കൊച്ചി: ഒന്നാം ക്ലാസിൽ പ്രവേശനം നൽകിയ ദുർബല വിഭാഗത്തിൽപെട്ട കുട്ടികളുടെ പഠനത്തിന് അൺ എയ്ഡഡ് സ്കൂളുകൾ ചെലവഴിച്ച തുക സ്കൂൾ മാനേജ്മെന്റുകൾക്ക് സർക്കാർ തിരിച്ചുനൽകണമെന്ന് ഹൈകോടതി. ഒന്നാം ക്ലാസിൽ 25 ശതമാനം സീറ്റിലാണ് ദുർബലവിഭാഗങ്ങളിലെ കുട്ടികളെ പ്രവേശിപ്പിക്കുന്നത്.
പഠനച്ചെലവ് സ്കൂൾ മാനേജ്മെന്റുകൾ സമർപ്പിച്ചാൽ 2013ലെ ഉത്തരവനുസരിച്ച് സർക്കാർ രൂപം നൽകിയ കമ്മിറ്റി ഇത് പരിശോധിക്കണമെന്നും തുടർന്ന് തുക മാനേജ്മെന്റുകൾക്ക് നൽകണമെന്നും ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് മുരളി പുരുഷോത്തമൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് നിർദേശിച്ചു.
കോവിഡ് കാലത്ത് ക്ലാസുകൾ ഓൺലൈനാക്കിയിട്ടും അൺ എയ്ഡഡ് സ്കൂളുകൾ ഉയർന്ന ഫീസ് വാങ്ങിയെന്ന് ആരോപിച്ച് എറണാകുളം വെണ്ണല സ്വദേശി കെ.പി. ആൽബർട്ട് 2020ൽ നൽകിയ പൊതുതാൽപര്യ ഹരജി തീർപ്പാക്കിയാണ് ഹൈകോടതി വിധി.
2009ലെ വിദ്യാഭ്യാസ അവകാശ നിയമത്തിലാണ് അൺ എയ്ഡഡ് സ്കൂളുകൾ സമീപപ്രദേശത്തെ ദുർബലവിഭാഗങ്ങളിലെ കുട്ടികൾക്ക് പ്രവേശനം നൽകണമെന്ന് നിർദേശിക്കുന്നത്. അവരുടെ പഠനത്തിന് ചെലവായ തുക സർക്കാർ തിരിച്ചുനൽകണമെന്ന് നിർദേശിച്ചിരിക്കുന്നത് 2011ലെ കേരള വിദ്യാഭ്യാസ അവകാശ ചട്ടത്തിലാണ്. അടിസ്ഥാന സൗകര്യങ്ങൾ സ്വന്തം നിലക്ക് കണ്ടെത്തി സ്കൂൾ നടത്തുന്നവരെന്ന നിലയിലാണ് ഈ കുട്ടികൾക്ക് ചെലവാക്കുന്ന തുക തിരിച്ചു നൽകണമെന്ന് ചട്ടത്തിൽ പറയുന്നത്.
അൺ എയ്ഡഡ് സ്കൂളുകൾ താങ്ങാനാവാത്ത വിധം ഫീസ് വർധിപ്പിക്കുന്ന സാഹചര്യത്തിൽ ദുർബല വിഭാഗത്തിലുള്ള കുട്ടികൾ പഠനം ഉപേക്ഷിക്കുന്ന സാഹചര്യമുണ്ടെന്ന് ഹരജിയിൽ ആരോപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.