തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ എൽ.പി വിഭാഗത്തിൽ പഠിക്കുന്ന കുട്ടികൾക്കായി ഹെൽത്തി കിഡ്സ് പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി. ഇതിനായി തയാറാക്കിയ രണ്ടു പുസ്തകങ്ങളുടെ പ്രകാശനം എസ്.സി.ഇ.ആർ.ടി ഡയറക്ടർ ഡോ.ആർ.കെ ജയപ്രകാശിന് നൽകി മന്ത്രി നിർവഹിച്ചു.
എസ്.സി.ഇ.ആർ.ടി വികസിപ്പിച്ചെടുത്ത പദ്ധതിക്ക് സംസ്ഥാന കരിക്കുലം കമ്മിറ്റി അംഗീകാരം നൽകിയിട്ടുണ്ട്. എൽ.പി വിഭാഗത്തിലെ കുട്ടികൾക്ക് നിലവിലെ ടൈംടേബിൾ പ്രകാരം ആഴ്ചയിൽ ആരോഗ്യ കായിക വിദ്യാഭ്യാസത്തിന് മൂന്ന് പീരിയഡുകളാണ് അനുവദിച്ചിട്ടുള്ളത്. പദ്ധതി നടപ്പാക്കുമ്പോൾ എൽ.പി വിഭാഗത്തിലെ അധ്യാപകർക്ക് പൊതുവിദ്യാഭ്യാസ വകുപ്പിലെ കായികാധ്യാപകരുടെയും, മറ്റു വിദഗ്ധരുടെയും നേതൃത്വത്തിൽ പരിശീലനം നൽകും. എൽ.പി വിഭാഗത്തിലെ എല്ലാ അധ്യാപകർക്കും രണ്ടുമാസംകൊണ്ട് പരിശീലനം പൂർത്തീകരിക്കും. പരിശീലനം ലഭിച്ച അധ്യാപകരുടെ നേതൃത്വത്തിൽ ഹെൽത്തി കിഡ്സ് പദ്ധതി സംസ്ഥാന വ്യാപകമായി നടപ്പാക്കും.
പഠനപ്രവർത്തനങ്ങളിൽ പ്രയാസം നേരിടുന്ന വിദ്യാർഥികളെ കണ്ടെത്തി പിന്തുണ നൽകുന്നതിന് അഞ്ചു മുതൽ 12 വരെ ക്ലാസുകളിൽ കുട്ടികൾക്കായി ഹെൽപിങ് ഹാൻഡ് എന്ന പേരിൽ എസ്.എസ്.കെയുടെ നേതൃത്വത്തിൽ പഠനപോഷണ പരിപാടിയും നടപ്പാക്കും. 14 ജില്ലകളിലും ഓരോ മോഡൽ ഓട്ടിസം കോംപ്ലക്സ് ആരംഭിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഓരോ മോഡൽ ഓട്ടിസം കോംപ്ലക്സും സജ്ജീകരിക്കുന്നതിന് 2.7 കോടി രൂപ വീതം ആകെ 37.8 കോടി രൂപ ചെലവഴിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.