കൊച്ചി: സ്കൂളുകളിൽ 220 അധ്യയനദിവസങ്ങൾ ഉറപ്പാക്കാൻ 25 ശനിയാഴ്ചകൾ പ്രവൃത്തിദിനമാക്കിയ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ് ഹൈകോടതി റദ്ദാക്കി. വിദ്യാഭ്യാസ അവകാശ നിയമത്തിലെ വ്യവസ്ഥകൾ, വിദ്യാർഥികളുടെ മാനസികാവസ്ഥ, അവരുടെ അക്കാദമികേതര പ്രവർത്തനങ്ങൾ എന്നിവ പരിഗണിക്കാതെയും ബന്ധപ്പെട്ടവരെ കേൾക്കാതെയുമാണ് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നടപടിയെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് എ.എ. സിയാദ് റഹ്മാന്‍റെ ഉത്തരവ്. നയപരമായും കീഴ്വഴക്കമായും കാലങ്ങളായി പിന്തുടരുന്ന ഒരു സംവിധാനം മാറ്റുന്ന ഇത്തരമൊരു ഉത്തരവ് സർക്കാരിനല്ലാതെ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് പുറപ്പെടുവിക്കാനാവില്ലെന്നും കോടതി വിലയിരുത്തി.
ശനിയാഴ്ച പ്രവൃത്തിദിനമാക്കിയതിനെതിരെ കെ.പി.എസ്.ടി.എ, കെ.എസ്.ടി.യു, കെ.എ.ടി.എഫ്, പ്രൈവറ്റ് ഗ്രാജ്വേറ്റ് ടീച്ചേഴ്സ് അസോസിയേഷൻ കേരള തുടങ്ങിയ സംഘടനകളും ഒരുകൂട്ടം വിദ്യാർഥികളും അധ്യാപകരും രക്ഷാകർത്താക്കളും സമർപ്പിച്ച ഹരജികളാണ് കോടതി പരിഗണിച്ചത്. കേന്ദ്ര വിദ്യാഭ്യാസ അവകാശനിയമത്തിൽ ഒന്നുമുതൽ അഞ്ചുവരെ ക്ലാസുകാർക്ക് 200 പ്രവൃത്തിദിനമെന്നും ആറുമുതൽ എട്ടുവരെ ക്ലാസുകാർക്ക് 220 പ്രവൃത്തിദിനമെന്നുമാണ് പറയുന്നത്. പഠനസമയം യഥാക്രമം 800, 1000 മണിക്കൂർ വീതമാണ്. എന്നാൽ, എല്ലാ വിദ്യാർഥികൾക്കും 220 പ്രവൃത്തിദിനം തന്നെയാക്കിയാണ് ഉത്തരവിട്ടത്. എൻ.സി.സി, എൻ.എസ്.എസ് പോലുള്ള അക്കാദമിക് ഇതര പ്രവർത്തനങ്ങൾക്ക് വിദ്യാർഥികൾക്ക് അവസരം ലഭിക്കാത്ത അവസ്ഥയുണ്ട്. പകരം സംവിധാനം നിർദേശിച്ചിട്ടുമില്ലെന്നും ഹരജിക്കാർ ആരോപിച്ചിരുന്നു.
എന്നാൽ, ശനിയാഴ്ചകളിൽ അവധിയായി കണക്കാക്കണമെന്ന് കേരള വിദ്യാഭ്യാസ ചട്ടത്തിൽ (കെ.ഇ.ആർ) നിയമമില്ലെന്നായിരുന്നു സർക്കാർ വാദം. എല്ലാ ശനിയാഴ്ചയും അധ്യയന ദിവസമാക്കിയിട്ടില്ലെന്നും ആഴ്ചയിൽ ആറുദിവസം അധ്യയനദിവസം വരാത്ത രീതിയിലാണ് ശനിയാഴ്ച ക്ലാസുകൾ നിശ്ചയിച്ചിട്ടുള്ളതെന്നും വ്യക്തമാക്കി. എന്നാൽ, കെ.ഇ.ആറിൽ പറയുന്നില്ലെങ്കിലും ശനിയാഴ്ച അവധിയെന്നത് പതിറ്റാണ്ടുകളായുള്ള കീഴ്വഴക്കമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ആഴ്ചയിൽ അഞ്ചുദിവസം അധ്യയനമെന്ന രീതിയാണ് കേരളത്തിലേത്. ഒഴിവാക്കാനാവാത്ത സന്ദർഭങ്ങളിലൊഴികെ ശനിയാഴ്ചകൾ അവധിയാണ്. ശനിക്ക് പകരം വെള്ളിയാഴ്ച അവധിയാക്കുന്ന സ്കൂളുകൾക്ക് ശനിയാഴ്ച പ്രവൃത്തിദിവസം ബുദ്ധിമുട്ടുണ്ടാക്കും.
വിദ്യാഭ്യാസ അവകാശ നിയമത്തിനനുസൃതമായി രണ്ട് വിഭാഗമായി പരിഗണിച്ച് വേണമായിരുന്നു ഉത്തരവിടാൻ. കേന്ദ്ര നിയമ പ്രകാരം അധ്യയനസമയം ക്രമീകരിക്കാനാവുമോയെന്ന സാധ്യതയും ആരാഞ്ഞിട്ടില്ല. അതിനാൽ ശരിയായ നിയമപ്രക്രിയയിലൂടെയാണ് അധ്യയന ദിവസം നിശ്ചയിച്ചതെന്ന് കരുതാനാവില്ല -കോടതി പറഞ്ഞു.
തുടർന്നാണ് അധ്യയന ദിവസങ്ങൾ വർധിപ്പിക്കുന്ന കാര്യത്തിൽ കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമത്തിന്‍റെ അടിസ്ഥാനത്തിൽ ബന്ധപ്പെട്ടവരെ കേട്ടശേഷം സർക്കാർ വീണ്ടും തീരുമാനമെടുക്കണമെന്ന് കോടതി നിർദേശിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.