തിരുവനന്തപുരം: എയ്ഡഡ് സ്കൂളുകളില്‍ ഭിന്നശേഷി നിയമനത്തിന് യോഗ്യരായവരുടെ പട്ടിക ഇനി സര്‍ക്കാര്‍ നിയോഗിക്കുന്ന ജില്ലതല സമിതി തയാറാക്കി നല്‍കും. ജില്ലതല സമിതികള്‍ ശിപാര്‍ശ ചെയ്യുന്ന പട്ടികയില്‍ നിന്നും ഭിന്നശേഷി നിയമനം നടത്തേണ്ടത് സ്കൂള്‍ മാനേജരുടെ നിയമപരമായ ബാധ്യതയാക്കി പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകള്‍ മാനേജ്മെന്റുകൾക്ക് നല്കുന്ന പട്ടികയുടെ അടിസ്ഥാനത്തിലായിരുന്നു ഇതുവരെയുള്ള നിയമനം. ഈ പട്ടികയിൽ നിന്ന് മാനേജ്മെന്റുകൾക്ക് ഇഷ്ടപ്പെട്ടവരെ മാത്രം നിയമിക്കുന്നുവെന്നതടക്കമുള്ള പരാതികൾ ഉയരുകയും നിയമനത്തിൽ അലംഭാവം കാണിക്കുന്നെന്ന് വിമർശനവും ഉയർന്നതോടെയാണ് പുതിയ രീതി തീരുമാനിച്ച് സർക്കാർ ഉത്തരവ്.
പ്രൈമറി, ഹൈസ്കൂള്‍ വിഭാഗങ്ങള്‍ക്കായി വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ (ഡി.ഡി.ഇ) കണ്‍വീനറായി മൂന്നംഗസമിതി പ്രവര്‍ത്തിക്കും. ഇതില്‍ അതത് വിദ്യാഭ്യാസ ജില്ല ഓഫിസർ (ഡി.ഇ.ഒ)/ ഉപജില്ല വിദ്യാഭ്യാസ ഓഫിസര്‍ (എ.ഇ.ഒ), അഡ്മിനിസ്ട്രേറ്റിവ് അസിസ്റ്റന്റ് എന്നിവർ അംഗമായിരിക്കും. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിന് രണ്ടു ജില്ലകള്‍ക്ക് ഒരു സമിതി പ്രവര്‍ത്തിക്കും. റീജനല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ (ആർ.ഡി.ഡി) കണ്‍വീനറായി മൂന്നംഗസമിതിയുണ്ടാകും.
വി.എച്ച്.എസ്.ഇകള്‍ക്ക് അഡീഷനൽ ഡയറക്ടർ കൺവീനറായി മൂന്നംഗസമിതിയുണ്ടാകും. ഇതിനുപുറമെ, സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനം ഉറപ്പാക്കാനും മേല്‍നോട്ടത്തിനുമായി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ചെയർമാനും അഡീഷനൽ ഡയറക്ടർ (ജനറൽ) കണ്‍വീനറുമായി എട്ടംഗസമിതിയും രൂപവത്കരിച്ചു. പൊതുവിദ്യാഭ്യാസം, സാമൂഹികനീതി വകുപ്പുകളിലെ പ്രതിനിധികള്‍ ഉള്‍പ്പെട്ടതാണ് ഈ സമിതി. ജില്ലതലങ്ങളിലെ നിയമനങ്ങള്‍ സംബന്ധിച്ച പരാതികള്‍ ഈ സമിതി പരിഗണിക്കും. ഭിന്നശേഷി നിയമനത്തിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ നല്കുന്നതിനു പുറമെ, നിയമന പുരോഗതിയെക്കുറിച്ച് സര്‍ക്കാറിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. നയപരമായ തീരുമാനങ്ങള്‍ കൈക്കൊള്ളേണ്ട വിഷയങ്ങളില്‍ തുടര്‍നടപടികളും ശിപാര്‍ശ ചെയ്യണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.