അഹമ്മദാബാദ്: ഇന്ത്യയിലെ ബിരുദ യോഗ്യതക്ക് ആസ്ട്രേലിയയിൽ അംഗീകാരം നൽകുമെന്ന് പ്രധാനമന്ത്രി ആന്തണി ആൽബനീസ്. വിദ്യാഭ്യാസ യോഗ്യതകൾ അംഗീകരിക്കുന്നത് സംബന്ധിച്ച് ഇരു രാജ്യങ്ങളും തമ്മിൽ അന്തിമ ധാരണയായി. ആസ്ട്രേലിയയിലെ ഡീകിൻ സർവകലാശാലയുടെ ഇന്‍റർനാഷണൽ ബ്രാഞ്ച് ക്യാമ്പസ് ഗുജറാത്ത് ഗാന്ധിനഗറിലെ ഗിഫ്റ്റ് സിറ്റിയിൽ സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിൽ നാല് ദിന സന്ദർശനത്തിനെത്തിയതാണ് ആസ്ട്രേലിയൻ പ്രധാനമന്ത്രി.
ഉഭയകക്ഷി വിദ്യാഭ്യാസ ബന്ധത്തിൽ നിർണായക തീരുമാനങ്ങളുണ്ടായെന്ന് ആൽബനീസ് പറഞ്ഞു. ആസ്ട്രേലിയയിൽ പഠിക്കുന്ന ഇന്ത്യക്കാർക്ക് തിരികെയെത്തുമ്പോൾ തങ്ങളുടെ ബിരുദം കൊണ്ട് ഇന്ത്യയിൽ ഗുണമുണ്ടാകും. അതേപോലെ, ഇന്ത്യയിൽ നിന്ന് നേടിയ ബിരുദത്തിന് ആസ്ട്രേലിയയിലും അംഗീകാരമുണ്ടാകും. അഞ്ച് ലക്ഷത്തിലേറെ ഇന്ത്യക്കാർ ആസ്ട്രേലിയയിൽ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
ആസ്ട്രേലിയയിൽ പഠിക്കാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ വിദ്യാർഥികൾക്ക് പ്രത്യേക സ്കോളർഷിപ്പിന്‍റെ പ്രഖ്യാപനവും നടത്തി. മൈത്രി എന്ന് പേരിട്ട സ്കോളർഷിപ് ആസ്ട്രേലിയയിൽ പഠിക്കുന്ന ഇന്ത്യൻ വിദ്യാർഥികൾക്ക് നാലു വർഷം ലഭ്യമാകും. ഇന്ത്യയും ആസ്ട്രേലിയയും തമ്മിലുള്ള സാംസ്കാരിക-വിദ്യാഭ്യാസ-സാമൂഹിക ബന്ധത്തെ മെച്ചപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് പദ്ധതികൾ -ആന്തണി ആൽബനീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.