യാസ മേഖലയിൽ കൂടുതലായുണ്ടാവേണ്ട തദ്ദേശീയപങ്കാളിത്തം, ഉന്നതവിദ്യാഭ്യാസ പ്രോഗ്രാമുകളിൽ പട്ടികവർഗ വിദ്യാർത്ഥികൾക്കുള്ള സീറ്റുകൾ നികത്താൻ കഴിയാതെ പോകുന്നതും കൊഴിഞ്ഞുപോക്കും തുടങ്ങിയ സാഹചര്യങ്ങൾ പരിഗണിച്ചാണ് ഈ കേന്ദ്രം ആരംഭിക്കുന്നത്. തദ്ദേശീയരായ വിദ്യാർത്ഥികൾ പെഡഗോഗിക് ഇടപാടുകൾ നടത്തുന്നതിലും അതിനു സഹായകരമായ അനുബന്ധ സൗകര്യങ്ങളിലേക്ക് പ്രവേശനം നേടുന്നതിലും നേരിടുന്ന ബുദ്ധിമുട്ടുകൾ പരിഗണിച്ചാണിത്. വയനാട്ടിലെ ആദിവാസി പഠനത്തിനായുള്ള കാലിക്കറ്റ് സർവ്വകലാശാലാ കേന്ദ്രവുമായി സംയോജിപ്പിച്ചാണ് ഈ കേന്ദ്രത്തിന്റെ പ്രവർത്തനം ആരംഭിക്കാൻ ആലോചിക്കുന്നത്. തദ്ദേശവാസികൾക്ക് ഭരണത്തിലും പ്രവർത്തനങ്ങളിലും സജീവപങ്കാളിത്തമുള്ള ഈ കേന്ദ്രത്തിന് തദ്ദേശീയജനവിഭാഗങ്ങൾ കൂടുതൽ വസിക്കുന്ന മേഖലകളിൽ ഉപകേന്ദ്രങ്ങളും ഉണ്ടാകും.
ലിംഗപദവി പഠനത്തിൻ്റെ എല്ലാ മേഖലകളിലേക്കും ഇൻ്റർഡിസിപ്ലിനറി, ട്രാൻസ് ഡിസിപ്ലിനറി ഗവേഷണങ്ങൾ വ്യാപിപ്പിക്കാനും നിലവിലുള്ള പഠനവകുപ്പുകളുമായും മറ്റ് ലിംഗപദവി പഠന കേന്ദ്രങ്ങളുമായും നെറ്റ്‌വർക്കിംഗും പ്രോത്സാഹിപ്പിക്കാനുമുള്ള പ്രവർത്തങ്ങൾ ഈ സെന്റർ ഏറ്റെടുക്കും
ഘട്ടംഘട്ടമായി ലിംഗസമത്വം സ്ഥാപിച്ചെടുക്കുക, നയരൂപീകരണവും ബജറ്റിങ്ങും പോലെയുള്ള എല്ലാ പ്രക്രിയകളിലും മറ്റു സമാന മേഖലകളിലും ലിംഗസമത്വ വീക്ഷണം കൊണ്ടുവരിക, രാജ്യത്തിനകത്തും പുറത്തുമുള്ള ലിംഗ അസമത്വങ്ങൾ പരിഹരിക്കാനുള്ള ശ്രമങ്ങളിൽ പങ്കാളിത്തമുണ്ടാവുക, സംസ്ഥാനത്തെ സ്ഥാപനങ്ങൾക്കും രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിലെ വിവിധ മേഖലകളിൽ നിന്നുള്ള പങ്കാളികൾക്കും ലിംഗപദവി പഠനഗവേഷണത്തിലൂടെ സൃഷ്ടിക്കപ്പെട്ട അറിവും ഓൺലൈൻ വിഭവങ്ങളും കൈമാറുക എന്നിവ ഈ കേന്ദ്രം ഉറപ്പാക്കും. കണ്ണൂർ സർവ്വകലാശാലയിലാവും കേന്ദ്രം.
മലയാളം ഉൾപ്പെടെ വിവിധ ഭാഷകളെ വിജ്ഞാനത്തിൻ്റെ ഭാഷയായി വികസിപ്പിക്കുന്നതിന് വിവിധ സംരംഭങ്ങൾ ഏറ്റെടുക്കുക, ഭാഷകളെ പ്രോത്സാഹിപ്പിക്കുകയും സംസ്കാരങ്ങളെ ആഘോഷിക്കുകയും ചെയ്യുന്ന ഒരു ചലനാത്മക സ്ഥാപനമായി മാറുക, വിദേശ ഭാഷകളിൽ വിവിധ തലത്തിലുള്ള പഠനങ്ങളും പരിശീലനവും നൽകുക എന്നിവയ്ക്കാണീ കേന്ദ്രം. മലയാളം സർവ്വകലാശാലയും കാലടി സർവ്വകലാശാലയുമാണ് കേന്ദ്രത്തിനു പരിഗണനയിൽ.
ഉന്നതവിദ്യാഭ്യാസത്തിൻ്റെ അന്തർദേശീയവത്ക്കരണത്തിലൂടെ കേരളത്തെ സംസ്ഥാനത്തിനു പുറത്തും വിദേശത്തുനിന്നും ഉള്ള വിദ്യാർത്ഥികൾക്ക് ആകർഷകമായ ഉന്നതവിദ്യാഭ്യാസ പഠനകേന്ദ്രമാക്കി മാറ്റുന്നതിനാണ് പ്രധാനമായും ഈ പദ്ധതി. ഉന്നതവിദ്യാഭ്യാസ പാഠ്യപദ്ധതി അന്താരാഷ്ട്രനിലവാരത്തിൽ പരിഷ്‌കരിക്കുകയും വിദേശ വിദ്യാർത്ഥികൾക്ക് കൂടി ആകർഷകമാവുന്ന ഘടകങ്ങൾ ഉൾച്ചേർക്കുകയും ചെയ്യുക, വിദേശത്തു നിന്നുള്ള വിദ്യാർത്ഥികൾക്ക് ഗുണമേന്മയുള്ള പാർപ്പിടസൗകര്യങ്ങൾ സ്വകാര്യമേഖലയുടെ കൂടി സഹകരണത്തോടെ ഒരുക്കുകയും അനുകൂലമായ ജീവിതസാഹചര്യങ്ങളും പഠന അന്തരീക്ഷവും ഉറപ്പാക്കുകായും ചെയ്യുക, രാജ്യത്തിനകത്തും പുറത്തും നമ്മുടെ വിദ്യഭ്യാസ സ്ഥാപനങ്ങളുടെ ബ്രാൻഡ് വാല്യൂ വർദ്ധിപ്പിക്കാൻ ഉതകുന്നവിധം മറ്റു സംസ്ഥാനങ്ങളിലും രാജ്യങ്ങളിലും നമ്മുടെ സ്ഥാപനങ്ങളുടെ ക്യാംപസുകൾ സ്ഥാപിക്കാൻ നടപടികളെടുക്കുക, അന്താരാഷ്ട്ര സ്ഥാപനങ്ങളുമായി ഗവേഷണസഹകരണം വർധിപ്പിക്കാൻ പദ്ധതികൾ ആരംഭിക്കുക, നമ്മുടെ വിദ്യാർഥികളിൽ ആഗോള അവബോധവും പരസ്പര ബന്ധവും ഉണ്ടാക്കിയെടുക്കുക എന്നിവ വഴി നമ്മുടെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അന്താരാഷ്ട്രവൽക്കരണം എന്ന ലക്ഷ്യം കൈവരിക്കാനാണീ പദ്ധതി.
അന്തർദേശീയ വിദ്യാർത്ഥികൾക്കായി സംസ്ഥാനത്തെ പ്രധാനകലകൾ, പാരമ്പര്യ അറിവുകൾ, കേരള സമൂഹത്തിന്റെ സവിശേഷതകൾ, വിനോദസഞ്ചാര സാദ്ധ്യതകൾ, ഭക്ഷണവൈവിധ്യങ്ങൾ, തുടങ്ങിയവയെപ്പറ്റി ആഗോള ധാരണ സൃഷ്ടിക്കാൻ ഹ്രസ്വകാല നോൺ-ഡിഗ്രി കോഴ്സുകൾ ലഭ്യമാപദ്ധതിയിൽ ലഭ്യമാക്കും. ഡിമാന്റുള്ള കോഴ്സുകൾക്ക് കൂടുതല്‍ പ്രചാരണം നൽകും.
മൂന്നാംലോക രാജ്യങ്ങളിലെ വിദ്യാർത്ഥികളെ കേരളത്തിലേക്ക് ആകർഷിക്കാൻ പ്രത്യേക പദ്ധതികൽ ഇതിലുണ്ടാകും. സംസ്ഥാനത്തു നിലവിൽ വിദ്യാർത്ഥികൾ താല്പര്യം പ്രകടിപ്പിക്കാത്ത ബിരുദ, ബിരുദാനന്തര കോഴ്സുകൾ പുനർക്രമീകരിച്ച്, കൂടുതൽ ജോബ് ഓറിയൻ്റഡ് ആയ ന്യൂ ജനറേഷൻ കോഴ്സുകൾ ആക്കി അവ മാറ്റാനും, ബിരുദ വിദ്യാർത്ഥികളുടെ പ്രൊഫഷണൽ കോംപീറ്റൻസി വർദ്ധിപ്പിക്കാനുമുള്ള നടപടികൾ ഇതിനോടനുബന്ധിച്ച് ഏറ്റെടുക്കും.
സ്റ്റഡി ഇൻ കേരള പദ്ധതിയുടെ ഭാഗമായി ഒരു അന്താരാഷ്ട്ര ഉന്നതവിദ്യാഭ്യാസ കോൺക്ലേവ് സംസ്ഥാനത്ത് ഒരുക്കാൻ പ്രാരംഭപ്രവർത്തനങ്ങളിലാണ്. ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഉന്നതവിദ്യാഭ്യാസ കൗൺസിൽ, സംസ്ഥാനത്തെ വിവിധ സർവ്വകലാശാലകൾ, കോളേജ് വിദ്യഭ്യാസ ഡയറക്ടറേറ്റ്, സാങ്കേതികവിദ്യാഭ്യാസ ഡയറക്ടറേറ്റ് എന്നിവയുടെ സഹകരണത്തോടെയാവും കോൺക്ലേവ്. കോൺക്ലേവിന് അനുബന്ധമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സെമിനാറുകൾ, വിദ്യാഭ്യാസ പ്രദർശനങ്ങൾ, ബുക്ക് ഫെസ്റ്റിവൽ, ശാസ്ത്രപ്രദർശനങ്ങൾ, ടെക്നിക്കൽ ഫെസ്റ്റിവൽ എന്നിങ്ങനെ വിവിധ ഘടകങ്ങൾ ഉൾച്ചേർത്ത് അതിവിപുലമായിട്ടാവും ഉന്നതവിദ്യാഭ്യാസ കോൺക്ലേവ്. സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ മേഖലയുടെ മികവും നേട്ടങ്ങളും സാദ്ധ്യതകളും വ്യക്തമാക്കുന്ന പ്രദർശനങ്ങളും ചർച്ചകളും ഇതിൽ ഒരുങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.