കൊല്ലം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ ഈ മാസം അവസാനത്തോടെ 42 ടിങ്കറിങ് ലാബുകള്‍ സജ്ജീകരിക്കുമെന്ന് മന്ത്രി വി. ശിവന്‍കുട്ടി. ചവറ കൊറ്റന്‍കുളങ്ങര വൊക്കേഷനല്‍ ഹയര്‍ സെക്കൻഡറി സ്‌കൂളില്‍ ജില്ലയിലെ ആദ്യ ടിങ്കറിങ് ലാബ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അഞ്ച് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികളില്‍ ശാസ്ത്ര അഭിരുചിയുണ്ടാക്കാനും പഠനം ക്രിയാത്മകവും ആസ്വാദ്യകരവുമാക്കാനുമുള്ള അതിനൂതന ശാസ്ത്ര-സാങ്കേതിക സംരംഭമാണ് ഇത്തരം ലാബുകള്‍. സമഗ്രശിക്ഷ കേരള വഴി അനുവദിച്ച 10 ലക്ഷം രൂപ സജ്ജീകരിക്കാനായി ചെലവിടും. പുത്തൂര്‍-എരൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലും സംവിധാനം ഏര്‍പ്പെടുത്തും.
പൊതുവിദ്യാഭ്യാസ മേഖലയിലെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്ന വിദ്യാകിരണം പദ്ധതി കൂടുതല്‍ ജനകീയമാക്കും. വരുന്ന അധ്യയനവര്‍ഷം മുതല്‍ സ്‌കൂള്‍ ശാസ്ത്രമേള പുനരാരംഭിക്കും. 'വായനയുടെ വസന്തം' പദ്ധതിയിലൂടെ 10 കോടി രൂപയുടെ പുസ്തകങ്ങള്‍ നല്‍കി പൊതുവിദ്യാലയങ്ങളിലെ ലൈബ്രറികള്‍ വിപുലീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
ഡോ. സുജിത്ത് വിജയന്‍പിള്ള എം.എല്‍.എ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് സന്തോഷ് തുപ്പാശ്ശേരി, ജില്ല പഞ്ചായത്തംഗം സി.പി. സുധീഷ് കുമാര്‍, ചവറ പഞ്ചായത്ത് പ്രസിഡന്‍റ് എസ്. തുളസീധരന്‍ പിള്ള, ബ്ലോക്ക് പഞ്ചായത്തംഗം സി. രതീഷ്, പഞ്ചായത്തംഗം ഐ. ജയലക്ഷ്മി, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഹ്യൂബര്‍ട്ട് ആന്‍റണി, സമഗ്രശിക്ഷ കേരള എസ്.പി.ഒ.എ കെ. സുരേഷ് കുമാര്‍, ഹെഡ്മാസ്റ്റര്‍ ബി. ബിനു, പി.ടി.എ പ്രസിഡന്‍റ് എസ്. കൃഷ്ണകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ടിങ്കറിങ് ലാബ്
അത്യാധുനിക ശാസ്ത്ര-സാങ്കേതിക മേഖലയിലേക്ക് കുട്ടികൾക്ക് ലഭിക്കുന്ന വാതിലാണ് ടിങ്കറിങ് ലാബ്. നിർമിതബുദ്ധി, നൂതന സാങ്കേതിക വിദ്യ എന്നിവയുടെ പരിചയവും പ്രയോഗവും സാധ്യമാകുന്ന ലാബില്‍ റോബോട്ടിക്‌സ്, കോഡിങ്, സെന്‍സര്‍ ടെക്‌നോളജി എന്നീ സംവിധാനങ്ങളും സ്വയം പ്രവര്‍ത്തിച്ച് പഠിക്കാവുന്ന ഉപകരണങ്ങളുടെ കിറ്റ്, ത്രീഡി പ്രിന്‍റര്‍ എന്നിവയുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.