ഷാർജ: ലോകത്തിന്‍റെ മുക്കിലും മൂലയിലുമുള്ള വിദ്യാഭ്യാസ സാധ്യതകളെ കുറിച്ചറിയാൻ താൽപര്യമുണ്ടോ? എങ്കിൽ, ഒക്ടോബർ 19 മുതൽ 22 വരെ ഷാർജ എക്സ്പോ സെന്‍ററിൽ നടക്കുന്ന ഇന്‍റർനാഷനൽ എജുക്കേഷൻ ഷോയിലേക്ക് നിങ്ങൾക്കും സ്വാഗതം. പതിനായിരക്കണക്കിന് വിദ്യാർഥികൾ ഒഴുകിയെത്തിയ മുൻ സീസണുകളുടെ വിജയമാണ് 18ാം സീസണുമായി വീണ്ടും വരാൻ സംഘാടകർക്ക് ആത്മവിശ്വാസമേകുന്നത്. 'ഗൾഫ് മാധ്യമം' എജുകഫെയുടെ എട്ടാം സീസൺ ഇത്തവണ അരങ്ങേറുന്നതും അന്താരാഷ്ട്ര വിദ്യാഭ്യാസ പ്രദർശനത്തിനൊപ്പമാണ്. പതിനായിരക്കണക്കിന് വിദ്യാർഥികൾ പങ്കെടുക്കുന്ന എജുകഫെയും എജുക്കേഷൻ ഷോയും ഒരു കുടക്കീഴിൽ എത്തുന്നതോടെ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കും പുതിയ സാധ്യതകളെ കുറിച്ച് പഠിക്കാനുള്ള വലിയ വേദിയാണ് ഒരുങ്ങുന്നത്. ഷോയിലെ ഇന്ത്യൻ പവിലിയന്‍റെ ചുമതലയും ഗൾഫ് മാധ്യമത്തിനാണ്. അന്താരാഷ്ട്ര വിദ്യാഭ്യാസ പ്രദർശനത്തിലെ ഏക ഇന്ത്യൻ മാധ്യമ സാന്നിധ്യമായ ഗൾഫ് മാധ്യമമാണ് മേളയുടെ മീഡിയ പാർട്ണർ.
കഴിഞ്ഞ വർഷം നടന്ന 17ാമത് വിദ്യാഭ്യാസ പ്രദർശനത്തിൽ 20 രാജ്യങ്ങളിലെ 75ഓളം എക്സിബിറ്റർമാർ എത്തിയിരുന്നു. 18000ത്തോളം സന്ദർശകരാണ് ഷാർജ എക്സ്പോ സെന്‍ററിൽ എത്തിയത്. ഇത്തവണ 'ഗൾഫ് മാധ്യമ'വുംകൂടി ചേരുന്നതോടെ സന്ദർശകരുടെ എണ്ണത്തിൽ ഗണ്യമായ വർധനയുണ്ടാകും. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലെ യൂനിവേഴ്സിറ്റികൾ, കോളജുകൾ, ഹൈ സ്കൂളുകൾ, മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കരിയർ ഗൈഡൻസ് സെന്‍ററുകൾ, ഡിസ്റ്റൻസ് ലേണിങ് ഇൻസ്റ്റിറ്റ്യൂട്ട്സ്, ഇമിഗ്രേഷൻ കൺസൽട്ടന്‍റുകൾ തുടങ്ങിയവരെല്ലാം വിദ്യാഭ്യാസ പ്രദർശനത്തിന്റെ ഭാഗമായുണ്ടാകും. യു.എ.ഇയിലെ ഏറ്റവും വലിയ വിദ്യാഭ്യാസ പ്രദർശനങ്ങളിലൊന്നാണിത്. ഭാവിയിൽ എന്ത് പഠിക്കും എന്നാലോചിക്കുന്ന വിദ്യാർഥികൾക്കും മക്കളുടെ ഭാവിയെ കുറിച്ച് ആശങ്കപ്പെടുന്ന രക്ഷിതാക്കൾക്കും പുതിയ പഠനരീതികൾ പരീക്ഷിക്കാൻ ആഗ്രഹിക്കുന്ന അധ്യാപകർക്കും സ്കൂളുകളുടെ ലെവൽ ഉയർത്താൻ താൽപര്യമുള്ള മാനേജ്മെന്റുകൾക്കും പുതുപരീക്ഷണങ്ങൾക്ക് മുതിരുന്ന പ്രിൻസിപ്പൽമാർക്കുമെല്ലാം വഴികാട്ടിയായിരിക്കും എജുക്കേഷൻ ഫെസ്റ്റ്. വിദേശരാജ്യങ്ങളിലെ കോഴ്സുകളെ കുറിച്ച് നേരിട്ടറിയാൻ ഇവിടെ എത്തിയാൽ മതി.
ഇന്ത്യയിൽനിന്ന് നിരവധി കുട്ടികൾ യു.എ.ഇ, യു.കെ, യു.എസ് തുടങ്ങിയ രാജ്യങ്ങളിലേക്ക് പഠനത്തിനായി ചേക്കേറുന്ന സമയമാണിത്. അവർക്ക് വഴികാട്ടിയായിരിക്കും അന്താരാഷ്ട്ര എജുക്കേഷൻ ഷോ. വിദേശത്തെ ജോലിസാധ്യതകളെ കുറിച്ചും ഇവിടെ അറിയാം. ഗ്രാജ്വേഷൻ, പോസ്റ്റ് ഗ്രാജ്വേഷൻ, വൊക്കേഷനൽ കോഴ്സ്, ടെക്നിക്കൽ കോഴ്സ്, മെഡിക്കൽ വിദ്യാഭ്യാസം, സിവിൽ ഏവിയേഷൻ തുടങ്ങിയവയുടെ സാധ്യതകളെ കുറിച്ചുള്ള സംശയങ്ങൾ നേരിൽ ചോദിച്ചറിയാം. ലോകപ്രശസ്തരായ വിദ്യാഭ്യാസ വിദഗ്ധരും ഈ ദിനങ്ങളിൽ ഇവിടെയെത്തും. ഏത് കോഴ്സ് പഠിക്കണം, എവിടെ പഠിക്കണം, ചെലവ് എത്ര, അഡ്മിഷൻ എങ്ങനെ, ജോലിസാധ്യതകൾ എത്രത്തോളം, വിസ നടപടികൾ, ഹോസ്റ്റൽ സൗകര്യം തുടങ്ങിയ സകല വിവരങ്ങളും ഇവിടെ ലഭ്യമാണ്. 19, 20 തീയതികളിൽ രാവിലെ ഒമ്പത് മുതൽ വൈകീട്ട് മൂന്നുവരെയും 21, 22 തീയതികളിൽ വൈകുന്നേരം മൂന്ന് മുതൽ രാത്രി ഒമ്പത് വരെയുമായിരിക്കും പ്രദർശനം. എൻട്രിയും പാർക്കിങ് ഫീസും സൗജന്യമാണ്.
പ്രദർശനത്തിന്റെ ഭാഗമായി നടക്കുന്ന ഗൾഫ് മാധ്യമം എജുകഫെയിൽ പങ്കെടുക്കാൻ www.myeducafe.com എന്ന വെബ്സൈറ്റ് വഴി രജിസ്റ്റർ ചെയ്യാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.